ഫീസ് വര്‍ഷത്തില്‍ വെറും രണ്ടുരൂപ മാത്രം; ഈ അധ്യാപകന്‍ വ്യത്യസ്തനാണ്...

By Web TeamFirst Published Sep 20, 2019, 3:53 PM IST
Highlights

അതിനിടയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നതും ക്ലാസ് എടുക്കാമോ എന്ന് ചോദിക്കുന്നതും. അദ്ദേഹം ഞെട്ടിപ്പോയി. കാരണം, 20 കിലോമീറ്റര്‍ ദൂരെനിന്നാണ് ആ പെണ്‍കുട്ടികളെത്തുന്നത്. 

76 -കാരനായ സുജിത് ചതോപാധ്യായ് തികച്ചും വ്യത്യസ്തനായ ഒരു അധ്യാപകനാണ്. വര്‍ഷത്തില്‍ വെറും രണ്ട് രൂപ മാത്രം ഫീസ് വാങ്ങി അദ്ദേഹം പഠിപ്പിക്കുന്നത് 350 -ലേറെ കുട്ടികളെയാണ്. അതില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളാണ്.

വെസ്റ്റ് ബംഗാളിലെ ഓസ്ഗ്രാമിലുള്ള തന്‍റെ വീട് തന്നെയാണ് 2004 മുതല്‍ അദ്ദേഹം പഠിപ്പിക്കുന്ന വിദ്യാലയവും. അതുവരെ ഒരു വിദ്യാലയത്തിലെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. സ്കൂളുകളും കോളേജുകളുമൊന്നും അധികമില്ലാത്ത ഒരിടമാണ് ഈ അധ്യാപകന്‍റെ പരിസരപ്രദേശം. അടുത്ത കോളേജ് 32 കിലോമീറ്റര്‍ അകലെയാണ്. അദ്ദേഹം പഠിപ്പിക്കുന്ന മിക്ക കുട്ടികളും ബോര്‍ഡ് പരീക്ഷകളില്‍ നല്ല റാങ്ക് കരസ്ഥമാക്കിയവരാണ്. 

അവധി ദിവസങ്ങളില്‍ രാവിലെ ആറ് മണിക്ക് തുടങ്ങുന്ന അധ്യാപനം മിക്കപ്പോഴും വൈകുന്നേരം ആറ് മണി വരെയൊക്കെ നീളും. വിഷയത്തിനുമപ്പുറം പരിസ്ഥിതിയെക്കുറിച്ചും മറ്റും കൂടി അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു. അറ്റന്‍ഡന്‍സ് രജിസ്റ്ററും രക്ഷിതാക്കളുടെ യോഗവും എല്ലാം ഇവിടെയുണ്ട്. ആദ്യം ഒരു സ്കൂളിനായി അന്വേഷിച്ചിരുന്നുവെങ്കിലും എന്തുകൊണ്ട് തന്‍റെ വീട് തന്നെയായിക്കൂടാ ആ വിദ്യാലയം എന്ന് തോന്നുകയായിരുന്നുവെന്ന് സുജിത് ചതോപാധ്യായുടെ മരുമകന്‍ ഉത്സവ് പറയുന്നു. ഉത്സവാണ് ചതോപാധ്യായെ അധ്യാപനത്തില്‍ സഹായിക്കുന്നത്. 

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് സമയമുണ്ട്. എവിടേയും പോകാനില്ല ഒന്നും ചെയ്യാനില്ല. അതിനിടയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നതും ക്ലാസ് എടുക്കാമോ എന്ന് ചോദിക്കുന്നതും. അദ്ദേഹം ഞെട്ടിപ്പോയി. കാരണം, 20 കിലോമീറ്റര്‍ ദൂരെനിന്നാണ് ആ പെണ്‍കുട്ടികളെത്തുന്നത്. അങ്ങനെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. Sadai Fakirer Pathshala പ്രവര്‍ത്തനം തുടങ്ങുന്നതും അങ്ങനെയാണ്. ഒറ്റ വര്‍ഷത്തിനുള്ളില്‍ത്തന്നെ മൂന്ന് കുട്ടികളെന്നുള്ളത് 350 കുട്ടികളായി. ഓരോരുത്തരും പറഞ്ഞുകേട്ടാണ് സ്കൂളിലെത്തിയത്. അന്നും ഇന്നും രണ്ട് രൂപയാണ് ഫീസ്. പൂര്‍വവിദ്യാര്‍ത്ഥികളും ചിലപ്പോഴൊക്കെ എത്തി ഇവിടെ ക്ലാസെടുക്കുന്നു. 

പല വിദ്യാര്‍ത്ഥികളും വരുന്നത് വളരെ മോശം സാമ്പത്തികാവസ്ഥയുള്ള വീട്ടില്‍ നിന്നാണ്. പല കുടുംബത്തിലും ആദ്യമായി സ്കൂളിലെത്തുന്നത് പോലും ഈ കുട്ടികളാണ്. പലര്‍ക്കും ഒരു നല്ല സ്കൂളിലെത്താനുള്ള വണ്ടിക്കൂലിക്ക് പോലും കാശുണ്ടാകില്ല. അതുകൊണ്ടാണ് താന്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആ രണ്ട് രൂപ ഫീസ് അവര്‍ അവരുടെ ഗുരുവിന് നല്‍കുന്ന ബഹുമാനമാണെന്നും അദ്ദേഹം പറയുന്നു. 

ആ നാട്ടില്‍ നല്ല വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍മ്മിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്നും കാണിച്ച് നിരവധി നിവേദനങ്ങളാണ് ചതോപാധ്യായ് സര്‍ക്കാരിന് അയച്ചിരിക്കുന്നത്. പക്ഷേ, ഒരു നടപടിയുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളില്‍ തന്നെ 40-45 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വരുന്നവരുണ്ട്. ആ വിദ്യാര്‍ത്ഥികളോടുള്ള ആത്മാര്‍ത്ഥയാണ് അദ്ദേഹത്തെ പ്രിയപ്പെട്ട അധ്യാപകനായി നിലനിര്‍ത്തിയിരിക്കുന്നതും. 

click me!