
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം ലോകത്തെ മാറ്റിമറിക്കുമ്പോൾ, അത് പുതിയൊരു സമ്പന്ന വർഗത്തെയും സൃഷ്ടിച്ചിരിക്കുകയാണ്. ഈ മാറ്റം യുവാക്കളുടെ ഇടയിൽ പണത്തെക്കുറിച്ചും വിവാഹബന്ധങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് ഉദാഹരണമായി ലോകപ്രശസ്ത എഐ കമ്പനിയായ ഓപ്പൺ എഐയിലെ (OpenAI) ഒരു ഇന്ത്യൻ വംശജയായ ജീവനക്കാരിയുടെ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'പ്രീനപ് കരാറി'ല്ലാതെ വിവാഹം കഴിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
എന്താണ് പ്രീനപ്ഷ്യൽ എഗ്രിമെന്റ് അഥവാ പ്രീനപ് കരാർ എന്നല്ലേ? വിവാഹത്തിന് മുമ്പ് ദമ്പതികൾ ഒപ്പിടുന്ന ഒരു നിയമപരമായ കരാറാണിത്. വിവാഹബന്ധം വേർപിരിയുകയോ അല്ലെങ്കിൽ പങ്കാളി മരിക്കുകയോ ചെയ്താൽ സ്വത്തുക്കൾ, കടബാധ്യതകൾ, സാമ്പത്തിക സഹായം എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇതിൽ മുൻകൂട്ടി നിശ്ചയിക്കുന്നു.
ഓപ്പൺ എഐയുടെ സെയിൽസ് ടീമിൽ പ്രവർത്തിക്കുന്ന 31-കാരിയായ ഗുജാരി സിംഗ് ആണ് വാർത്തകളിൽ നിറയുന്നത്. 2023 -ൽ കമ്പനിയിൽ ചേർന്ന ഇവർക്ക് പ്രതിവർഷം 2 ലക്ഷം ഡോളർ മുതൽ 3 ലക്ഷം ഡോളർ വരെയാണ് ശമ്പളം. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഏകദേശം 2.5 കോടി രൂപയിലധികം വരും ഇവരുടെ വാർഷിക വരുമാനം. ശമ്പളത്തിന് പുറമെ കമ്പനിയിൽ ഓഹരി പങ്കാളിത്തവും ഇവർക്കുണ്ട്.
സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് തന്റെ സ്വത്തുക്കൾ സംരക്ഷിക്കാൻ പ്രീനപ് കരാറില്ലാതെ വിവാഹം കഴിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്ന് ഗുജാരി സിംഗ് പറഞ്ഞു. സ്ത്രീകൾക്ക് സാമ്പത്തികമായി സ്വതന്ത്രരാകുക എന്നതും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളിൽ അകപ്പെടാതിരിക്കുക എന്നതും എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തനിക്കറിയാമെന്നും അവർ പറഞ്ഞു.
ദമ്പതികൾക്ക് പ്രീനപ് കരാറുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഹലോ പ്രീനപ് (HelloPrenup) എന്ന സ്റ്റാർട്ടപ്പിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ ലോറൻ ലാവെൻഡർ പറയുന്നത്, ടെക് മേഖലയിൽ ജോലി ചെയ്യുന്നവർക്കിടയിൽ പ്രീനപ് കരാറുകൾ ഇപ്പോൾ സർവ്വസാധാരണമാണെന്നാണ്. പലപ്പോഴും അത്തരമൊരു കരാറിൽ ഏർപ്പെടാത്ത ടെക് ദമ്പതികളെ കാണുന്നതാണ് ഇപ്പോൾ അത്ഭുതമെന്നും അവർ കൂട്ടിച്ചേർത്തു.