
ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നായാണ് പാമ്പുകളെ കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾക്കാണ് പാമ്പുകളുടെ കടിയേറ്റ് ജീവൻ നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ അത്രയേറെ കരുതലോടെ മാത്രമേ പാമ്പുകളുമായി അടുത്തിടപഴകേണ്ട സാഹചര്യങ്ങളിൽ നാം പെരുമാറാറുള്ളൂ.
എന്നാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ വലിയ വിമർശനത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. വീട്ടുകാർ നോക്കി നിൽക്കുമ്പോൾ തന്നെ യാതൊരുവിധത്തിലുള്ള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ ഒരു കുട്ടി പാമ്പിനൊപ്പം കളിക്കുന്നതിന്റെ വീഡിയോയാണ് ഇത്. കുട്ടിയെ പാമ്പിനൊപ്പം കളിക്കാൻ അനുവദിച്ച മാതാപിതാക്കൾക്കെതിരെയാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ഒരേ സ്വരത്തിൽ വിമർശനം ഉയർത്തുന്നത്.
വളരെയധികം നീളമുള്ള ഒരു പാമ്പിനെ ഒരു കൊച്ചു കുട്ടി വാലിൽ പിടിച്ച് വലിച്ചുകൊണ്ട് നടക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. യാതൊരു വിധത്തിലുള്ള ഭയവും കൂടാതെയാണ് പാമ്പിന്റെ വാലിൽ പിടിച്ചുകൊണ്ട് ഈ കുട്ടി വീടിനുള്ളിലൂടെ നടക്കുന്നത്. ഈ സമയം ഇതെല്ലാം കണ്ടുകൊണ്ട് വീടിനുള്ളിൽ നിറയെ ആളുകൾ ഉണ്ട് എന്നതാണ് ഏറെ കൗതുകകരമായ കാര്യം. പക്ഷേ, അവരിൽ ആരും തന്നെ അപകടകരമായ ഈ പ്രവൃത്തി ചെയ്യുന്നതിൽ നിന്നും കുട്ടിയെ പിന്തിരിപ്പിക്കുന്നില്ല.
പൂച്ചക്കുട്ടികളെന്ന് തെറ്റിദ്ധരിച്ച് കുടുംബം കാട്ടിൽ നിന്നും കൊണ്ടുവന്നത് പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ!
പിന്നീട് ആളുകൾ കൂടിയിരിക്കുന്ന ഒരു മുറിയിലേക്ക് കുട്ടി പാമ്പുമായി കടന്നു ചെല്ലുന്നു. അപ്പോൾ അവിടെ ഇരിക്കുന്നവരെല്ലാം ഭയത്തോടെ എഴുന്നേറ്റ് മാറുന്നു. ഇതിനിടയിൽ ഒരാൾ വന്ന് കുട്ടിയുടെ കയ്യിൽ പിടിച്ച് ആ മുറിയിൽ നിന്നും വലിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നു. ഇതിനിടയിൽ കുട്ടി അറിയാതെ പാമ്പിന്റെ തലയിൽ കയറി ചവിട്ടുന്നതും കാണാം. ഭാഗ്യവശാൽ പാമ്പ് അപകടകരമായ രീതിയിൽ പ്രതികരിക്കുന്നില്ല എന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.
ഏതായാലും ഇത്തരത്തിൽ ഒരു അപകടകരമായ കാര്യം ചെയ്യാൻ കുട്ടിയെ അനുവദിച്ച മാതാപിതാക്കൾക്കും ബന്ധുക്കൾക്കും എതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞത്.