'ഞങ്ങളുടെ അച്ഛനമ്മമാരെ തട്ടിയെടുത്ത് ക്യാമ്പിലടച്ചത് ചൈനയാണ്', ടർക്കിയിലെ ഉയിഗുർ അഭയാർത്ഥിക്കുഞ്ഞുങ്ങളുടെ സങ്കടം

By Web TeamFirst Published Jan 1, 2020, 7:08 PM IST
Highlights

"ഇത്തിരി വൈകിയാലും അച്ഛൻ തിരിച്ചു വരുമെന്നുതന്നെയാണ് ഓരോ ദിവസവും ഞാൻ വിചാരിച്ചിരുന്നത് കേട്ടോ! എന്തോ.. പിന്നെ വന്നതേയില്ല അച്ഛൻ, മൂന്നു ദിവസത്തിനകം വരുമെന്ന് പറഞ്ഞു പോയിട്ടിപ്പോൾ കൊല്ലം മൂന്നാകുന്നു" ഗദ്ഗദം ഉള്ളിലടക്കിക്കൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു. 

ഇസ്താംബുളിന്റെ വിദൂര പ്രാന്തങ്ങളിലായി ഉയിഗുറുകൾക്കായി നടത്തപെടുന്ന ചില സ്‌കൂളുകളുണ്ട്. അവിടെ ഉയിഗുർ കുട്ടികൾക്ക് തങ്ങളുടെ ഭാഷയും സംസ്കാരവുമെല്ലാം അഭ്യസിക്കാനുള്ള സൗകര്യമുണ്ട്. ജന്മനാട്ടിൽ, അതായത് ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ അവർക്ക് അതിന് ഒരിക്കലും സാധിക്കില്ല. ഇവിടെ അതിനു സൗകര്യം കിട്ടുന്നുണ്ടെങ്കിൽ കൂടി, ഈ സ്‌കൂളുകൾ അവർക്ക്  അനാഥാലയത്തിൽ കുറഞ്ഞൊന്നുമല്ല. 

അവരിൽ പലരും സകുടുംബം ചൈനയിൽ നിന്ന് പലായനം ചെയ്ത് ടർക്കിയിലെത്തി അവിടെ സ്ഥിരതാമസമാക്കിയ അഭയാർത്ഥികളായിരുന്നു. പുതിയ നാടിനോട് ആ കുഞ്ഞുങ്ങൾ എളുപ്പത്തിൽ പരിചയിച്ചു കഴിഞ്ഞിരുന്നു.  എന്നാൽ, അവരുടെ അച്ഛനമ്മമാർക്ക് തങ്ങളുടെ പിറന്ന നാടിനോടുള്ള ബന്ധം അത്ര എളുപ്പം പറിച്ചെറിയാവുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട്, സാഹചര്യങ്ങൾ ഇന്നത്തെയത്ര വഷളായിക്കഴിഞ്ഞിട്ടില്ലാത്ത അന്നാളുകളിൽ അവർ ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോൾ സിൻജിയാങ് സന്ദർശികുമായിരുന്നു. ജന്മനാടിനോടുള്ള ഗൃഹാതുരത്വത്തിന്റെ അവർ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. കാരണം, അവരിൽ പലർക്കും പിന്നീടിതുവരെ തങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക്, ടർക്കിയിലേക്ക് തിരിച്ചുവരാനായിട്ടില്ല. അവരെ ചൈനീസ് സർക്കാർ നടത്തുന്ന പുനർവിദ്യാഭാസ(റീ-എജുക്കേഷൻ)ക്യാമ്പുകളിൽ അടച്ചിരിക്കുകയാണ്.  ഒരു ഫോൺകോൾ പോലും വിളിക്കാനുള്ള അവകാശമില്ലാത്ത കോൺസൻട്രേഷൻ ക്യാമ്പുകൾ തന്നെയാണവ. 

ഇസ്താംബുളിലെ, ഏകദേശം നൂറോളം ഉയിഗുർ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ 26 കുട്ടികൾക്ക് അച്ഛനോ അമ്മയോ ആരെങ്കിലുമൊരാളെ ക്യാമ്പുകാർ പിടിച്ചുകൊണ്ടു പോയിരിക്കുകയാണ്. ഏഴുപേർക്ക് അച്ഛനമ്മമാരെ രണ്ടു പേരെയും നഷ്ടമായിട്ടുണ്ട്. ഏഴുവയസ്സുകാരി ഫാത്തിമയ്ക്ക് അവളുടെ ജന്മനാടിനെപ്പറ്റിയുള്ള ഓർമ്മകളൊക്കെ മനസ്സിൽ നിന്ന് പടിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കാണാതെയായിട്ട് ഏറെക്കാലമായ സ്ഥിതിക്ക് അച്ഛന്റെ മുഖം പോലും ആ കുഞ്ഞു മനസ്സിൽ നിന്ന് മാഞ്ഞുതുടങ്ങി. ഒന്ന് നാട്ടിൽ പോയിട്ട് പെട്ടെന്ന് വരാമെന്ന് ഫാത്തിമയ്ക്ക് വാക്കുകൊടുത്ത് പോയതാണ് അവളുടെ അച്ഛൻ. അച്ഛന് അങ്ങ് നാട്ടിൽ, സിൻജിയാങ്ങിലും ചില്ലറ ബിസിനസുകളൊക്കെ ഉണ്ടായിരുന്നു. എന്നാണെങ്കിൽ ഈ റീ എജുക്കേഷൻ ക്യാമ്പ് എന്നൊന്നും അങ്ങനെ ആരും പറഞ്ഞു കേട്ട് തുടങ്ങിയിട്ടുമില്ലായിരുന്നു. അതുകൊണ്ടുതന്നെ, അച്ഛൻ തനിക്ക് പോവാൻ നേരം വാക്കുതന്നപോലെ മൂന്നു ദിവസത്തിനകം തന്നെ തിരികെവരുമെന്നു കരുതി അവൾ കാത്തുകാത്തിരുന്നു. " പിന്നെ അച്ഛൻ വന്നില്ല.." അവൾ പറഞ്ഞു. " വന്നതേയില്ല..! " പറഞ്ഞു തീർന്നപ്പോൾ പാവം ഫാത്തിമയുടെ കവിളിലൂടെ കണ്ണുനീർ ചാലുകീറിയൊഴുകി. "ഇത്തിരി വൈകിയാലും അച്ഛൻ തിരിച്ചു വരുമെന്നുതന്നെയാണ് ഓരോ ദിവസവും ഞാൻ വിചാരിച്ചിരുന്നത് കേട്ടോ! എന്തോ.. പിന്നെ വന്നതേയില്ല അച്ഛൻ, മൂന്നു ദിവസത്തിനകം വരുമെന്ന് പറഞ്ഞു പോയിട്ടിപ്പോൾ കൊല്ലം മൂന്നാകുന്നു" ഗദ്ഗദം ഉള്ളിലടക്കിക്കൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു. 

പലായനം ചെയ്തവരിൽ ആക്ടിവിസ്റ്റുകളായിട്ടുള്ളവർ നാട്ടിൽ രഹസ്യമായി ചൈനീസ് സർക്കാർ നടത്തുന്ന അഞ്ഞൂറോളം റീ-എജുക്കേഷൻ ക്യാംപുകളുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. കൃത്യമായ തെളിവുകൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ ക്യാമ്പുകളിലായി പത്തുലക്ഷം പേരെങ്കിലും ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്. 2017 -ൽ ആദ്യമായി ഇങ്ങനെ ക്യാമ്പുകൾ ഉണ്ട് എന്നുള്ള വാർത്ത പുറത്തുവന്നപ്പോൾ ചൈനീസ് ഗവണ്മെന്റ് ആ വാർത്ത ശക്തിയുക്തം നിഷേധിച്ചിരുന്നു. പിന്നീട് തുടക്കത്തിലേ നിലപാടിന് വിരുദ്ധമായി ആ ക്യാമ്പുകൾക്കുള്ളിൽ ചെന്നുകൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്യുകയുണ്ടായി. അതോടെ, അങ്ങനെ ഒരു ക്യാമ്പേ ഇല്ലെന്നുള്ള സർക്കാർ നിലപാട് മയപ്പെട്ടു. അത് ആത്മാർത്ഥമായ താത്പര്യം കൊണ്ട് ചൈനീസ് സംസ്കാരവും, മാൻഡാരിൻ ഭാഷയുമെല്ലാം പഠിക്കാൻ മുന്നോട്ടുവന്ന ഉയിഗുർ വംശജർക്ക് അതിന് വേണ്ട സൗകര്യങ്ങൾ നൽകുന്ന ഇടങ്ങൾ മാത്രമാണ് എന്നായി പിന്നീടുള്ള വിശദീകരണം. എന്നാൽ, ഇവിടം തികച്ചും തുറുങ്കുകൾ പോലെയാണ് നടത്തപ്പെടുന്നത് എന്നും, ശാരീരികവും, മാനസികവും, ലൈംഗികവുമായ പീഡനങ്ങൾ ഇവിടെ നടക്കുന്നുണ്ട് എന്നും പലരും റിപ്പോർട്ട് ചെയ്തിരുന്നു. അത് ഉയിഗുർ വംശജരുടെ സംസ്കാരത്തെ പൂർണമായും ചൈനീസ് മണ്ണിൽ നിന്ന് തുരത്തിയോടിക്കാൻ വേണ്ടിയുള്ള ഗൂഢശ്രമങ്ങളാണ് എന്നാണ് ഉയിഗുർ ആക്ടിവിസ്റ്റുകൾ പറയുന്നത്. 

ഇന്ന് ടർക്കിയിൽ അര ലക്ഷത്തിലധികം ഉയിഗുർ അഭയാർത്ഥികളുണ്ട്. ഫാത്തിമയെപ്പോലെ, അല്ലെങ്കിൽ അവളെക്കാൾ വൈകാരികമായി തകർന്ന അവസ്ഥയിൽ ജീവിതം തുടരുന്ന കുട്ടികളും അനേകമുണ്ട്. പതിനഞ്ചുകാരിയായ തർസു  തന്റെ അച്ഛനമ്മമാരോട് ഒന്ന് മിണ്ടിയിട്ട് വർഷം രണ്ടുകഴിഞ്ഞു. "പേടിക്കേണ്ട മോനെ.." ഇതാണ് അവളോർക്കുന്നഅവസാനത്തെ സംഭാഷണം. അച്ഛനാണത് പറഞ്ഞത്. അച്ഛനും അമ്മയും ഇന്ന് ചൈനീസ് ക്യാമ്പുകളിൽ കഴിയുകയാണ്. അവർ ഒന്നിച്ചാണോ വെവ്വേറെ ക്യാമ്പുകളിൽ ആണോ എന്നുപോലും തർസുവിന് നിശ്ചയമില്ല. അവസാനം വിളിച്ചപ്പോൾ, പാസ്‌പോർട്ടുകൾ പിടിച്ചെടുത്തിരിക്കുകയാണ് എന്ന് അവളുടെ അമ്മ സൂചിപ്പിച്ചിരുന്നു. എന്നാലും, ഒക്കെ എളുപ്പം ശരിയാക്കി ഉടനെ വരാം എന്നുതന്നെയാണവർ മകളോട് പറഞ്ഞിരുന്നത്. പിന്നീട് ഇന്നുവരെ മുറ്റിനിൽക്കുന്ന നിശബ്ദത മാത്രമാണ് തർസുവിന്റെ ജീവിതത്തിൽ. 

ചൈനയിൽ കഴിഞ്ഞിരുന്ന കുറഞ്ഞൊരു കാലവും അവ്യക്തമായിട്ടാണെങ്കിൽ കൂടി അവളുടെ ഓർമയിലുണ്ട്. " അവർ എന്തിനാണച്ഛാ നമ്മളെ ഇങ്ങനെ സദാ തുറിച്ചു നോക്കുന്നത് ?" താമസിച്ചിരുന്ന ഫ്ലാറ്റിനു മുന്നിൽ പൊലീസിന്റെ പുതിയ സിസിടിവി ക്യാമറകൾ വന്നപ്പോൾ തർസു അച്ഛനോട് ചോദിച്ചിരുന്നു. "അത് നമ്മൾ മുസ്ലിങ്ങളായതുകൊണ്ടാണ് മോളെ " അയാൾ സങ്കടം നിറഞ്ഞ സ്വരത്തിൽ അന്നവളോട് പറഞ്ഞു. 

അച്ഛനമ്മമാരെ ഒന്ന് കാണാൻ അവൾക്ക് ഏറെ കൊതിയുണ്ട്. കണ്ടില്ലെങ്കിൽ ഒരു ചെറിയ വോയ്‌സ് മെസേജെങ്കിലും അയച്ചുകിട്ടിയിരുന്നെങ്കിൽ എന്നായിട്ടുണ്ട് ഇപ്പോൾ. അവൾക്ക് അക്കാര്യത്തിലും യാതൊരു പ്രതീക്ഷയുമില്ല. "ഒരു വാക്കുപോലും പറയാതെ പൊയ്ക്കളഞ്ഞ അച്ഛനോടും അമ്മയോടും ഇടക്ക് ദേഷ്യം തോന്നാറുണ്ട്, അതിനെ വളരെ പണിപ്പെട്ടാണ് മറികടക്കുന്നത്." തർസു പറഞ്ഞു. " അച്ഛനോ അമ്മയോ അല്ല ഈ സാഹചര്യമുണ്ടാക്കിയത്, അവരാണ്..." എന്ന് അവൾ ഇടയ്ക്കിടെ അവനവനോട് പറയും. 

ടർക്കിക്ക് ഉയിഗുർ വംശജരുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. ഒന്ന് അവരും തങ്ങളെപ്പോലെ മുസ്ലിങ്ങളാണ് എന്ന പരിഗണന, രണ്ട് ടർക്കിഷ് ഭാഷ സംസാരിക്കുന്ന വംശം എന്ന പരിഗണന. ടർക്കിഷ് വിദേശകാര്യവകുപ്പ് ചൈനയുടെ ഉയിഗുർ വിരുദ്ധ നീക്കങ്ങൾ 'മാനവികതയ്ക്കു മേലുള്ള അതിക്രമം' എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ടർക്കിഷ് പ്രസിഡന്റ് എർദോഗാൻ ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലിയിൽ പ്രസംഗിച്ചപ്പോൾ ലോകമെമ്പാടും മതത്തിന്റെ പേരിൽ പീഡനങ്ങൾ സഹിക്കുന്ന, അതിന്റെ പേരിൽ പലായനം ചെയ്യേണ്ടി വരുന്ന മുസ്ലിങ്ങളെപ്പറ്റി എണ്ണിയെണ്ണി പറഞ്ഞു. പലസ്തീനികളെപ്പറ്റി അദ്ദേഹം പറഞ്ഞു. മ്യാൻമറിലെ റോഹിൻഗ്യൻ മുസ്ലിങ്ങളെപ്പറ്റിയും സൂചിപ്പിച്ചു. എന്നാൽ, ഇത്ര അടുത്തുകിടക്കുന്ന ഉയിഗുർ അഭയാർത്ഥികളെപ്പറ്റി മാത്രം ഒന്ന് പരാമർശിക്കാൻ പോലും അദ്ദേഹത്തിന് മനസ്സുണ്ടായില്ല. ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എർദോഗാൻ അന്ന് ഉയിഗുർ വംശജരെപ്പറ്റി ഒരു വാക്കുപോലും പറയാഞ്ഞതെന്ന് അദ്ദേഹത്തിന്റെ വിമർശകർ ആക്ഷേപിക്കുന്നു. എന്നാലും ടർക്കിയിലെ ഉയിഗുർ വംശജർക്ക് തങ്ങൾക്ക് അഭയം തന്ന രാജ്യത്തെപ്പറ്റി ഒരു പരാതിയുമില്ല. അഭയം കിട്ടിയതുതന്നെ ഭാഗ്യമെന്ന് അവർ കരുതുന്നു. കാരണം, ഒരു അറബ് രാജ്യവും, ഒരു പാശ്ചാത്യ രാജ്യവും അതിന് തയ്യാറാവാതിരുന്നപ്പോഴും ടർക്കി അവരെ രണ്ടുകയ്യും വിരിച്ച് സ്വീകരിക്കുകയായിരുന്നു. 

ഇങ്ങനെ പുനർ വിദ്യാഭ്യാസം നല്കാൻ വേണ്ടി ക്യാമ്പുകളിൽ അടക്കപ്പെടുന്ന ഉയിഗുർ വംശജർ ഒരു പ്രത്യേക കാലയളവുകഴിഞ്ഞാൽ മാനസികമായ പരിശോധനകൾക്ക് വിധേയരാക്കപ്പെടും. അവർക്ക് വേണ്ടത്ര ചൈനീസ് സംസ്കാരം കൈവന്നുവോ, അച്ചടക്കം വേണ്ടുവോളം ആയോ?, പഠനവും പരിശീലനവും ഫലപ്രദമായിരുന്നുവോ ഇതൊക്കെ കൃത്യമായി വിലയിരുത്തപ്പെട്ട ശേഷം മാത്രമേ അവരെ ക്യാമ്പിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതിനെപ്പറ്റി ചൈനീസ് സർക്കാർ ആലോചിക്കുകയുള്ളൂ. 

" എന്റെ ജന്മനാടിനെപ്പറ്റിയുള്ള വാർത്തകൾ എനിക്ക് അറിയണമെന്നുണ്ട്. എന്നാൽ അവിടെനിന്ന് വരുന്ന വാർത്തകൾ ഏറെ ഭീതിപ്പെടുത്തുന്നതാണ്. വേദനാജനകമാണ്. എനിക്ക് പലപ്പോഴും അതൊക്കെ കേൾക്കുമ്പോൾ ആകെ നെഞ്ചു കലങ്ങും. വയറു വേദനിക്കുന്നപോലെ തോന്നും" വളർന്നു വലുതായാൽ ടീച്ചറോ ഡോക്ടറോ ഒക്കെ ആകണം എന്നാഗ്രഹിക്കുന്ന റുഫീൻ പറയുന്നു. നാട്ടിൽ അമ്മയുടെ അസുഖം മൂർച്ഛിച്ചു എന്ന വിവരം അറിഞ്ഞപ്പോൾ അവരെ പരിചരിക്കാൻ വേണ്ടി ഒന്ന് നാട്ടിൽ പോയ റൂഫിന്റെ അമ്മയെ ചൈനീസ് സർക്കാർ പിടിച്ചു ക്യാമ്പിൽ അടക്കുകയായിരുന്നു. ഇങ്ങനെ ക്യാമ്പിൽ അടക്കാൻ ചൈനീസ് സർക്കാരിന് പ്രത്യേകിച്ച് ഒരു കാരണവും വേണ്ട എന്നാണ് ഉയിഗുർ ആക്ടിവിസ്റ്റുകളുടെ പരാതി. തങ്ങളുടെ ദുരിതങ്ങൾക്ക് എന്നെങ്കിലും ഒരിക്കൽ പരിഹാരമുണ്ടാകും എന്ന പ്രതീക്ഷയിൽ അവർ ഇന്നും തങ്ങളുടെ അഭയാർത്ഥിജീവിതം തുടർന്നു പോവുകയാണ്. 

click me!