'എനിക്കവരെ ഒരുപാട് ഇഷ്ടമാണ്! മകളെ യാത്രയാക്കാൻ ഓടിമറയുന്ന ട്രെയിനിനൊപ്പം നടന്ന് മാതാപിതാക്കൾ; ഹൃദയം തൊടുന്ന ദൃശ്യങ്ങൾ

Published : Nov 22, 2026, 12:55 PM IST
Parents love

Synopsis

റെയിൽവേ സ്റ്റേഷനിൽ മകൾക്ക് യാത്രയയപ്പ് നൽകുന്ന മാതാപിതാക്കളുടെ ഹൃദയസ്പർശിയായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നോയിഡ സ്വദേശിനി അനുഷ്കയാണ് ട്രെയിൻ നീങ്ങുമ്പോഴും ഒപ്പം നടന്ന് കൈവീശുന്ന അച്ഛനമ്മമാരുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

മകളെ യാത്രയാക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ മാതാപിതാക്കളുടെ സ്നേഹനിർഭരമായ യാത്രയയപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിൻ സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയിട്ടും ട്രെയിനിന്‍റെ വേഗത്തിനൊപ്പം നടന്ന് കൈവീശുന്ന മാതാപിതാക്കളുടെ വിഡിയോയാണ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. നോയിഡ സ്വദേശിനിയായ അനുഷ്കയാണ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ഹൃദയസ്പർശിയായ നിമിഷം പങ്കുവെച്ചത്. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പതിവായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള അനുഷ്കയുടെ ഈ വിഡിയോ ഇതിനോടകം നിരവധി പേരുടെ ശ്രദ്ധ നേടി കഴിഞ്ഞു.

ദൃശ്യങ്ങളിൽ നിറയുന്നത്

ട്രെയിനിന്‍റെ ജനലിലൂടെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന തന്‍റെ മാതാപിതാക്കളെ അനുഷ്ക ചിത്രീകരിക്കുന്നതാണ് വിഡിയോയിലുള്ളത്. പുഞ്ചിരിച്ച് കൊണ്ട് ഇരുവരും മകൾക്ക് കൈവീശി യാത്ര പറയുന്നു. ട്രെയിൻ മുന്നോട്ട് നീങ്ങിത്തുടങ്ങിയതോടെ, മകളെ കാണും വിധം ഇരുവരും ട്രെയിനിനൊപ്പം നടക്കാൻ തുടങ്ങി. അൽപ്പദൂരം ട്രെയിനിന്‍റെ വേഗത്തിനൊപ്പം നടന്ന മാതാപിതാക്കളിൽ ഒരാൾ മകൾക്ക് വിജയാശംസകൾ നേരുന്നതുപോലെ 'തംസ് അപ്പ്' നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ പൂർണ്ണമായും കാഴ്ചയിൽനിന്ന് മറയുന്നതുവരെ ആ മാതാപിതാക്കൾ കൈവീശിക്കൊണ്ടേയിരുന്നു. "എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്!" എന്ന വൈകാരികമായ കുറിപ്പോടെയാണ് അനുഷ്ക ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

അച്ഛനാണ് അച്ഛൻ!

വിഡിയോ വൈറലായതോടെ നിരവധി പേരാണ് മാതാപിതാക്കളുടെ സ്നേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. വിഡിയോ കണ്ടവരിൽ പലരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് അച്ഛൻറെ പെരുമാറ്റമാണ്. മറ്റുള്ളവരുടെ പിന്നിൽ നിശബ്ദനായി നിൽക്കുകയും, ചിരിക്കുമ്പോഴും ഉള്ളിലെ സങ്കടം മറച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അച്ഛന്‍റെ ഭാവം ഏറെ സ്പർശിച്ചതായി പലരും കുറിച്ചു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ അദ്ദേഹം അതിനൊപ്പം നടന്നത് ഹൃദയസ്പർശിയായ കാഴ്ചയാണെന്നും കാഴ്ചക്കാർ അഭിപ്രായപ്പെട്ടു. മക്കൾക്കുവേണ്ടി മാതാപിതാക്കൾ ചെയ്യുന്ന ത്യാഗങ്ങളുടെയും നിസ്വാർത്ഥ സ്നേഹത്തിന്‍റെയും ആഴമാണ് ഈ വിഡിയോ വ്യക്തമാക്കുന്നതെന്ന് ഒരാൾ കുറിച്ചു. യാത്രയയപ്പിന്‍റെ ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. അനുഷ്കയുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സും സന്തോഷകരമായ ജീവിതവും ആശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

മേയർ 'ശല്യക്കാരനെ'ന്ന് പരാതി എട്ട് മാസം തടവും പിഴയും വിധിച്ച് കോടതി; ദമ്പതികളുടെ പരാതിയിലാണ് മുൻ ഫ്രഞ്ച് മേയർക്കെതിരെ നടപടി
ഒരു ദിവസം കാണാതായത് രണ്ട് കുട്ടികളെ, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി മാതാപിതാക്കളെ തിരിച്ചേൽപ്പിച്ച് ഗുരുഗ്രാം പോലീസ്!