തെറിവിളിയോട് തെറിവിളി, അഞ്ച് തത്തകളെ സന്ദര്‍ശകരില്‍ നിന്നും മാറ്റിനിര്‍ത്തി വൈൽഡ്‌ലൈഫ് പാർക്ക്

By Web TeamFirst Published Sep 30, 2020, 11:22 AM IST
Highlights

എന്നാല്‍, യാദൃച്ഛികമായി ഒരേ ആഴ്ചയില്‍ കിട്ടിയ അഞ്ച് തത്തകള്‍, ഒരുമിച്ച് ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരുന്ന അഞ്ച് തത്തകള്‍ ഒരുപോലെ തെറിവാക്കുകളും ചീത്തവാക്കുകളും ചൊരിയുക എന്നത് ആദ്യമായിട്ടാവും. ഒരു മുറിയില്‍ മൊത്തം തെറി പറയുന്ന തത്തകള്‍ എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.

പാര്‍ക്കില്‍ സന്ദര്‍ശകരെ തെറിവിളിക്കുന്ന തത്തകളുണ്ടായാലെന്ത് ചെയ്യും? പ്രത്യേകിച്ച് കുട്ടികളും കുടുംബവുമായി ചെല്ലുമ്പോള്‍? അത്തരത്തിലുള്ളൊരു തലവേദനയാണ് ബ്രിട്ടീഷ് വൈല്‍ഡ്‍ലൈഫ് പാര്‍ക്ക് നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കൻ ഇംഗ്ലണ്ടിലെ ലിങ്കൺഷയർ വൈൽഡ്‌ലൈഫ് പാർക്കിലേക്ക് സംഭാവനയായി കിട്ടിയതിന് തൊട്ടുപിന്നാലെയാണ് സന്ദർശകർക്കും ജീവനക്കാര്‍ക്കും നേരെ തത്തകള്‍ തെറിയും ശാപവാക്കുകളും ഉരുവിട്ടത്. 'അവയെല്ലാം ചീത്ത വിളിക്കുകയാണ്, അത് കേള്‍ക്കേണ്ടി വരുന്ന സന്ദര്‍ശകരായ കുട്ടികളെയോര്‍ത്തായിരുന്നു ഞങ്ങള്‍ക്ക് ആശങ്ക' എന്നാണ് ചീഫ് എക്സിക്യൂട്ടീവായ സ്റ്റീവ് നിക്കോള്‍സ് സിഎന്‍‍എന്നിനോട് പറഞ്ഞത്. താന്‍ ഓരോ തവണ അതുവഴി കടന്നുപോകുമ്പോഴും തന്നെ തത്തകള്‍ തെറി വിളിക്കാറുണ്ട് എന്നും നിക്കോള്‍സ് പറഞ്ഞു. 

ആഗസ്‍ത് മാസത്തിലാണ് എറിക്, ജേഡ്, എല്‍സി, ടൈസണ്‍, ബില്ലി എന്നീ തത്തകളെ വൈല്‍ഡ്‍ലൈഫ് പാര്‍ക്കിലേക്ക് കിട്ടുന്നത്. ആഫ്രിക്കന്‍ ഗ്രേ ഇനത്തില്‍ പെട്ട തത്തകളാണിവ. അഞ്ചിനെയും കിട്ടിയത് അഞ്ച് വ്യത്യസ്‍ത ഉടമകളില്‍ നിന്നുമാണ്. കിട്ടിയ ഉടനെത്തന്നെ അഞ്ചെണ്ണത്തിനേയും ഒരുമിച്ച് ക്വാറന്‍റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഏതായാലും ഒരുമിച്ച് നില്‍ക്കുന്ന സമയം തങ്ങള്‍ക്കറിയാവുന്ന തെറിവാക്കുകളും ശാപവാക്കുകളുമെല്ലാം പരസ്‍പരം പങ്കുവെക്കാന്‍ തുടങ്ങി തത്തകള്‍. സന്ദര്‍ശകരെയും ജീവനക്കാരെയും എന്നുവേണ്ട കാണുന്നവരെയെല്ലാം തെറിവിളിക്കാനും തുടങ്ങി. തന്‍റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇങ്ങനെ തെറിപറയുന്ന തത്തകളെ കാണുന്നത് ആദ്യമായിട്ടല്ല എന്ന് നിക്കോള്‍സ് പറയുന്നു. ''കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇങ്ങനെ മോശം വാക്കുകളുപയോഗിക്കുന്ന തത്തകളെ ഇടയ്ക്കിടെ ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. ഞങ്ങള്‍ക്കത് പരിചിതവുമായിരുന്നു. തെറി പറയുന്ന ഒരു തത്തയൊക്കെ ഉണ്ടാകുമ്പോള്‍ ഞങ്ങളത് തമാശയായിട്ടാണ് കാണാറുള്ളത്. കാണുന്നവര്‍ക്ക് ചിരിക്കാനുള്ള വക അത് നല്‍കും.''

എന്നാല്‍, യാദൃച്ഛികമായി ഒരേ ആഴ്ചയില്‍ കിട്ടിയ അഞ്ച് തത്തകള്‍, ഒരുമിച്ച് ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരുന്ന അഞ്ച് തത്തകള്‍ ഒരുപോലെ തെറിവാക്കുകളും ചീത്തവാക്കുകളും ചൊരിയുക എന്നത് ആദ്യമായിട്ടാവും. ഒരു മുറിയില്‍ മൊത്തം തെറി പറയുന്ന തത്തകള്‍ എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. 'അവ കൂടുതല്‍ ചീത്തവാക്കുകളുപയോഗിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ചിരിക്കുന്നു. നാം കൂടുതല്‍ ചിരിക്കുന്തോറും അവയ്ക്ക് കൂടുതല്‍ അത്തരം പദങ്ങളുപയോഗിക്കാന്‍ ആവേശമുണ്ടാകുന്നു.' നിക്കോള്‍സ് പറയുന്നു. പാര്‍ക്കിലെ ജീവനക്കാരെല്ലാം ഇതിനെ തമാശയായിട്ടാണ് കണ്ടത്. എന്നാല്‍, അവയെ സന്ദര്‍ശകരില്‍ നിന്നും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താനാണ് നിക്കോള്‍സ് തുനിഞ്ഞത്. സന്ദര്‍ശകരായ കുട്ടികളെ ചൊല്ലിയായിരുന്നു ഇത്. 

ഈ തത്തകളെ മറ്റ് സംഘങ്ങളുടെ കൂടെയാക്കി വ്യത്യസ്‍ത ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. അവ ഒറ്റയ്ക്കൊറ്റയ്ക്ക് തെറിവിളിക്കുന്നത്, നാലോ അഞ്ചോ എണ്ണം കൂടി തെറിവിളിക്കുന്നതിന്‍റെ അത്ര വരില്ലല്ലോ എന്നാണ് നിക്കോള്‍സ് പറയുന്നത്. ഏതായാലും പുതിയ 'റൂംമേറ്റു'കളില്‍ നിന്നും നല്ലനല്ല വാക്കുകള്‍ ഇവ പഠിച്ചെടുക്കും എന്നാണ് അധികൃതരുടെ വിശ്വാസം. അതോ മറ്റുള്ളവയെ കൂടി അവ തെറി പഠിപ്പിക്കുമോ എന്ന് കണ്ടറിയേണ്ടിവരും. ഈ തെറിയെല്ലാം മറ്റുള്ള പക്ഷികളെക്കൂടി ഇവ പഠിപ്പിച്ചാല്‍ 250 തെറി പറയുന്ന പക്ഷികളാവും ഫലമെന്നും അങ്ങനെയാണെങ്കില്‍ എന്ത് ചെയ്യണമെന്നറിഞ്ഞുകൂടായെന്നും നിക്കോള്‍സ് പറയുന്നു. 


 

click me!