തരംഗമായി മാറുന്ന ആ പരുന്തുവേട്ടക്കാരന്‍, ആരാധകരുടെ പ്രിയപ്പെട്ടവന്‍...

By Web TeamFirst Published Sep 29, 2020, 5:21 PM IST
Highlights

പരുന്തുവേട്ട മാത്രമല്ല, ഗുസ്തിയും അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു വിനോദമാണ്. ഒരുപാട് ഗുസ്തിമത്സരങ്ങളിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ബലിഷ്ടമായ ശരീരം അത് വിളിച്ചോതുന്നു.

ജെനിസ്ബെക്ക് സെറിക്. ലോകത്തെമ്പാടുമായി നിരവധി ആരാധികമാരുള്ള പുരുഷന്‍... കട്ടിയുള്ള പുരികങ്ങളും, ആപ്പിൾ പോലുള്ള കവിൾത്തടങ്ങളും, തുളച്ചുകയറുന്ന കണ്ണുകളുമുള്ള അദ്ദേഹം രോമങ്ങൾ കൊണ്ട് നിർമ്മിച്ച തൊപ്പി ധരിച്ച്, പുൽമേടുകളിലൂടെ കുതിരപ്പുറത്ത് വരുന്നത് കാണുമ്പോൾ ഏതോ ബോളിവുഡ് സിനിയിലെ നായകനാണോ എന്ന് തോന്നാം. മംഗോളിയൻ വേട്ടക്കാരനായ സെറികിനെ കുറിച്ച് കഴിഞ്ഞ ആഴ്ച സിഎൻ‍എൻ റിപ്പോർട്ട് ചെയ്തതിനുശേഷം അദ്ദേഹം ഒരു ഇന്‍റർനെറ്റ് തരംഗമായി മാറിയിരിക്കുകയാണ്. ആളുകൾ അദ്ദേഹത്തെ പ്രശംസകൊണ്ട് മൂടുകയാണ്. സൗന്ദര്യവും, കഴിവുകളുമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കുന്നത്.

മംഗോളിയയിലെ വിദൂരപ്രവിശ്യയായ ബയാൻ-എൽഗിയിൽ താമസിക്കുന്ന അർദ്ധനാടോടികളായ കസാഖ് വംശത്തിൽ പെട്ടയാളാണ് സെറിക്. പരുന്തുവേട്ട മാത്രമല്ല, ഗുസ്തിയും അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു വിനോദമാണ്. ഒരുപാട് ഗുസ്തിമത്സരങ്ങളിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ബലിഷ്ടമായ ശരീരം അത് വിളിച്ചോതുന്നു. അതുകൂടാതെ, കുതിരസവാരിയിലും, അമ്പെയ്ത്തിലും അതിവിദഗ്ധനാണ് സെറിക്. ഇതൊന്നും പോരെങ്കിൽ, ബയാൻ-ഉലേഗായിയിൽ നടന്ന കഴുകനെ പരിശീലിപ്പിക്കുന്ന പരിപാടികളിലും അദ്ദേഹം നിരവധി തവണ വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്‍തി ലോകം അറിയാൻ തുടങ്ങിയതോടെ ദുബായിൽ നിന്ന് ഒരു എക്സിബിഷനിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ക്ഷണം ലഭിക്കുകയുണ്ടായി. മംഗോളിയയിലെ വിദൂരപ്രവിശ്യയായ ബയാൻ-എൽഗിയിൽ താമസിക്കുന്ന അർദ്ധ നാടോടികളായ കസാഖ് വംശത്തിൽ പെട്ടയാളാണ് സെറിക്. കസാഖ് വംശജരെ സംബന്ധിച്ചിടത്തോളം, വിദേശയാത്ര എന്നത് മറ്റൊരു ഗ്രഹത്തിൽ പോകുന്നതിന് തുല്യമായിരുന്നു. അദ്ദേഹത്തിന് ദുബായ് മറ്റൊരു പ്രപഞ്ചം പോലെയാണ് തോന്നിയത്. എന്നിരുന്നാലും ആ യാത്ര താൻ ആസ്വദിച്ചു എന്നദ്ദേഹം പറഞ്ഞു. 26 വയസ്സുള്ള സെറിക് അവിവാഹിതനാണ്. അതേസമയം, കസാക്കിസ്ഥാനില്‍ നിന്നുള്ള നാലുപേരടക്കം തനിക്ക് അഞ്ച് പെൺസുഹൃത്തുക്കൾ ഉണ്ടെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.  

ബയാൻ-എൽജിയിൽ പരുന്തുവേട്ടയ്‌ക്ക് നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഒരാളാണ് അദ്ദേഹം. ഒരുപക്ഷേ നമ്മുടെയിടയിൽ അത്തരമൊരു കാര്യം കേട്ടുകേൾവി പോലുമുണ്ടാകില്ല. എന്നാൽ, അവിടെ ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വിനോദമാണ്. ഇത് വേരെടുക്കുന്നത് മധ്യേഷ്യയിലാണ്. പണ്ട് ചെങ്കിസ്ഖാന്റെ പിൻഗാമികൾ അരൽ കടലിൽ താമസമാക്കി. റഷ്യൻ സൈന്യം ആക്രമിക്കുന്നതുവരെ അവർ അവിടെ താമസിച്ചു. തുടർന്ന് മംഗോളിയൻ പർവതങ്ങളിലേക്ക് കുടിയേറി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സോവിയറ്റ് യൂണിയനും ചൈനയും ഇരുവശത്തും അതിർത്തികൾ സ്ഥാപിച്ചപ്പോൾ കസാഖ് ജനത ജന്മനാട്ടിൽ നിന്ന് ഛേദിക്കപ്പട്ടു. അങ്ങനെ അവർ പടിഞ്ഞാറൻ മംഗോളിയയിൽ അർദ്ധനാടോടികളായി ജീവിച്ചു. ഫാൽക്കൺറി എന്ന വിളിക്കുന്ന പരുന്തുവേട്ട അവര്‍ക്കിടയിൽ ഒരു വിനോദമായി മാറി. അത് രാജകീയതയുടെ പ്രതീകമായി കണക്കാക്കപ്പെട്ടു. കുറുക്കന്മാരെയും മുയലുകളെയും വേട്ടയാടാൻ വേട്ടക്കാർ കുട്ടിക്കാലം മുതൽ കഴുകന്മാരെ പരിശീലിപ്പിക്കുന്നു. വേട്ടക്കാർ ഏറ്റവും കൂടുതൽ കൈവശം വച്ചിരിക്കുന്ന പക്ഷി വേഗത്തിൽ പറക്കാൻ കഴിയുന്ന ഗോൾഡൻ ഈഗിൾ ആണ്.  

തലമുറകളോളം അവർ ഇത് തുടർന്ന് വന്നു. എന്നാൽ, സോവിയറ്റ് ഭരണകാലത്ത് ഈ ആചാരം തടയപ്പെടുകയുണ്ടായി, അത് ഫാൽക്കൺറി വേട്ടക്കാരുടെ ദ്രുതഗതിയിലുള്ള ഇടിവിന് കാരണമാവുകയും ചെയ്‌തു. നിലവിൽ മുന്നൂറോളം ആളുകളുണ്ട്, കൂടുതലും ബയാൻ-ഉൽഗായിയിലാണ് ഉള്ളത്. 1999 -ൽ പ്രവിശ്യാ തലസ്ഥാനമായ എൽഗിയുടെ പുറത്ത് അരങ്ങേറിയ ആദ്യത്തെ ഗോൾഡൻ ഈഗിൾ ഫെസ്റ്റിവലിനെത്തുടർന്ന് ആളുകൾ ഇവരെ കുറിച്ചറിയാനും, വിനോദസഞ്ചാരത്തിനായി ഇവിടേയ്ക്ക് വരാനും തുടങ്ങി. എന്നാൽ, വിനോദസഞ്ചാരികൾ തിരികെപ്പോയതിനുശേഷം മാത്രമാണ് വേട്ടക്കാലം ആരംഭിക്കുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ആ സമയം. അപ്പോൾ വേട്ടക്കാർ ജോഡികളായി പർവതത്തിലേക്ക് യാത്രചെയ്യും. അവർ കുതിരപ്പുറത്ത് ഇരകളെ പിന്തുടരുന്നു. തുടർന്ന് ഇരയ്ക്ക് മുകളിലൂടെ പരുന്തിനെ പറത്തുന്നു. കുറുക്കന്മാരെയും മുയലുകളെയും, അതുപോലെ ചൂടുതരുന്ന രോമങ്ങളുള്ള മൃഗങ്ങളെയുമാണ് അവർ വേട്ടയാടുന്നത്. ചിലപ്പോൾ ദിവസങ്ങളെടുക്കും വേട്ട പൂർത്തിയാകാൻ. ഒടുവിൽ വിജയത്തിന്റെ ഒരു ചിഹ്നമായി ഇരയുടെ രോമങ്ങൾ തൊപ്പികളായും വസ്ത്രങ്ങളായും വേട്ടക്കാർ അണിയുന്നു.

click me!