
ബിസിനസ് ക്ലാസ് വിമാനയാത്രകള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ആഡംബരം നിറഞ്ഞ ഒന്നാണ്. ബിസിനസ്സ് യാത്രക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിമാനങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത്തരം വിമാനങ്ങള്‍ യാത്രക്കാര്‍ക്കായി എല്ലാ സൗകര്യവും ഒരുക്കുന്നു, പക്ഷേ ടിക്കറ്റ് വില ഏറെ മുകളിലായിരിക്കും. അതിനാല്‍ തന്നെ യാത്രക്കാര്‍ യാതൊരു വിധ ബുദ്ധിമുട്ടോ ആശങ്കകളോ ഇല്ലാത്ത യാത്രയ്ക്കായി ബിസിനസ് ക്ലാസ് തെരഞ്ഞെടുക്കുന്നു. എന്നാല്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു വിമാനയാത്രക്കാരന്‍ യുകെയിലെ പ്രശസ്തമായ ഒരു എയര്‍ലൈനില്‍ 2155 ഡോളര്‍ (ഏകദേശം 1.7 ലക്ഷം രൂപ) വിലയുള്ള ബിസിനസ് ക്ലാസ് യാത്ര വെറുപ്പുളവാക്കുന്നതും മലിനമായ സാഹചര്യത്തിലുള്ളതാണെന്നും പരാതിപ്പെട്ട് രംഗത്തെത്തി. ഇത്രയും വിലയേറിയ ടിക്കറ്റില്‍ ഇത്ര ദയനീയമായ യാത്ര ഒരുക്കിയ എയര്‍ലൈന്‍സിനെതിരെ കേസ് നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. പിന്നാലെ കമ്പനിയുടെ ഉപഭോക്തൃവിഭാഗം വലിയൊരു സൗജന്യമാണ് അദ്ദേഹത്തിന് നല്‍കാമെന്ന് ഏറ്റത്.
ഒരു ഹോൾസെയിൽ എനർജി സ്ഥാപനത്തിന്‍റെ ഉടമയായ ബ്രോഡി ചാപ്‌മാനാണ് (20) പരാതിക്കാരന്‍. അദ്ദേഹം ഇപ്പോള്‍ പരാതി ഉന്നയിച്ച യുകെയിലെ പ്രശസ്തമായ എയര്‍ലൈന്‍സില്‍ ഒരു വര്‍ഷം കുറഞ്ഞത് 20 തവണയെങ്കിലും യാത്ര ചെയ്യുന്നു, എല്ലാം ബിസിനസ് ക്ലാസ് യാത്രകള്‍. എന്നാല്‍, ഏറ്റവും ഒടുവിലത്തെ അനുഭവം അസഹ്യമായിരുന്നെന്ന് അദ്ദേഹം പറയുന്നു. മാര്‍ച്ച് 28 ന് ഓസ്‌ലോയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെ തനിക്ക് എല്ലാ സൗകര്യങ്ങളും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്തെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കായി നല്‍കിയ സീറ്റ് ആകെ വൃത്തികേടായിരുന്നു. മാത്രമല്ല, നേരത്തെ യാത്ര ചെയ്ത ആരോ സീറ്റിന്‍റെ വശത്ത് സോക്സുകള്‍ തിരികി വച്ചത് അത് പോലെ അവിടെയുണ്ടായിരുന്നുവെന്നും ബ്രോഡി പറയുന്നു.
“അവർ ഈ ഫാൻസി ഉൽപ്പന്നം പരസ്യം ചെയ്യുന്നു - 777 അല്ലെങ്കിൽ A380 - ഞാൻ കയറിയ ഈ വിമാനം തികച്ചും വെറുപ്പുളവാക്കുന്നതായിരുന്നു. സീറ്റുകൾ വൃത്തികെട്ടതായിരുന്നു, എന്‍റെ സീറ്റിന്‍റെ വശത്ത് സോക്സുകൾ കുത്തിയിരുന്നു, സീറ്റ് ശരിയായി ചാഞ്ഞിട്ടില്ല, സ്ക്രീനുകളിലൊന്ന് പ്രവർത്തിച്ചില്ല, സീറ്റുകളില്‍ നിരവധി പാടുകൾ ഉണ്ടായിരുന്നു.” ചാപ്മാൻ പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതി ഉന്നയിക്കപ്പെട്ടതിന് പിന്നാലെ തനിക്ക് ഒരു ഉപഭോക്തൃ സേവന സംഘം 20,000 മൈല്‍ (32186 കിലോമീറ്റര്‍) സൗജന്യ യാത്ര വാഗ്ദാനം ചെയ്തെന്നും എന്നാല്‍ അവരോട് കോടതിയില്‍ കേസ് നല്‍കിയെന്ന് അറിയിച്ചെന്നും ബ്രോഡി കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അഭിപ്രായ പ്രകടനത്തിനില്ലെന്നായിരുന്നു എയര്‍ലൈന്‍സ് കമ്പനി ന്യൂസ് ഡോട്ട് കോം എയ്യുവിനോട് പറഞ്ഞത്.