
മേലധികാരി പിതൃത്വ അവധി (Paternity Leave) നിഷേധിച്ചതിനെ തുടർന്ന് അമേരിക്കൻ അഭിഭാഷകൻ എട്ടുകോടി രൂപയുടെ ജോലി ഉപേക്ഷിച്ചു. സംവേറിൻ്റെ സ്ഥാപകനായ നിക്ക് ഹ്യൂബർ ആണ് ലോകത്തിലെ ഏറ്റവും മികച്ച നിയമ സ്ഥാപനങ്ങളിലൊന്നിൽ ജോലി ചെയ്തിരുന്ന ഒരു അഭിഭാഷകൻ നടത്തിയ നിർണായക തീരുമാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
തൊഴിലും വ്യക്തിജീവിതവും ഒരുമിച്ചു കൊണ്ടുപോകുമ്പോൾ എല്ലാവരുടെ ജീവിതത്തിലും ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു നിർണായക തീരുമാനം എടുക്കേണ്ടിവരും എന്ന ഓർമ്മപ്പെടുത്തലോടെയാണ് നിക്ക് ഹ്യൂബർ ഈ അഭിഭാഷകന്റെ അനുഭവം പങ്കുവെച്ചത്.
ഹ്യൂബർ പറയുന്നതനുസരിച്ച്, കഴിഞ്ഞ അഞ്ചുവർഷമായി ഈ അഭിഭാഷകൻ പ്രസ്തുത നിയമ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്. ആഴ്ചയിൽ 80 മണിക്കൂറോളം ഇദ്ദേഹം ജോലി ചെയ്തിരുന്നതായാണ് ഹ്യൂബർ പറയുന്നത്. അങ്ങനെ 32 വയസ്സായപ്പോഴേക്കും തൻറെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രതിവർഷം ഏകദേശം $900K (ഏകദേശം 7.84 കോടി രൂപ) പ്രതിഫലം കിട്ടുന്ന രീതിയിലേക്ക് അദ്ദേഹം വളർന്നിരുന്നു.
എന്നാൽ, ഭാര്യ എട്ടുമാസം ഗർഭിണിയായിരിക്കെ അഭിഭാഷകനെ മറ്റൊരു നഗരത്തിലെ ഒരു പ്രധാന കേസ് ഏൽപ്പിക്കാൻ മേലധികാരി തീരുമാനിച്ചു. എന്നാൽ, തന്റെ കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യയോടൊപ്പം ഉണ്ടായിരിക്കണമെന്ന് അതിയായി ആഗ്രഹിച്ച ആ മനുഷ്യൻ തന്നെ ആ ജോലിയിൽ നിന്നും ഒഴിവാക്കി തരണമെന്നും പിതൃത്വ അവധി അനുവദിക്കണമെന്നും മേലധികാരിയോട് അഭ്യർത്ഥിച്ചു. എന്നാൽ അദ്ദേഹത്തിൻറെ അഭ്യർത്ഥന മേലധികാരി നിരസിച്ചു. ഒന്നുകിൽ കുഞ്ഞിൻറെ ജനനത്തിന് സാക്ഷി ആകുക അല്ലെങ്കിൽ ജോലിയിൽ തുടരുക എന്നായിരുന്നു മേലധികാരിയുടെ മറുപടി.
ജീവിതത്തിൽ ഏറ്റവും നിർണായകമായ തീരുമാനമെടുക്കേണ്ട ആ നിമിഷത്തിൽ രണ്ടാമതൊന്ന് ആലോചിക്കാതെ ആ യുവ അഭിഭാഷകൻ തന്റെ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് ആഗ്രഹിച്ചു നേടിയെടുത്ത ആ ജോലി മേലധികാരിയുടെ പിടിവാശിയിൽ ആ പാവം മനുഷ്യന് നഷ്ടമായി എന്നായിരുന്നു ട്യൂബർ തൻറെ എക്സ് പോസ്റ്റിൽ വെളിപ്പെടുത്തിയത്.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായി എന്ന് മാത്രമല്ല പേരോ മറ്റു വ്യക്തി വിവരങ്ങളോ വെളിപ്പെടുത്തിയില്ലെങ്കിലും ആ അഭിഭാഷകന് പിന്തുണ അറിയിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഒടുവിൽ ആ മനുഷ്യൻ ഉചിതമായ തീരുമാനം എടുത്തു എന്നായിരുന്നു ഭൂരിഭാഗം ആളുകളും കുറിച്ചത്.