ഉടമയെ കാട്ടിൽ കാണാതായി, കണ്ടെത്തിയത് വളർത്തുനായ, അഭിനന്ദിച്ച് നാട്ടുകാർ

Published : Nov 16, 2022, 11:47 AM IST
ഉടമയെ കാട്ടിൽ കാണാതായി, കണ്ടെത്തിയത് വളർത്തുനായ, അഭിനന്ദിച്ച് നാട്ടുകാർ

Synopsis

ആ സമയത്താണ് അവർ ടോമിയെ കുറിച്ച് ഓർക്കുന്നത്. ശേഖരപ്പയുടെ വളർത്തുനായയും സുഹൃത്തും ആണ് ടോമി. കഴിഞ്ഞ ഏഴ് വർഷങ്ങളായി ടോമി ശേഖരപ്പയോടൊപ്പം കാട്ടിൽ പോകാറുണ്ട്. ടോമിയും അങ്ങനെ തിരച്ചിൽ സംഘത്തോടൊപ്പം ചേർന്നു.

നായകളെയും പൂച്ചകളെയും പോലെയുള്ള വളർത്തുമൃ​ഗങ്ങളെ കാണാതായാൽ മനുഷ്യർ രക്ഷിക്കുന്ന വാർത്ത നാം പലയിടത്തും കണ്ടിട്ടുണ്ട്. എന്നാൽ, തിരിച്ചും സംഭവങ്ങളുണ്ട്. നായകൾ തങ്ങളുടെ ഉടമകളോട് വലിയ സ്നേഹവും വിശ്വസ്തതയും ഉള്ള ജീവികളാണ്. അതുപോലെ കർണാടകയിൽ ഒരു നായ തന്റെ ഉടമയെ കണ്ടെത്താൻ സഹായിച്ചു. മറ്റെല്ലാ വഴികളും പരാജയപ്പെട്ടപ്പോൾ കാട്ടിൽ അകപ്പെട്ടുപോയ ഉടമയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ ആണ്. 

കർണാടകയിലെ ശിവമോ​ഗ ജില്ലയിൽ ഒരാൾ കാട്ടിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു. അപ്പോഴാണ് കാട്ടിൽ അകപ്പെട്ട് പോയത്. അദ്ദേഹത്തെ കണ്ടെത്താൻ പല ശ്രമങ്ങളും നടത്തുകയും ചെയ്തു. എന്നാൽ, എല്ലാം പരാജയപ്പെട്ടു പോയി. അവിടെയാണ് വളർത്തുനായ ആയ ടോമി സഹായത്തിന് എത്തിയത്. അമ്പതോളം ആളുകളാണ് കാണാതായ ശേഖരപ്പയെ കണ്ടെത്താൻ വേണ്ടി തിരച്ചിലിന് ഇറങ്ങിയത്. അക്കൂട്ടത്തിലേക്ക് പിന്നീട് ടോമിയും ചേർന്നു. അവസാനം നായയാണ് ശേഖരപ്പ ബോധം കെട്ട് കിടക്കുന്ന സ്ഥലത്തേക്ക് ആളുകളെ നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് ശേഖരപ്പ വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയത്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം ചെയ്യുന്ന കാര്യമായിരുന്നു അത്. സാധാരണയായി രാവിലെ പോയാൽ 10 മണിയോട് കൂടി അദ്ദേഹം തിരികെ എത്തുമായിരുന്നു, പിന്നീട് താൻ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോകും. എന്നാൽ, അന്ന് ആ സമയത്തിനൊന്നും അദ്ദേഹം തിരികെ എത്തിയില്ല. 

ഇതോടെ ഭയന്നുപോയ വീട്ടുകാർ തങ്ങളുടെ അയൽക്കാരെ ഒക്കെ വിവരം അറിയിച്ചു. അധികം വൈകാതെ തന്നെ ആ നാട്ടുകാരും അടുത്ത നാട്ടുകാരും ഒക്കെ ചേർന്ന് തെരച്ചിൽ ആരംഭിച്ചു. എന്നാൽ, എത്ര തിരഞ്ഞിട്ടും ശേഖരപ്പയെ കണ്ടെത്താൻ സാധിച്ചില്ല. 

ആ സമയത്താണ് അവർ ടോമിയെ കുറിച്ച് ഓർക്കുന്നത്. ശേഖരപ്പയുടെ വളർത്തുനായയും സുഹൃത്തും ആണ് ടോമി. കഴിഞ്ഞ ഏഴ് വർഷങ്ങളായി ടോമി ശേഖരപ്പയോടൊപ്പം കാട്ടിൽ പോകാറുണ്ട്. ടോമിയും അങ്ങനെ തിരച്ചിൽ സംഘത്തോടൊപ്പം ചേർന്നു. എന്നാൽ, ഒരു ഘട്ടം എത്തിയപ്പോൾ ടോമി സംഘത്തെ വിടുകയും തന്റേതായ വഴിയിലൂടെ മുന്നോട്ട് പോകാനും തുടങ്ങി. അധികം വൈകാതെ ദൂരത്ത് നിന്നും അവളുടെ കുര കേട്ടു. സംഘം ഉടനെ തന്നെ അങ്ങോട്ടെത്തി. 

അവിടെ ഒരു മരത്തിന് താഴെ ബോധം കെട്ട് കിടക്കുകയായിരുന്നു ശേഖരപ്പ. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനത്തിനുള്ളിലെ ചൂടും മറ്റും കാരണമാണ് ശേഖരപ്പ ബോധം കെട്ട് വീണത് എന്ന് ഡോക്ടർമാർ പറഞ്ഞു. 

ടോമി ഒരു ഉപേക്ഷിക്കപ്പെട്ട നായയായിരുന്നു. എന്നാൽ, ഒരു ദിവസം ശേഖരപ്പയുടെ കുടുംബം അവനെ കാണുകയും അവനെ അവർക്കൊപ്പം നിർത്തി ടോമി എന്ന് പേര് വിളിക്കുകയും ചെയ്തു. വർഷങ്ങളായി അവൻ ആ കുടുംബത്തോടൊപ്പം കഴിയുന്നു. തന്നെ രക്ഷിച്ചത് ടോമിയാണ് എന്ന് അറിഞ്ഞ ശേഖരപ്പ, തന്റെ മരണം വരെ താനവനെ നോക്കും എന്ന് പറഞ്ഞു. ഇപ്പോൾ നാട്ടുകാരെല്ലാം ടോമിയുടെ ധൈര്യത്തെയും വിശ്വസ്തതയെയും പുകഴ്ത്തുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്