യജമാനനെ കടിക്കാൻ വന്ന പാമ്പിനെ വളർത്തുപട്ടി കടിച്ചു കൊന്നു

Published : Nov 08, 2022, 02:58 PM IST
യജമാനനെ കടിക്കാൻ വന്ന പാമ്പിനെ വളർത്തുപട്ടി കടിച്ചു കൊന്നു

Synopsis

ജൂലി പാമ്പിന് മുകളിൽ ചാടി വീണപ്പോൾ മാത്രമാണ് യജമാനൻ തനിക്ക് പിന്നിലായി പാമ്പ് ഉണ്ടായിരുന്നു എന്ന് അറിയുന്നത്. പാമ്പുമായുള്ള പോരാട്ടത്തിനിടയിൽ ജൂലിക്ക് പാമ്പിന്റെ കടിയേൽക്കുമോ എന്നായിരുന്നു യജമാനന്റെ ഭയം.

ചിലപ്പോഴെങ്കിലും മനുഷ്യരേക്കാൾ വിവേകമുള്ളവരാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുന്നുംപിന്നും നോക്കാതെ പ്രവർത്തിക്കാനുള്ള കഴിവ് മൃഗങ്ങളിലും കുറവല്ല എന്ന് തെളിയിക്കുകയാണ് ഒരു നായ. തൻറെ ഉടമസ്ഥനെ കടിക്കാനായി എത്തിയ പാമ്പിനെ ധീരമായി നേരിട്ട് കടിച്ചുകൊന്ന ഒരു നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ജൂലി എന്ന് പേരുള്ള ഈ നായയുടെ യജമാന സ്നേഹത്തെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ.

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ടിൽതി ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. വിശ്രമത്തിനായി മുറ്റത്ത് ഇരിക്കുകയായിരുന്നു വീട്ടുടമസ്ഥൻ. അദ്ദേഹത്തിൻറെ സമീപത്ത് തന്നെയായി അവരുടെ വളർത്തുനായ ജൂലിയും ഉണ്ടായിരുന്നു. തൻറെ യജമാനനൊപ്പം വിശ്രമിക്കുന്നതിനിടയിലാണ് ജൂലിയുടെ ശ്രദ്ധയിൽ അത് പെട്ടത്. ഒരു വലിയ പാമ്പ് യജമാനൻ ഇരിക്കുന്നത് ലക്ഷ്യമാക്കി ഇഴഞ്ഞ് അടുക്കുന്നു. പക്ഷേ, അദ്ദേഹം അത് അറിയുന്നതുമില്ല. അദ്ദേഹത്തിൻറെ അരികിൽ എത്തിയതും പാമ്പ് കൊത്താനായി പത്തി വിടർത്തി ഉയർന്നു. അപകടം മനസ്സിലാക്കിയ ജൂലി പിന്നെ ഒരു നിമിഷം വൈകിയില്ല. പാമ്പിന് മുകളിലേക്ക് കുരച്ചുകൊണ്ട് ചാടി വീണു. പിന്നീട് അതിനെ കടിച്ചെടുത്ത് നിലത്തടിച്ചു. പാമ്പ് ചത്തു എന്ന് ഉറപ്പാക്കുന്നത് വരെ ജൂലി അത് തുടർന്നു. 

ജൂലി പാമ്പിന് മുകളിൽ ചാടി വീണപ്പോൾ മാത്രമാണ് യജമാനൻ തനിക്ക് പിന്നിലായി പാമ്പ് ഉണ്ടായിരുന്നു എന്ന് അറിയുന്നത്. പാമ്പുമായുള്ള പോരാട്ടത്തിനിടയിൽ ജൂലിക്ക് പാമ്പിന്റെ കടിയേൽക്കുമോ എന്നായിരുന്നു യജമാനന്റെ ഭയം. എന്നാൽ, ഒരു പോറൽ പോലും ഏറ്റില്ല എന്ന് മാത്രമല്ല തൻറെ ജീവൻ പണയം വെച്ചിട്ടാണെങ്കിൽ കൂടിയും തൻറെ പ്രിയപ്പെട്ട യജമാനന് നേരെ പാഞ്ഞടുത്ത ശത്രുവിനെ ജൂലി ഇല്ലാതാക്കി. ശനിയാഴ്ചയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഈ സംഭവങ്ങളെല്ലാം കണ്ടു  നിന്ന അയൽവാസിയായ പാൽതു എന്ന വ്യക്തിയാണ് പിന്നീട് ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവെച്ചത്.

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി
'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ