
കൊവിഡിനെ തുടർന്ന് ചൈനയിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോൾ, വുഹാനിൽ നിന്നുമുള്ള ഒരു ചിത്രമാണ് ശ്രദ്ധയാകർഷിക്കുന്നത്. ഒരു സബ്‍വേയിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീ ഒരു പഴം കഴിക്കുന്നതിന് വേണ്ടി തന്റെ ശരീരത്തിന്റെ മുകൾഭാഗം ആകപ്പാടെ പ്ലാസ്റ്റിക് കവറുപയോഗിച്ച് മൂടിയിരിക്കുന്നതാണ് ചിത്രത്തിൽ കാണാനാവുക.
മറ്റ് ആളുകൾക്കിടയിലാണ് സ്ത്രീ ഇരിക്കുന്നത്. അവരുടെ ശരീരത്തിന്റെ മുകൾഭാഗം മൊത്തം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിട്ടുണ്ട്. പിന്നാലെ, അവർ പഴം ആസ്വദിച്ച് കഴിക്കുകയാണ്. അങ്ങനെ ആകുമ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ലല്ലോ എന്നാണ് അവരുടെ ആശ്വാസം.
അടുത്തിടെ വുഹാനിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ മാസ്ക് നിർബന്ധമാക്കിയിരിക്കുന്നു. അതുപോലെ, പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. സ്ത്രീക്കൊപ്പം തന്നെ സഞ്ചരിച്ചിരുന്ന വാംഗ് എന്ന മറ്റൊരു യാത്രക്കാരനാണ് ചിത്രം പകർത്തിയിരിക്കുന്നത്.
'കൊറോണ വൈറസ് വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒരു പഴം കഴിക്കുന്നതിന് വേണ്ടി ഇത്രയധികം ചെയ്യുന്നത് അൽപം വിചിത്രമായി തോന്നി. തലയിലൂടെ ആ പ്ലാസ്റ്റിക് ബാഗ് ഇടുന്നത് വഴി അവർക്ക് മറ്റുള്ളവരിൽ നിന്നും കൃത്യമായി സാമൂഹിക അകലം പാലിക്കാൻ സാധിച്ചു' എന്ന് വാംഗ് പറയുന്നു. എന്നാൽ, ചുറ്റുമുള്ള യാത്രക്കാർ അതിനോട് അസാധാരണമായി പ്രതികരിച്ചില്ല എന്നും വാംഗ് പറയുന്നു.
മൂന്നുവർഷം മുമ്പ് ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചൈനയിലാണ്. അതോടെ വുഹാൻ വൈറസിന്റെ ഉത്ഭവകേന്ദ്രമായി അറിയപ്പെടുന്നുണ്ട്. ഇപ്പോൾ വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ചില നിയന്ത്രണങ്ങളെല്ലാം ഇവിടെ നിലവിൽ വന്നിരിക്കുന്നത്.
ഏതായാലും വാംഗ് എടുത്ത ഈ ചിത്രം അധികം വൈകാതെ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു.