
കാണാതാവുകയും പിന്നെ നീണ്ട വർഷങ്ങൾക്ക് ശേഷം കണ്ടെത്തുകയും ചെയ്ത പട്ടികളുടെയും പൂച്ചകളുടെയും വാർത്തകൾ ഇതിന് മുമ്പും നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ, ഒൻപത് വർഷം മുമ്പ് മോഷണം പോയ വളർത്തുതത്തയെ ജീവനോടെ ഉടമയ്ക്ക് തിരികെ ലഭിച്ചിരിക്കുകയാണിപ്പോൾ. യുകെ സ്വദേശിയായ റോബർട്ട് മോർട്ടിമറിന്‍റെ വളർത്തുതത്തയാണ് ഒമ്പതു വർഷം മുമ്പ് കാണാതായത്. വെസ്റ്റ് യോർക്‌ഷെയറിലെ ബ്രാഡ്ഫോർഡിലുള്ള വീട്ടിൽനിന്ന് 2017 -ലാണ് ബാർണി എന്ന തത്ത മോഷണം പോയത്. ഏറെക്കാലം തിരച്ചിൽ നടത്തിയെങ്കിലും തത്തയെ കണ്ടെത്താനായില്ല. വർഷങ്ങൾ കടന്നുപോയതോടെ ബാർണി ഇനി ജീവനോടെ ഉണ്ടാകില്ലെന്നുതന്നെ മോർട്ടിമർ കരുതി.
എന്നാൽ, അടുത്തിടെ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന്‍റെ ഫോൺ കോൾ എത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്. “നിങ്ങളുടെ തത്തയെ കണ്ടെത്തി” എന്നായിരുന്നു ഉദ്യോഗസ്ഥ അറിയിച്ചത്. ആദ്യം മോർട്ടിമറിന് അത് വിശ്വസിക്കാനായില്ല. ഏകദേശം പത്ത് വർഷമായതിനാൽ തത്തയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നാണ് കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഡ്ഫോർഡിൽനിന്ന് ഏകദേശം 20 മൈൽ അകലെയുള്ള ഒരു ഐകിയ പാർക്കിങ് ഏരിയയിൽ അലഞ്ഞുതിരിയുന്നതിനിടെയാണ് ബാർണിയെ കണ്ടെത്തിയത്. മൃഗസംരക്ഷണ പ്രവർത്തകർ തത്തയെ പിടികൂടി മൈക്രോചിപ്പ് പരിശോധിച്ചപ്പോഴാണ് പേര് ബാർണി എന്നും അത് ബ്രാഡ്ഫോർഡിൽ നിന്നുള്ളതാണെന്നും മനസ്സിലായത്. എന്നാൽ, ചിപ്പിൽ നൽകിയിരുന്ന ഫോൺ നമ്പർ പ്രവർത്തനരഹിതമായതിനാൽ ഉടമയെ ഉടൻ കണ്ടെത്താനായില്ല.
വളർത്തു തത്തയെ കണ്ടെത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ തത്ത തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് നിരവധി പേർ മൃഗസംരക്ഷണ പ്രവർത്തകരെ ബന്ധപ്പെട്ടു. എന്നാൽ, ആരുടെയും പക്കൽ ഉടമസ്ഥത തെളിയിക്കാനുള്ള രേഖകളുണ്ടായിരുന്നില്ലെന്ന് ഹിലാരി ഹാരി ആൻഡ് ഫ്രണ്ട്സ് വൈൽഡ്‌ലൈഫ് റെസ്ക്യൂ ഉടമ ജെമ്മ ഡംബിൽ പറഞ്ഞു. ബാർണി എന്ന പേര് വിളിച്ചപ്പോൾ തത്ത പ്രതികരിച്ചതും നിർണായകമായി. തുടർന്ന് നടത്തിയ ഇന്‍റർനെറ്റ് തിരച്ചിലിലൂടെയാണ് യഥാർഥ ഉടമയായ മോർട്ടിമറിലേക്ക് മൃഗസംരക്ഷണ പ്രവർത്തകർ എത്തിച്ചേർന്നത്. ഒടുവിൽ ഒൻപത് വർഷത്തെ കാത്തിരിപ്പിന് ശേഷം ബാർണി മോർട്ടിമറിനൊപ്പം വീണ്ടും വീട്ടിലെത്തി. ഇപ്പോൾ ഉടമയുടെ പുതിയ വീട്ടിൽ ബാർണി പുതിയ ജീവിതവുമായി ഇണങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.