
ബ്രഹ്മപുരത്ത് അതിഗുരുതരമായ സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കഴിഞ്ഞ 10 ദിവസമായി എറണാകുളം നഗരവും പരിസര പ്രദേശങ്ങളും ബ്രഹ്മപുരം മാലിന്യം കത്തിയുയര്‍ന്ന പുകയ്ക്കുള്ളിലാണ് ശ്വാസനിശ്വാസങ്ങളെടുക്കുന്നത്. കടമ്പ്രയാര്‍ - ചിത്രപ്പുഴ എന്നീ ആറുകള്‍ക്കിടയിലെ ചതുപ്പ് നിലത്ത് നിയമലംഘനം നടത്തി ഭരണകൂടം സൃഷ്ടിച്ച മാലിന്യമല ഇന്ന് കേരളത്തിലെ ഏറ്റവും വലിയ നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്. ഗര്‍ഭിണികളും കുട്ടികളും പുറത്തേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പുകള്‍ വന്ന് കഴിഞ്ഞു. അത്രയ്ക്ക് ഗുരുതരമാണ് സ്ഥിതി വിശേഷം.
ഇതിനിടെ പ്രതികരണവുമായി എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും രംഗത്തെത്തി. രംഗം ഇത്രയും വഷളായിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും യഥാർത്ഥത്തിൽ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാർത്ഥമായി പറഞ്ഞിട്ടില്ലെന്ന പരാതിയുമായി എഴുത്തുകാരനും തിരക്കഥാകൃത്തും എറണാകുളം സ്വദേശിയുമായ പി എഫ് മാത്യുസും ഇതിനിടെ രംഗത്തെത്തി. 'വിദേശത്ത് നിന്ന് വിളിച്ച സുഹൃത്തിനോട് കൊച്ചി നൊസ്റ്റാൾജിയയുമായി ഇനി വരേണ്ടന്ന് പറഞ്ഞപ്പോള്‍ ഇനി കേരളത്തിലേക്ക് തന്നെ വരുന്നില്ലെന്നാണ് പറഞ്ഞ'തെന്ന് അദ്ദേഹം എഴുതുന്നു. പക്ഷികൾക്കും മുമ്പേ യുവാക്കൾ കേരളം വിട്ട് തുടങ്ങിയെന്നും അങ്ങനെ ചെയ്യാതിരിക്കാന്‍ അവർക്ക് എന്ത് പ്രതീക്ഷയാണ് നമ്മൾ കൊടുത്തതെന്നും അദ്ദേഹം ചോദിക്കുന്നു.
ജനതയോട് സ്നേഹമോ സഹതാപമോ ഇല്ലാതെ ഭരിച്ച് നശിപ്പിച്ച രാഷ്ട്രീയക്കാരുള്ള ഈ നാട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയാണ് എല്ലാവരുമെന്നും അദ്ദേഹം തുടരുന്നു. ഇടതിനേയും വലതിനേയും ദോഷം പറഞ്ഞ് കൊണ്ട്, കസേരയും നോക്കിയിരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റ് പാർട്ടി ഇന്ത്യൻ ജനതയെ കൈയ്യിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോൾ വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്. ഇത്രയുമാകുമ്പോഴേക്കും സൈബർ ഗുണ്ടകൾ ചാവേറായി ഇങ്ങെത്തുമെന്നറിയാം. വരട്ടെ. എന്‍റെ പട്ടി പോലും ഇനി ഇവിടേക്ക് തിരിഞ്ഞ് നോക്കാൻ പോകുന്നില്ലെന്നും അദ്ദേഹം എഴുതുന്നു.
'വർഷങ്ങൾക്ക് മുമ്പ് മെട്രോ റെയിലിന്‍റെ ഉദ്ഘാടന വേളയില്‍ ഇറക്കിയ ഒരു പത്രത്തിന്‍റെ സപ്ലിമെന്‍റിലേക്ക് അഭിപ്രായം ചോദിച്ച് വിളിച്ചപ്പോള്‍ കൊച്ചിക്ക് വേണ്ടത് മികച്ച മാലിന്യ സംസ്ക്കരണ സംവിധാനമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഇന്ന് വിഷവാതകം ശ്വസിച്ച കുട്ടികളുടേയും ഗർഭിണികളുടേയും ആരോഗ്യം എങ്ങനെയാകുമെന്നറിയില്ല. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അറിയില്ല. പക്ഷേ അതിലൊരാള്‍ക്കും വേവലാതിയുമില്ലെന്നും' അദ്ദേഹം എഴുതുന്നു.
'വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറിൽ നിന്ന് പക്ഷികൾ പറന്ന് പോയി. സിപിഎമ്മിന്‍റെയും കോൺസുകാരുടെയും സ്വന്തക്കാരാണ് ഇതിന് പിന്നില്ലെന്ന് പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻ പറ്റില്ല. കൊച്ചിക്കാര്‍ വര്‍ഷങ്ങളായി ഈ ദുരന്തത്തിന്‍റെ ഇരകളാണ്. എന്നാല്‍ സ്വപ്നാ സുരേഷാണ് കേരളത്തിന്‍റെ മുഖ്യ പ്രശ്നമെന്ന മട്ടിലാണ് മാധ്യമങ്ങൾ പെരുമാറുന്ന'തെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 'ഒരിക്കലും കൊച്ചി വിട്ട് പോകാനിടവരരുത്' എന്നാഗ്രഹം പ്രകടിപ്പിച്ച് തുടങ്ങിയ ഫേസ് ബുക്ക് കുറിപ്പിന്‍റെ ഒടുവില്‍ അദ്ദേഹം കൊച്ചിക്കാരോട് 'ഇനി ഈ മണ്ണില്‍ പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ ഒരർത്ഥവുമില്ലെന്നും ഇവിടം വിട്ടു പോകുക എന്നതല്ലാതെ നമ്മുടെ മുന്നില്‍ മറ്റ് വഴിയില്ലെന്ന' മുന്നറിയിപ്പും നല്‍കുന്നു.