ചെക്കന്‍ വെച്ച വാഴ കുലച്ചപ്പോള്‍ ഓടിയെത്തിയ കാരണവരും ചേട്ടനും; മുഖ്യമന്ത്രി പോരില്‍ പ്രതികരണവുമായി പി എഫ് മാത്യൂസ്

Published : May 07, 2026, 06:30 PM IST
Congress CM discussion

Synopsis

സാഹിത്യകാരൻ പിഎഫ് മാത്യൂസ് ഫേസ്ബുക്കിൽ പങ്കുവെച്ച 'വാഴ' എന്ന സാരോപദേശ കഥ, കോൺഗ്രസിലെ അധികാര വടംവലിയെക്കുറിച്ചുള്ള പരോക്ഷ വിമർശനമായി ചർച്ചയാകുന്നു. വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർക്കിടയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കമാണ് കഥയുടെ പശ്ചാത്തലമെന്ന് ലേഖനം സൂചിപ്പിക്കുന്നു.

 

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി സാഹിത്യകാരന്മാരും രംഗത്ത്. മൂന്നാം ഇടത് സർക്കാറിനെതിരെ പ്രസ്ഥാവനകളുമായെത്തിയ സാഹിത്യകാരന്മാർ, യുഡിഎഫിന്‍റെ അപ്രതീക്ഷിത വിജയത്തെ കുറിച്ചും തങ്ങളുടെ നിരീക്ഷണങ്ങൾ നിരത്തി. മുന്നണിക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ചെങ്കിലും കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കങ്ങൾ ഇതിനിടെ ശക്തമായി. ഈ അധികാരത്തർക്കത്തെ പരോക്ഷമായി പരിഹസിക്കുന്ന ഒരു സാരോപദേശ കഥയാണ് പ്രശസ്ത സാഹിത്യകാരനായ പിഎഫ് മാത്യുസ് ഫേസ്ബുക്കിൽ എഴുതിയത്,

മുഖ്യമന്ത്രി സ്ഥാനവും വാഴയും

10 വർഷം പുറത്തിരുന്ന യുഡിഎഫ് ഒടുവിൽ, വി ഡി സതീശന്‍റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ അധികാരം നേടിയപ്പോൾ അതുവരെ അണിയറയിൽ നിന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനായി ചരട് വലികൾ സജീവമാക്കി. ഇതിനിടെയാണ് കോൺഗ്രസിലെ അധികാര തർക്കത്തെ കുറിച്ച് ചെറു സാരോപദേശ കഥയുമായി പി എഫ് മാത്യൂസ് രംഗത്തെത്തിയത്.

'വാഴ' എന്ന് പേരിട്ടിരിക്കുന്ന കഥയിൽ തറവാട്ടിലെ ഇളയ ചെക്കൻ വാഴ വച്ചപ്പോൾ പരിഹസിച്ച പലരും വാൾ കുലച്ചപ്പോൾ അതിൽ അവകാശം ആവശ്യപ്പെട്ട് എത്തിയതിനെ കുറിച്ച് പരാമർശിക്കുന്നു. വാഴയ്ക്കായി പോരാടിയ തറവാട്ടംഗങ്ങൾ ഒടുവിൽ വീടിന് തീ വയ്ക്കുന്നതോടെ കഥ അവസാനിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ നടക്കുന്ന വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ പോര് കേരളത്തിന്‍റെ സമാധാനാന്തരീക്ഷം തന്നെ അസ്വസ്ഥകരമാക്കി തീർക്കുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പി എഫ് മാത്യൂസിന്‍റെ ഫേസ്ബുക്ക് സാരോപദേശ കഥയുടെ പൂർണ്ണരൂപം

വാഴ

തകർന്നടിഞ്ഞ തറവാട്ടുമുറ്റത്ത് ആ തറവാട്ടിലെ ഇളയ ചെക്കൻ വാഴ വെച്ചു. ചെറുപ്പമായതിനാൽ വലിയ പ്രതീക്ഷയായിരുന്നു. കാരണവരും അയലത്തുകാരും കണ്ടുനിന്ന ചേട്ടനും പരിഹസിച്ചു. അയലത്തെ അഹങ്കാരിയായ പടു വൃദ്ധൻ തലങ്ങും വിലങ്ങും തെറി വിളിച്ചു. ഈ മണ്ണിൽ വാഴ വളരില്ല ബുദ്ധിജീവികളായ ചില നാട്ടുകാർ ഉപദേശിച്ചു. അയലത്തെ പടു വൃദ്ധൻ അഹങ്കാരിയാണേലും തൻ്റെ മുറ്റത്തേക്ക് ഈ വാഴ മാറ്റി നട്ടോളൂന്ന് സൗമനസ്യത്തോടെ ഉപദേശിച്ചു. തറവാട്ടിലെ ഇളയ ചെക്കനല്ലേ കേട്ടില്ല. ദിനവും വെള്ളമൊഴിച്ചു, വളമിട്ടു. ഒടുവിൽ വാഴ കുലച്ചു തുടങ്ങി. കുല മൂത്തു തുടങ്ങിയപ്പോഴേക്കും തറവാട്ടു കാരണവർ ആർത്തിയോടെ മുന്നിലേക്ക് വന്നു. ദൂരെ നിന്ന് മൂത്ത ചേട്ടൻ ഓടിപ്പാഞ്ഞു വന്നു. സത്യത്തിൽ വാഴക്കുലയുടെ അധികാരി തങ്ങളാണ് എന്നവർ നിയമം തലനാരിഴ കീറി സ്ഥാപിച്ചു. തങ്ങൾക്കത് വെട്ടിത്തന്നില്ലെങ്കിൽ തറവാട് തന്നെ കുളം തോണ്ടും എന്നു പ്രഖ്യാപിച്ചു. ഇതിനകം അയലത്തെ അഹങ്കാരിയായ പടു വൃദ്ധൻ കിടപ്പിലായി കഴിഞ്ഞിരുന്നു. അതിനാൽ അവിടെ നിന്നും പ്രതീക്ഷിച്ച ശല്യം ഒന്നുമുണ്ടായില്ല. തറവാട്ടിലെ കാരണവരും ചേട്ടനും ചെക്കനും കൂടി തമ്മിൽ തല്ലിത്തല കീറി. ഒടുവിൽ അവരെല്ലാം ചേർന്ന് തറവാടിന് തീയിട്ടു.

(പഴയ ഒരു സാരോപദേശ കഥ )

 

PREV
Read more Articles on
click me!

Recommended Stories

2,000 വർഷം മുമ്പ് അഗ്നിപർവ്വത സ്ഫോടനത്തിനിടെ രക്ഷപ്പെടാനുള്ള ഓട്ടം, പോംപേയിലെ ആ പൂർവ്വീകന് പുന‍ർജന്മം
എണ്ണം കൂടിയാൽ പ്രശ്നം, കുറച്ചാൽ പ്രശ്നം; മരണത്തോളമെത്തുന്ന ചൈനക്കാരുടെ ചില ബട്ടൺ വിശ്വാസങ്ങൾ