
ഉന്നത വിദ്യാഭ്യാസം നേടിയാലും ജോലിയില്ലാത്ത സാഹചര്യത്തെ കുറിച്ച് പലരും പരാതി പറയാറുണ്ട്. ഇനി അഥവാ ജോലി കിട്ടിയാൽ തന്നെയും പ്രതീക്ഷിക്കുന്ന ശമ്പളം പലയിടങ്ങളിലും കിട്ടാറില്ല. അതുപോലെ തന്നെ പലപ്പോഴും പിഎച്ച്ഡി സ്കോളര്‍മാരും സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് പറയാറുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ലിങ്ക്ഡ്ഇന്നിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
റഹാൻ അക്തർ എന്ന യുവാവാണ് പോസ്റ്റിട്ടിരിക്കുന്നത്. ഐഐടി ഡൽഹിയിലെ പിഎച്ച്ഡി സ്കോളറായ ഒരാളുടെ അനുഭവമാണ് യുവാവ് പറയുന്നത്. തന്‍റെ സുഹൃത്തായ ഈ 33 -കാരന്‍ വിവാഹിതനാണ് എന്നും പോസ്റ്റില്‍ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗവേഷണം നടത്തിയത്, എന്നിട്ടും മാസം 35,000 രൂപ മാത്രമാണ് അയാൾക്ക് കിട്ടുന്നത് എന്നാണ് റഹാൻ തന്റെ പോസ്റ്റിൽ പറയുന്നത്. ജെഇഇ, ഗേറ്റ്, പിഎച്ച്ഡി അഭിമുഖങ്ങൾ പോലുള്ള മത്സര പരീക്ഷകളിൽ എല്ലാം വിജയിച്ചുവെങ്കിലും ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് ഇയാൾ എന്നും പോസ്റ്റിൽ പറയുന്നു.
ഗവേഷണത്തിനപ്പുറം, ഈ സ്കോളർ ബിരുദ കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്. നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ അവലോകനം ചെയ്യുകയും സ്വന്തമായി അനേകം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അക്കാദമികമായി ഇത്രയധികം നേട്ടങ്ങളുണ്ടാക്കിയിട്ടും തന്റെയീ കുറഞ്ഞ സ്റ്റൈപ്പൻഡ് കൊണ്ട് വാടക കൊടുക്കാനും വീട്ടുകാരുടെ കാര്യങ്ങൾ കൂടി നോക്കാനും ഒക്കെയായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇയാൾ പാടുപെടുകയാണ് എന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു.
പിഎച്ച്ഡി സ്കോളർമാർ വെറും വിദ്യാർത്ഥികളല്ല, അവർ അധ്യാപകരും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നവരുമാണ്. ഈ സിസ്റ്റം അത് മനസിലാക്കേണ്ട സമയമായി എന്നും അവർക്ക് ആവശ്യമുള്ള പരിഗണന നൽകേണ്ട സമയമായി എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് അനേകങ്ങളാണ് കമന്റുകളുമായി എത്തിയത്. ഇത് സത്യമാണ് എന്നും പലപ്പോഴും പിഎച്ച്ഡി സ്കോളർമാർ കഷ്ടത്തിലാണ് എന്നും കമന്റ് നൽകിയവർ അനേകങ്ങളുണ്ട്. എന്നാൽ, അതേസമയം തന്നെ പോസ്റ്റിനെ വിമർശിച്ചവരും ഉണ്ട്. പിഎച്ച്ഡി സ്കോളര്‍മാര്‍ വിദ്യാര്‍ത്ഥികളാണ്, അത് ജോലിയല്ല എന്നാണ് ഒരാള്‍ കമന്‍റ് നല്‍കിയത്.
(ചിത്രം പ്രതീകാത്മകം)