പരിപ്പുകറിയിൽ സ്ക്രബറിന്‍റെ കഷ്ണം; ഭക്ഷണമോ, പണമോ, മാപ്പോ വേണ്ട പരാതിയുമായി മുന്നോട്ട്, പിന്നാലെ കാറ്ററിങ് കരാറുകാരന് പിഴ ചുമത്തി ഐആർസിടിസി

Published : Nov 12, 2026, 11:15 AM IST
metal piece found in IRCTC food

Synopsis

ഗുവാഹത്തി - ഓഖ ദ്വാരക എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ പരിപ്പുകറിയിൽ ലോഹക്കഷണം കണ്ടെത്തി. സംഭവത്തിൽ ഐആർസിടിസി കാറ്ററിങ് കരാറുകാരന് പിഴ ചുമത്തുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. പണമോ പകരമുള്ള ഭക്ഷണമോ സ്വീകരിക്കാതെ യാത്രക്കാരൻ പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

ഗുവാഹത്തി – ഓഖ ദ്വാരക എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കരാറുകാരനെതിരെ നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ. കരാറുകാരനെതിരെ പിഴ ചുമത്തിയതായും സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.

പരിപ്പ് കറിയിലെ ലോഹക്കഷ്ണം

അമിത് അവസ്തി എന്ന യാത്രക്കാരനാണ് ഭക്ഷണത്തിൽ ലോഹക്കഷണം കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ചു. ഭക്ഷണത്തിന്‍റെ പകുതിയോളം കഴിച്ച ശേഷമാണ് പരിപ്പുകറിയിൽ ലോഹക്കഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. വെള്ളിനിറത്തിലുള്ള ലോഹക്കഷണമാണ് കറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്, ഇത് അറിയാതെ ഭക്ഷണത്തോടൊപ്പം ഉള്ളിൽ ചെന്നിരിക്കുമോയെന്ന ആശങ്കയും അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചു.

പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിന്‍റെ ഭാഗമാണ് ഇതെന്നാണ് ജീവനക്കാർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയിൽ ട്രെയിനിലെ കാറ്ററിങ് ജീവനക്കാരൻ ലോഹക്കഷണം പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിൽനിന്ന് ഭക്ഷണത്തിൽ വീണതാകാമെന്ന് പറയുന്നുണ്ട്. ഇത്തരം സ്ക്രബറുകളും മെഷ് പാഡുകളും സാധാരണയായി സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

ഭക്ഷണമോ, പണമോ, മാപ്പോ വേണ്ട പരാതിയുമായി മുന്നോട്ട്

യാത്രക്കാരന് ഭക്ഷണം മാറ്റിനൽകാമെന്ന് ജീവനക്കാരൻ അറിയിച്ചു. സംഭവത്തിൽ ആവർത്തിച്ച് ക്ഷമാപണം നടത്തിയ അദ്ദേഹം പണം തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ, പുതിയ ഭക്ഷണവും പണവും സ്വീകരിക്കാൻ യാത്രക്കാരൻ തയ്യാറായില്ല. പകരം റെയിൽവേയ്ക്ക് പരാതി നൽകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഭക്ഷണത്തിലെ ലോഹക്കഷണത്തിന്‍റെ ദൃശ്യങ്ങൾ യാത്രക്കാരൻ എക്സിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ഐആർ സിടിസിയുടെ ഔദ്യോഗിക അക്കൗണ്ട് പ്രതികരണവുമായി എത്തിയത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതായും അറിയിപ്പിൽ പറയുന്നു. എന്നാൽ, കാറ്ററിങ് കരാറുകാരന് എത്ര രൂപയാണ് പിഴ ചുമത്തിയതെന്ന് ഐആർസിടിസി വെളിപ്പെടുത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ടൗവലിൽ പൊതിഞ്ഞ് കുഴിച്ചിട്ട 11 മാസം പ്രായമായ കുഞ്ഞിനെ 24 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി! അച്ഛൻ അറസ്റ്റിൽ
മൃഗശാലയിൽ നിന്നും ആഫ്രിക്കൻ സിംഹങ്ങൾ രക്ഷപ്പെട്ടെന്ന് ചിത്രം സഹിതം പ്രചാരണം, ഭയന്ന് വിറച്ച് യുഎസ് നഗരം; ഒടുവിൽ എല്ലാം എഐയെന്ന്!