അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കളെ പാർപ്പിക്കുന്ന കൂട്ടിലടച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കാണാതായി 24 മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് കുഞ്ഞിനെ ജീവനോടെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ മൈക്കൽ കോമറിനെ പോലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കളെ പാർപ്പിക്കുന്ന വയർ കൊണ്ട് നിർമ്മിച്ച കൂട്ടിലടച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ജീവനോടെ കണ്ടെത്തി. മണ്ണിനടിയിൽ ഏകദേശം 24 മണിക്കൂറോളം കഴിഞ്ഞ കുഞ്ഞിനെ തിരച്ചിൽ സംഘമാണ് കണ്ടെത്തി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കോയാ ഷാർപ്പ് എന്നു പേരുള്ള കുഞ്ഞിനെ ചൊവ്വാഴ്ചയാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കുഞ്ഞിനെയും അച്ഛനെയും കാണാനില്ല!

കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ലെക്സിങ്ടൺ കൗണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. അമ്മയുടെ വീട്ടിൽ അച്ഛന്‍റെ അമ്മയുടെ പരിചരണത്തിലായിരുന്ന കുഞ്ഞിനെ, മുത്തശ്ശി പുറത്തുപോയ സമയത്ത് അച്ഛനായ 25 -കാരൻ മൈക്കൽ കോമറിന്‍റെ സംരക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെ വീട്ടിലേക്ക് മറ്റൊരു പരിചാരകൻ എത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലെന്ന് പരാതിപ്പെട്ടു. ഈ സമയം മൈക്കൽ കോമറും അവിടെയില്ലായിരുന്നു. പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.

Scroll to load tweet…

കുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി ബേറ്റ്സ്ബർഗിലെ ഒരു കെട്ടിടത്തിൽനിന്ന് പൊലീസ് മൈക്കിൽ കോമറിനെ പിടികൂടി. എന്നാൽ, കുഞ്ഞ് ഇയാളുടെ ഒപ്പമുണ്ടായിരുന്നില്ല. തുടർന്ന് നൂറോളം പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും തിരച്ചിൽ തുടർന്നു. ഇതിനിടെ മൈക്കിൾ കോമറിന്‍റെ വീടിനടുത്തുള്ള വനപ്രദേശത്ത് പുതുതായി ഇളക്കിയ മണ്ണ് അന്വേഷകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിർണായക സൂചന ലഭിച്ചത്. മണ്ണ് നീക്കിത്തുടങ്ങിയപ്പോൾ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടു. ഏകദേശം 50 അടി അകലെയുള്ള സ്ഥലത്തുനിന്ന് ടൗവൽ കൊണ്ട് പൊതിഞ്ഞ ഒരു വയർ കൂട്ടിനുള്ളിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.

'ഏറ്റവും സന്തോഷം നൽകുന്ന ശബ്ദം!'

രക്ഷപ്പെടുത്തിയ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞ് 'ജീവിതത്തിലേക്ക് മുറുകെപ്പിടിച്ചുകൊണ്ട് കരയുകയായിരുന്നു' എന്ന് ലെക്സിംഗ്ടൺ കൗണ്ടി ഷെരീഫ് ജേ കൂൺ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. “ഒരു കുഞ്ഞ് കരയുന്ന ശബ്ദമായിരിക്കാം, പക്ഷേ നിങ്ങൾ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സന്തോഷം നൽകുന്ന ശബ്ദമായിരുന്നു അത്,” അദ്ദേഹം സന്തോഷം മറച്ചുവച്ചില്ല. വയർ കൊണ്ടുള്ള കൂടിന് ചുറ്റും പൊതിഞ്ഞിരുന്ന തുണി വായു കടക്കാനുള്ള ചെറിയ ഇടം സൃഷ്ടിച്ചതാകാം 24 മണിക്കൂറും മണ്ണിന് അടിയിൽ കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ ജീവൻ നഷ്ടപ്പെടാതിരുന്നതെന്ന് ഷെരീഫ് ജെയ് കൂൺ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് നിരീക്ഷണത്തിലാണ്. മൈക്കൾ കോമറിനെ മോഷണക്കുറ്റം, അറസ്റ്റ് ചെറുത്തുനിൽക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ഒപ്പം കൂടുതൽ കുറ്റങ്ങൾ ചുമത്തുന്ന കാര്യം അധികൃതർ പരിശോധിച്ചുവരികയാണ്.