അക്രോൺ മൃഗശാലയിൽ നിന്ന് സിംഹങ്ങൾ ചാടിപ്പോയി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും എഐ ചിത്രങ്ങളും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. മൃഗശാലയിലെ സിംഹങ്ങളെല്ലാം സുരക്ഷിതരാണ്. സുരക്ഷാ പരിശീലനത്തെ തെറ്റിദ്ധരിച്ചാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്.
ഒരു നഗരത്തിലെ ജനങ്ങളെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ വാർത്തയായിരുന്നു അത്. മൃഗശാലയുടെ കൂടുപൊളിച്ച് ആഫ്രിക്കൻ സിംഹങ്ങൾ തെരുവിലേക്കിറങ്ങിയിരിക്കുന്നു! ഒപ്പം തെരുവിൽ ഒരു വേസ്റ്റ് ബിന്നിന് സമീപം നിൽക്കുന്ന രണ്ട് സിംഹങ്ങളുടെ ചിത്രവും. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രം കണ്ട് യുഎസിലെ അക്രോൺ നഗരവാസികൾ ഞെട്ടി. എന്നാൽ, പ്രചരിച്ച ഈ ഭീതിക്ക് പിന്നിലെ വാസ്തവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്തമായ അക്രോൺ മൃഗശാല. പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ നാല് സിംഹങ്ങളും മൃഗശാലയിലെ സുരക്ഷിതമായ കൂട്ടിനുള്ളിൽ തന്നെയുണ്ടെന്നും അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വ്യാജ ചിത്രവും പടർന്ന അഭ്യൂഹങ്ങളും
യുപിഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാട്ടുതീ പോലെയാണ് ഈ ചിത്രം പടർന്നത്. ഒരു മാലിന്യക്കൂനയ്ക്ക് സമീപം രണ്ട് ആഫ്രിക്കൻ സിംഹങ്ങൾ നിൽക്കുന്നതായിരുന്നു ഫോട്ടോ. ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാതെ പലരും ഇത് പങ്കുവെച്ചതോടെ മൃഗശാലയിൽ നിന്ന് സിംഹങ്ങൾ ചാടിപ്പോയിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി.
ഇതോടെ അക്രോൺ മൃഗശാല വിശദീകരണവുമായി രംഗത്തെത്തി. "കഴിഞ്ഞ ആഴ്ച അക്രോൺ മൃഗശാലയിൽ നിന്ന് ആഫ്രിക്കൻ സിംഹങ്ങൾ ചാടിപ്പോയിയെന്ന രീതിയിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിനായി എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. എന്നാൽ, ഞങ്ങളുടെ സിംഹങ്ങൾ പൂർണ്ണ സുരക്ഷിതരാണ്," എന്ന് മൃഗശാല വ്യക്തമാക്കി.
ഭീതിക്ക് കാരണമായ ആ 'മോക്ക് ഡ്രിൽ'
പെട്ടെന്ന് ഇത്തരമൊരു വ്യാജവാർത്ത പ്രചരിക്കാൻ ഇടയാക്കിയ പശ്ചാത്തലവും മൃഗശാല വ്യക്തമാക്കി. നവംബർ 4 -ന് അക്രോൺ പോലീസും ഫയർ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് മൃഗശാലയിൽ ഒരു പ്രത്യേക മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. അപായ സാഹചര്യങ്ങൾ ഉണ്ടായാൽ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള ഈ പതിവ് പരിശീലനത്തെ ദുർവ്യാഖ്യാനം ചെയ്താണ് വ്യാജ എഐ ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്യുന്നതിലെ അപകടമാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന ഞെട്ടിക്കുന്ന വാർത്തകളും ചിത്രങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം മാത്രം വിശ്വസിക്കുകയെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ 'സിംഹക്കഥ'.














