
ഒരു യാത്രികൻ വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികർക്ക് അശ്ലീല ചിത്രങ്ങൾ അയച്ചതിനെ തുടർന്ന് വിമാനത്തിന്റെ പൈലറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ വൈറൽ ആയതോടെ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയ പൈലറ്റിനോട് 'വലിയ അപ്പൻ' ആവാൻ വരരുത് എന്നാണ് സോഷ്യൽ മീഡിയ നൽകിയ മറുപടി.
ടീഗ്‌ലർ മാർസലിസ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ആദ്യമായി വീഡിയോ പുറത്തുവന്നത്. പോസ്റ്റ് ചെയ്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളും ഉയർന്നുവന്നു.
സംഭവം ഇങ്ങനെയാണ്, വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, പറന്നുയരുന്നതിന് മുമ്പ് പൈലറ്റ് നൽകുന്ന അറിയിപ്പുകൾ നമ്മളിൽ ഭൂരിഭാഗവും അവഗണിക്കും. എന്നാൽ, ടെക്‌സാസിലെ ഹൂസ്റ്റണിൽ നിന്ന് മെക്‌സിക്കോയിലെ കാബോ സാൻ ലൂക്കാസിലേക്കുള്ള ഒരു വിമാനത്തിൽ സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ പൈലറ്റിന്റെ അറിയിപ്പ് യാത്രക്കാരെ അത്ഭുതപ്പെടുത്തി.
ടീഗ്‌ലർ മാർസാലിസ് പങ്കിട്ട ഇപ്പോൾ വൈറലായ വീഡിയോയിൽ, പൈലറ്റ് കർശനമായ ഉത്തരവ് പ്രഖ്യാപിക്കുന്നതാണ് കാണാൻ കഴിയുക. അജ്ഞാതനായ ഒരു യാത്രക്കാരൻ എയർഡ്രോപ്പ് ഫീച്ചർ വഴി സഹയാത്രികർക്ക് നഗ്നചിത്രങ്ങൾ അയയ്ക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൈലറ്റിന് അറിയിപ്പ് നൽകേണ്ടി വന്നത്. നിങ്ങൾ വിമാനത്തിലിരുന്ന് നഗ്നചിത്രങ്ങൾ പരസ്പരം അയക്കുകയാണ് എങ്കിൽ ഞാൻ നിങ്ങളെ കയറ്റിയെടുത്ത് ഇറക്കിവിടും ഈ അവധിക്കാലം നിങ്ങൾക്ക് നഷ്ടമാകും എന്നായിരുന്നു ശാസന കലർന്ന ഉത്തരവ്.
എന്നാൽ, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. ചിലർ പൈലറ്റിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായ ഭാഷയിൽ അദ്ദേഹത്തെ വിമർശിച്ചു. പൈലറ്റ് വലിയ അപ്പൻ കളിക്കാൻ വരികയാണെന്നായിരുന്നു ചിലരുടെ കമൻറ്. സദാചാര പൊലീസ് ചമയരുതെന്നും മറ്റു ചിലർ പറഞ്ഞു. ഏതായാലും ഓരോ നിമിഷവും വൈറലായി കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കിടയിൽ ഇത്തരത്തിൽ ഒന്ന് ഇത് ആദ്യമായിരിക്കും.