
ബൈക്കും കാറും ചിലപ്പോഴൊക്കെ ലോറികളും അത്യപൂര്‍വ്വമായി കെഎസ്ആര്‍ടിസി ബസുകളും മോഷണം പോകുന്ന വാര്‍ത്തകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച കാനഡയില്‍ അസാധാരണമായ ഒരു മോഷണം നടന്നു. ഒരു ചെറു വിമാനം ! അതെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ കാനഡയിലെ വാൻകൂവർ ദ്വീപിന്‍റെ പ്രവിശ്യാ തലസ്ഥാനമായ വിക്ടോറിയയിലെ വിക്ടോറിയ ഫ്ലൈയിംഗ് ക്ലബിന്‍റെ ഒരു ചെറു വിമാനമാണ് മോഷണം പോയത്.
ഒരു പൈലറ്റിന് പറത്താന്‍ കഴിയുന്ന ചെറിയ സെസ്ന 172 വിമാനം മോഷണം പോയെന്നും കാനഡയിലെ അന്താരാഷ്ട്രാ വിമാനത്താവള അതിര്‍ത്തിയിലേക്ക് പ്രവേശിക്കുകയാണെന്നും പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചതോടെ പ്രദേശം മുഴുവനും അതീവ ജാഗ്രതയിലേക്ക് നീങ്ങി. ഏറെ താമസിക്കാതെ കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ വാന്‍കൂവർ വിമാനത്താവളത്തില്‍ ചെറു വിമാനം ലാന്‍റ് ചെയ്തു. പിന്നാലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വിമാനം മോഷ്ടിച്ച് പറത്തിയ പൈലറ്റിനെ അറസ്റ്റ് ചെയ്തു.
ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല. വിമാനത്തില്‍ യാത്രക്കാരനായും ഇയാൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇയാൾ എന്തിനാണ് ചെറു വിമാനം മോഷ്ടിച്ചതെന്നോ വാന്‍കൂവറിലേക്ക് പറത്തിയതെന്നോ വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ചെറുവിമാനം കാനഡയുടെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലേക്ക് വരുന്നവെന്ന മുന്നറിയിപ്പിന് പിന്നാലെ, വാന്‍കൂവറിലേക്ക് എത്തേണ്ടിയിരുന്ന ഒമ്പതോളം വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. വിമാനത്താവളവും വെസ്റ്റ് കോസ്റ്റ് നഗരവും പോലീസ് അതീവ സുരക്ഷയിലായിരുന്നു, മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് മറ്റ് വിമാനങ്ങൾക്ക് വിമാനത്താവളത്തിൽ ഇറങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.