കഥകളി കലാകാരന്മാരെ പൈജാമയിടീച്ച ശങ്കർ...

By Web TeamFirst Published Jul 30, 2021, 11:24 PM IST
Highlights

കഥകളി കാണാനെത്തിയവര്‍ക്ക് കോണകം വരെ കാണാമെന്ന ആക്ഷേപവുമുണ്ടായി. അന്ന് ശങ്കറാണത്രെ കോണകം മാറ്റി പൈജാമ ധരിക്കുന്നതിനെ കുറിച്ച് കലാകാരന്മാരോട് പറയുന്നത്. 

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് കഥകളിയിലെന്താണ് കാര്യം? 

കാര്യമുണ്ട്. കഥകളിയോട് വലിയ താല്‍പര്യമുണ്ടായിരുന്ന ആളാണ് അദ്ദേഹം. ദില്ലിയില്‍ മാത്രമല്ല, ലോകത്തിലാകെ തന്നെ കഥകളി ശ്രദ്ധിക്കപ്പെടുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്.അതുമാത്രമല്ല, കഥകളി ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നാലു പ്രധാന പരിഷ്‌കരണങ്ങള്‍ക്കു പിറകില്‍ അദ്ദേഹമായിരുന്നു. യാഥാസ്ഥിതികരാല്‍ ഏറെ വിമര്‍ശിക്കപ്പെട്ടുവെങ്കിലും, ആ മാറ്റങ്ങള്‍ പിന്നീട് കഥകളിയുടെ തന്നെ ഭാഗമായി. 

1952 -ല്‍ റിപ്പബ്ലിക് പരേഡ് ഒരുക്കിയ കൂട്ടത്തില്‍ ഫ്‌ളോട്ടില്‍ കഥകളിയുമുണ്ടായിരുന്നു. രാത്രിയില്‍, നിലവിളക്കിന്റെ വെളിച്ചത്തില്‍ മാത്രം കളിച്ചുപോന്ന കഥകളി പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനിടെ ഓടുന്ന വാഹനത്തില്‍ കളിച്ചപ്പോള്‍ അത് വലിയ വിവാദമായി. യാഥാസ്ഥിതികര്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ചു. 

പിന്നീട്, ദില്ലിയില്‍ പകല്‍വെട്ടത്തില്‍ പലവട്ടം അദ്ദേഹം കഥകളി സംഘടിപ്പിച്ചു. അന്നത് വിവാദമായെങ്കിലും ഇന്നിപ്പോള്‍ കഥകളി അവതരിപ്പിക്കുന്നതില്‍ ദേശവും കാലവും സമയവുമൊന്നും വിഷയമല്ല എന്നത് ഓര്‍ക്കേണ്ടതുണ്ട്.

മറ്റൊരു കാര്യം കൂടിയുണ്ട് കഥകളിയും ശങ്കറുമായി ബന്ധപ്പെട്ടത്. അത് കഥകളി കലാകാരന്മാരുടെ വേഷവുമായി ബന്ധപ്പെട്ടതാണ്. അവര്‍ പൈജാമ ഇടാന്‍ തുടങ്ങിയതിനു പിന്നില്‍ ശങ്കറാണ്. 

ആ രസകരമായ കഥയിങ്ങനെയാണ്:

ആദ്യകാലത്തൊക്കെ ദില്ലിയില്‍ സ്റ്റേജിലാണ് കഥകളി അവതരിപ്പിച്ചിരുന്നത്. കാണാനെത്തുന്നവര്‍ സദസിലുണ്ടാവും. അത് മിക്കവാറും താഴെ ആയിരിക്കും. അന്ന് കഥകളി കലാകാരന്മാര്‍ വേഷത്തിനടിയില്‍ കോണകമായിരുന്നു ഉടുത്തിരുന്നത്. കഥകളി കാണാനെത്തിയവര്‍ക്ക് കോണകം വരെ കാണാമെന്ന ആക്ഷേപവുമുണ്ടായി. അന്ന് ശങ്കര്‍ അവരോട് ഉത്തരേന്ത്യയില്‍ വ്യാപകമായി കിട്ടിയിരുന്ന പൈജാമ ധരിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മുട്ടുവരെയെങ്കിലും കാല്‍ മറക്കണമെന്ന് പറഞ്ഞ ശങ്കര്‍ കഥകളി കലാകാരന്മാര്‍ക്ക് പൈജാമ എത്തിച്ചും നല്‍കി.അതു പില്‍ക്കാലത്ത് അതിസാധാരണമായ ഒന്നായി മാറി. 

അതുപോലെ ശങ്കര്‍ സ്ഥാപിച്ച പാവമ്യൂസിയത്തിലും നിരവധി കഥകളിരൂപത്തിലുള്ള പാവകളുണ്ട്. 1960 -ല്‍ ദില്ലിയില്‍ അന്തര്‍ദേശീയ കഥകളി കേന്ദ്രം സ്ഥാപിച്ചതിന് പിന്നിലും അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു.
 

click me!