
മുൻ കാമുകിയെ കൊലപ്പെടുത്താനും ലൈംഗികമായി ആക്രമിക്കാനും യുവാവ് പദ്ധതിയിടുന്നെന്ന് പോലീസിന് വിവരം നൽകിയത് ചാറ്റ്ജിപിടി! എന്താ വാർത്ത കണ്ടപ്പോൾ ഒന്ന് ഞെട്ടിയോ? എന്നാൽ സത്യമാണ്. യുഎസിലാണ് ഈ അസാധാരണമായ കേസുണ്ടായത്. കാമുകിയെ കൊല്ലാൻ പദ്ധതിയിട്ട 25 -കാരനായ മുൻ ഗോൾഡ്മാൻ സാക്സ് അനലിസ്റ്റ് ഡാരൻ ഷിഡ സോയെ പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റ് ജിപിടിയിലെ സംഭാഷണങ്ങളിൽ ഗുരുതരമായ ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് ഒപ്പൺ എഐ വിവരം യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (FBI) അറിയിച്ചതോടെയാണ് സംഭവം അറസ്റ്റിലേക്ക് നീണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അറസ്റ്റിന് പിന്നാലെ സോയെ ഗോൾഡ്മാൻ സാക്സിൽ നിന്ന് പുറത്താക്കി.
കഴിഞ്ഞ മാർച്ചിൽ ഡാരൻ ഷിഡ സോ മുൻ കാമുകിയെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും ചാറ്റ്ജിപിടിയോട് സംസാരിച്ചിരുന്നു. ആറ് മാസം നീണ്ട പ്രണയം അവസാനിച്ചതിന് പിന്നാലെ മുൻ കാമുകി മറ്റുള്ള പുരുഷന്മാരുമായി ഇടപഴകുന്നതിൽ ഇയാൾ അസൂയയും അനിയന്ത്രണ സ്വഭാവവും പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ രേഖകൾ പറയുന്നു. യുവതി 21 -കാരിയാണെന്നും, ഡാരൻറെ പെരുമാറ്റം ഭയന്നാണ് ബന്ധം അവസാനിപ്പിച്ചതെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നും റിപ്പോർട്ടുകളിൽ പറയുന്നു. വേർപിരിഞ്ഞ ശേഷവും ഡാരൻ യുവതിയെ നിരന്തരം ഫോൺ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതി ഫോൺ നമ്പറും ഇൻസ്റ്റഗ്രാം അക്കൗണ്ടും ബ്ലോക്ക് ചെയ്തതോടെ ആപ്പ് വഴി ലഭിക്കുന്ന പുതിയ നമ്പറുകൾ ഉപയോഗിച്ചും ഇയാൾ യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചു.
അതേസമയം ചാറ്റ്ജിപിടി സംഭാഷണങ്ങളിൽ ഇയാൾ തന്‍റെ മുൻ കാമുകിയെ ജിമ്മിന് സമീപം കാത്തുനിന്ന് പൂക്കൾ നൽകി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും, നിരസിച്ചാൽ തോക്ക് ഉപയോഗിച്ച് ആക്രമിക്കുമെന്നും പറഞ്ഞതായി കോടതി രേഖകൾ പറയുന്നു. തുടർന്ന് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും തടവിലാക്കുകയും ചെയ്യുന്നതടക്കമുള്ള ഗുരുതരമായ പദ്ധതികളെക്കുറിച്ചും ഇയാൾ ചാറ്റിൽ വിശദീകരിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ, ഡാരന്‍റെ സന്ദേശങ്ങളിലെ ഭീഷണി തിരിച്ചറിഞ്ഞ ഓപ്പൺ എഐ വിവരങ്ങൾ എഫ്ബിഐയ്ക്ക് കൈമാറി. പിന്നീട് ഫെഡറൽ ഏജൻസികൾ വിവരങ്ങൾ ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടി ഷെരിഫ് ഓഫീസിന് കൈമാറി. ഇതോടെയാണ് അറസ്റ്റിന് വഴിതെളിഞ്ഞത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഡാരന്‍റെ അറസ്റ്റ്. കഴിഞ്ഞ ആഴ്ച നടന്ന വിചാരണയ്ക്കിടെ ഡാരന്‍ കുറ്റങ്ങൾ സമ്മതിച്ചു. ജയിൽശിക്ഷയ്ക്ക് പകരം എട്ട് വർഷത്തെ പ്രൊബേഷൻ വിധിച്ച കോടതി, ആദ്യ രണ്ട് വർഷം ഇലക്ട്രോണിക് നിരീക്ഷണം, മുൻ കാമുകിയുമായി യാതൊരു ബന്ധവും പാടില്ലെന്ന വ്യവസ്ഥ, മാനസികാരോഗ്യ പരിശോധന, ബാറ്റർ ഇൻറർവെൻഷൻ പരിപാടിയിൽ പങ്കെടുക്കൽ, മയക്കുമരുന്ന്, മദ്യം, തോക്കുകൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കൽ തുടങ്ങിയ നിബന്ധനകളും വിധിച്ചെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം സംഭവം സമൂഹ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ എഐ ചാറ്റ് ബോട്ടുകളുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ ശേഖരിക്കുന്നതും അതിനെ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും വലിയ ചർച്ചകൾ നടന്നു. ഭരണകൂടങ്ങൾ ഇത്തരം സാങ്കേതിക ഉപകരണങ്ങളെ പൗരന്മാരെ നിയന്ത്രിക്കാൻ ഉപയോഗിക്കാനുള്ള സാധ്യതകളെ കുറിച്ചും നിരവധി പേർ എഴുതി.