സിംഗപ്പൂർ ആസ്ഥാനമായുള്ള ഇന്ത്യൻ സംരംഭകൻ മനോജ് അഹിർവാറിന് ടിമോർ - ലെസ്റ്റെയിൽ വെച്ച് ഇന്ത്യൻ പാസ്‌പോർട്ടിന്റെ പേരിൽ അധിക പരിശോധനകൾ നേരിടേണ്ടി വന്നു. വിസ ഓൺ അറൈവൽ സൗകര്യമുണ്ടായിട്ടും, ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത അനുഭവം അദ്ദേഹം പങ്കുവെച്ചതോടെ, ഇന്ത്യൻ പാസ്‌പോർട്ടിന്റെ ശക്തിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.
ഇന്ത്യൻ പാസ്‌പോർട്ടിന്‍റെ ശക്തിയും ആഗോള യാത്രയിൽ നേരിടേണ്ടിവരുന്ന അധിക പരിശോധനകളും ചർച്ചയാക്കിയ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകൻ മനോജ് അഹിർവാറിന്‍റെ അനുഭവ കുറിപ്പ് വൈറൽ. ടിമോർ - ലെസ്റ്റെയിൽ എത്തിയപ്പോൾ മറ്റ് യാത്രക്കാർക്ക് ലഭിച്ച സാധാരണ പ്രവേശന നടപടിക്ക് പകരം തന്നെ പ്രത്യേകമായി മാറ്റിനിർത്തി നിരവധി ചോദ്യങ്ങൾ ചോദിച്ചുവെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. “ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളത് ചിലപ്പോൾ ശരിക്കും സങ്കടകരമാണ്” എന്ന അദ്ദേഹത്തിന്‍റെ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയത്.
ഇന്ത്യൻ പാസ്പോർട്ടിന് കൂടുതൽ ചോദ്യങ്ങൾ
UniqueSide.io എന്ന കമ്പനിയുടെ സ്ഥാപകനായ മനോജ് അഹിർവാർ 20-ലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളയാളാണ്. ടിമോർ - ലെസ്റ്റെയായിരുന്നു അദ്ദേഹത്തിന്‍റെ 22-ാമത്തെ രാജ്യം. ദില്ലി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കുടിയേറ്റ ഉദ്യോഗസ്ഥർ അദ്ദേഹത്തെ മറ്റ് യാത്രക്കാരിൽ നിന്ന് മാറ്റിനിർത്തിയത്. ഇന്ത്യൻ പൗരന്മാർക്ക് ടിമോർ - ലെസ്റ്റെയിൽ വിസ ഓൺ അറൈവൽ സൗകര്യമുണ്ടെങ്കിലും ഇന്ത്യൻ പാസ്‌പോർട്ട് കണ്ടതോടെയാണ് അധിക പരിശോധന ആരംഭിച്ചതെന്നാണ് മനോജിന്‍റെ ആരോപണം. രാജ്യത്തേക്കുള്ള സന്ദർശനത്തിന്‍റെ ഉദ്ദേശ്യം, ടിമോർ - ലെസ്റ്റെയിൽ സുഹൃത്തുക്കളുണ്ടോ, ആരാണ് ക്ഷണിച്ചതെന്നതടക്കമുള്ള ചോദ്യങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചു. ഹോട്ടൽ ബുക്കിങ് രേഖകളും കൈവശമുള്ള പണത്തിന്‍റെ വിവരങ്ങൾ കാണിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അദ്ദേഹം എഴുതുന്നു.
രാജ്യത്ത് പ്രവേശിക്കാൻ മടക്ക ടിക്കറ്റ് കാണിക്കണം
എന്നാൽ, ഏറ്റവും വലിയ പ്രശ്നം മടക്കയാത്രാ ടിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു. ടിമോർ - ലെസ്റ്റെയിൽ നിന്ന് നേരിട്ടുള്ള റിട്ടേൺ ടിക്കറ്റ് കൈവശമില്ലാത്തതിനാൽ ടിമോർ - ലെസ്റ്റെയിൽ നിന്ന് റോഡ് മാർഗം ബസിൽ ഇന്തോനേഷ്യയിലേക്ക് പോകാനായിരുന്നു തന്‍റെ പദ്ധതി. എന്നാൽ, റിട്ടേൺ ടിക്കറ്റ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഇന്തോനേഷ്യയിൽ നിന്ന് മടങ്ങാനുള്ള ടിക്കറ്റും അവിടേക്കുള്ള ഇ - വിസയും കാണിക്കാൻ ആവശ്യപ്പെട്ടു. ഭാഗ്യവശാൽ ഇന്തോനേഷ്യയുടെ ഇ - വിസ കൈവശമുണ്ടായിരുന്നതിനാൽ ഒടുവിൽ തനിക്ക് ടിമോർ - ലെസ്റ്റെയിൽ പ്രവേശനം അനുവദിച്ചെന്നും അദ്ദേഹം എഴുതി. ടിമോർ - ലെസ്റ്റെയിൽ 30 ദിവസത്തെ വിസ അനുവദിച്ചെന്നും അദ്ദേഹം എഴുതി.
‘വീക്ക് പാസ്‌പോർട്ട്’
ഇന്ത്യൻ പാസ്‌പോർട്ടിന്‍റെ ‘വീക്ക് പാസ്‌പോർട്ട്’ എന്ന ആഗോള പ്രതിച്ഛായ, യാത്രയ്ക്കിടെ നേരിടേണ്ടിവരുന്ന അധിക പരിശോധനകൾക്ക് കാരണമാകുന്നുവെന്ന് മനോജിന്‍റെ അനുഭവത്തെ കുറിച്ചുള്ള ചർച്ചയിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. ഇന്ത്യൻ പാസ്പോർട്ട് ശക്തമാണെന്നത് കേന്ദ്ര സർക്കാറിന്‍റെ പരസ്യവാചകം മാത്രമാണെന്നും യാഥാർത്ഥ്യം മറ്റൊന്നാണെന്നുമായിരുന്നു മറ്റൊരു കുറിപ്പ്. ഇന്ത്യയിൽ നിന്നുള്ള അധനികൃത കുടിയേറ്റം അടുത്തകാലത്തായി കൂടുതലാണെന്നും പലരും ഓൺ അറൈവൽ എടുത്ത് മറ്റ് രാജ്യങ്ങളിലെത്തിയ ശേഷം അവിടെ അനധികൃത കുടിയേറ്റം നടത്തുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉയരാൻ കാരണമെന്നായിരുന്നു മറ്റ് ചിലർ എഴുതിയത്.


