പിഞ്ചുകുഞ്ഞിനെ മുക്കിക്കൊല്ലാൻ ശ്രമിച്ച അച്ഛന്റെ മൂക്കിടിച്ച് പരത്തി, പൊലീസ് മേധാവിയുടെ ജോലി പോയി, വിചാരണയും

By Web TeamFirst Published Aug 3, 2021, 10:04 AM IST
Highlights

എല്ലാം കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ മുൻ മേധാവി തീർത്തും നിരാശനും, മൗനിയുമായിരുന്നു. ആരെയും ശ്രദ്ധിക്കാതെ ഗ്രീൻവുഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാതിൽ കടന്ന് അദ്ദേഹം നേരെ സിക്കറെല്ലിയുടെ അടുത്തേയ്ക്ക് നടന്നു. പുറം തിരിഞ്ഞിരിക്കുകയായിരുന്നു അയാളെ ഗ്രെഗ് വലിച്ചു താഴെയിട്ടു. 

ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന കൊടുംക്രൂരതകൾ കണ്ടാൽ പലപ്പോഴും നമ്മൾ അറിയാതെ പ്രതികരിച്ചു പോകും. കുറ്റവാളികളുമായി ഏറ്റവും കൂടുതൽ ഇടപഴകേണ്ടവരാണ് പൊലീസുകാർ. അതുകൊണ്ട് തന്നെ ഇത്തരം കൊടുംപാതകങ്ങൾ നടത്തിയ കുറ്റവാളികളെ കാണുമ്പോൾ പൊലീസുകാർക്ക് പ്രതികരിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നിയമം പാലിക്കാൻ മാത്രമേ അവർക്ക് അവകാശമുള്ളൂ, നിയമം കയ്യിലെടുക്കാൻ അധികാരമില്ല. കൻസാസ് സിറ്റി പോലീസ് മേധാവിയായ ഗ്രെഗ് ഹാൾഗ്രിംസൺ അത് നല്ലപോലെ ബോധ്യമുണ്ടായിരുന്നുവെങ്കിൽ, ഒരു നിമിഷം അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല. ഐസ് നിറഞ്ഞ ഒരു കുളത്തിൽ പിഞ്ചുകുഞ്ഞിനെ മുക്കി കൊല്ലാൻ ശ്രമിച്ച ഒരച്ഛന്റെ മൂക്കിടിച്ചു തകർത്തതിന്റെ പേരിൽ ഇപ്പോൾ കോടതിയിൽ ആ പൊലീസുകാരൻ തന്റെ കുറ്റം ഏറ്റ് പറഞ്ഞിരിക്കയാണ്.  

2018 ഡിസംബർ 17 -നായിരുന്നു സംഭവം. ഗ്രെഗ് അന്ന് ഗ്രീൻവുഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായിരുന്നു. അന്നേദിവസം രാവിലെ പത്ത് മണിയ്ക്ക് ജോനത്തോൺ സിക്കറെല്ലി എന്നോരാൾ പൊലീസ് സ്റ്റേഷനിൽ വരികയും, താൻ മകളെ മുക്കി കൊന്നതായി പറയുകയും ചെയ്തു. സംഭവം കേട്ടയുടൻ പ്രതിയെ വിലങ്ങു വച്ച് പൊലീസ് സ്റ്റേഷനിൽ തന്നെ ഇരുത്തിയ ശേഷം ഗ്രെഗും സഹഉദ്യോഗസ്ഥനും സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു മൈൽ അകലെയുള്ള കുളത്തിൽ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം പൊങ്ങിക്കിടക്കുന്നതായി അവർ കണ്ടെത്തി.

അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിന്റെ മുഖം വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്നു. ശ്വാസകോശത്തിലും മറ്റും വെള്ളം നിറഞ്ഞിരുന്നു. പൊലീസ് പെൺകുട്ടിയെ കുളത്തിൽ നിന്ന് വലിച്ച് പുറത്തെടുത്തപ്പോൾ, അവളുടെ കണ്ണിൽ ചെളിയും വായിൽ പുല്ലും വെള്ളവും നിറഞ്ഞിരുന്നു. ഏകദേശം 10 മിനിറ്റോളം അവൾ വെള്ളത്തിലായിരുന്നു. തണുത്ത് നിശ്ചലമായി കിടക്കുന്ന കുഞ്ഞിന്റെ നനഞ്ഞ വസ്ത്രങ്ങൾ ഗ്രെഗ് നീക്കം ചെയ്യുകയും, പകരം തന്റെ കോട്ട് എടുത്ത് കുഞ്ഞിനെ പൊതിയുകയും ചെയ്തു. തുടർന്ന് കുഞ്ഞിനെ എടുത്ത് ആശുപത്രിയിലേയ്ക്ക് അദ്ദേഹം ഓടി.

എല്ലാം കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ മുൻ മേധാവി തീർത്തും നിരാശനും, മൗനിയുമായിരുന്നു. ആരെയും ശ്രദ്ധിക്കാതെ ഗ്രീൻവുഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാതിൽ കടന്ന് അദ്ദേഹം നേരെ സിക്കറെല്ലിയുടെ അടുത്തേയ്ക്ക് നടന്നു. പുറം തിരിഞ്ഞിരിക്കുകയായിരുന്നു അയാളെ ഗ്രെഗ് വലിച്ചു താഴെയിട്ടു. അയാളുടെ കണ്ണട വായുവിൽ തെറിച്ച് എവിടെയോ വീണു. ഗ്രെഗ് നിലത്ത് വീണു കിടക്കുന്ന അയാളുടെ മുഖത്ത് ആഞ്ഞിടിച്ചു. തുടർന്ന് അയാളുടെ പുറത്ത് കയറി ഇരുന്ന് ആക്രോശിച്ചു, "നീ മരിക്കണം." ചോര വാർന്ന വേദനയിൽ സിക്കറെല്ലി ഉറക്കെ നിലവിളിക്കാൻ തുടങ്ങി. നിലവിളികേട്ടതും ഗ്രെഗ് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.

അതേസമയം കുറ്റസമ്മതം നടത്തിയ പ്രതിയെ ആക്രമിച്ചത്തിന്റെ പേരിൽ ഗ്രെഗ് പഴി കേട്ടു. ഒരു പിഞ്ചുകുഞ്ഞിനോട് ഒരച്ഛനും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് അയാൾ ചെയ്‌തതെങ്കിലും, അയാളെ ശിക്ഷിക്കാൻ ഒരു പൗരനും അവകാശമില്ല. അതിനി പൊലീസുകാരനായാലും കൂടി. അത് കോടതിയ്ക്ക് മാത്രം അധികാരപ്പെട്ട മേഖലയാണ്. ആക്രമണ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ 51 -കാരനായ ആ മുൻ മേധാവി അവധിയിൽ പ്രവേശിച്ചു. തുടർന്ന് 2019 മേയിൽ അദ്ദേഹം ജോലി രാജി വയ്ക്കാൻ നിർബന്ധിതനായി. ആ വർഷം തന്നെ പൗരാവകാശ ധ്വംസനത്തിന്റെ പേരിൽ ഗ്രെഗിനെതിരെ പൊലീസ് കേസെടുത്തു.

എന്നാൽ പ്രദേശവാസികൾ അദ്ദേഹത്തിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നു. സ്വന്തം മകളെ കൊല്ലാൻ ശ്രമിച്ച ആ അച്ഛന് ഉചിതമായ മറുപടിയാണ് ഉദ്യോഗസ്ഥൻ നല്കിയതെന്നാണ് നാട്ടുകാരുടെ വാദം. എന്നാൽ മുൻ മേധാവിയുടെ കുറ്റസമ്മതം അംഗീകരിച്ചാൽ, പൗരാവകാശങ്ങൾ ഹനിച്ചതിന് 10 വർഷം ഫെഡറൽ തടവും 250,000 ഡോളർ പിഴയും കോടതി വിധിക്കും.  

തന്റെ മകളുടെ മരണം ആസൂത്രണം ചെയ്യാൻ 24 മണിക്കൂറിലധികം ചെലവഴിച്ചതായി ചോദ്യം ചെയ്യലിൽ സിക്കറെല്ലി പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പരാധീനതകൾ മൂലം ബുദ്ധിമുട്ടുന്ന ഭാര്യയെ സഹായിക്കാനാണ് താൻ കുഞ്ഞിനെ കൊന്നതെന്ന് അയാൾ കരഞ്ഞു പറഞ്ഞു. അന്ന് കാലത്ത് അയാൾ കാർ പാർക്ക് ചെയ്തു മൂന്ന് തവണ കുളത്തിലിറങ്ങി ആഴവും മറ്റും പരിശോധിച്ചു. തുടർന്ന് നാലാമത്തെ തവണ കുഞ്ഞിനെ എടുത്ത് കൊണ്ടുവന്ന് കുളത്തിലേക്കെറിഞ്ഞു. കുഞ്ഞ് മുങ്ങിത്താഴുന്നത് നോക്കി നിന്ന അയാൾ കുഞ്ഞിന് അനക്കമില്ലാതായപ്പോൾ കുറ്റം ഏറ്റുപറയാൻ പൊലീസ് സ്റ്റേഷനിലേക്ക് ചെന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും, ഗാർഹിക പീഡനം, ബാലപീഡനം എന്നീ തീർപ്പുകൽപ്പിക്കാത്ത കുറ്റങ്ങൾക്ക് സിക്കറെല്ലി ജാക്സൺ കൗണ്ടി ജയിലിൽ കഴിയുകയാണ് ഇപ്പോൾ.  

click me!