കരടിശല്യം രൂക്ഷമായ ജപ്പാനിൽ, അതിനെ നേരിടാൻ പുറത്തിറക്കിയ 'മോൺസ്റ്റർ വൂൾഫ്' എന്ന റോബോട്ട് ചെന്നായയ്ക്ക് വന്‍ ഡിമാന്‍ഡ്. സോളാറിൽ പ്രവർത്തിക്കുന്ന ഈ റോബോട്ട്, സെൻസറുകൾ ഉപയോഗിച്ച് മൃഗങ്ങളെ തിരിച്ചറിഞ്ഞ് ഭയപ്പെടുത്തുന്ന ശബ്ദങ്ങളും ചുവന്ന ലൈറ്റുകളും പുറപ്പെടുവിക്കും.
കരടിശല്യം കൊണ്ട് പൊറുതിമുട്ടിയ ജപ്പാൻകാർ കരടിയെ ഓടിക്കാൻ പുതിയൊരു വഴി കണ്ടെത്തി. പലതിനും പുതിയ കാലത്ത് പുതുപുതു മാർഗങ്ങളുണ്ട്. അതുപോലെ തന്നെ കരടിയെ ഓടിക്കാനും പുതുമാർഗമാണ് ജപ്പാൻ കണ്ടെത്തിയിരിക്കുന്നത്. അതിനിപ്പോൾ വൻ ഡിമാൻഡാണത്രെ. വന്യമൃഗങ്ങളെ തുരത്താൻ വേണ്ടി തയ്യാറാക്കിയ 'മോൺസ്റ്റർ വൂൾഫ്' എന്ന റോബോട്ട് ചെന്നായയാണ് ഇപ്പോൾ ജപ്പാനിലെ താരം. ഹൊക്കൈഡോ ആസ്ഥാനമായുള്ള ഒഹ്ത സെയ്‌ക്കി എന്ന കമ്പനിയാണ് ഈ റോബോട്ട് ചെന്നായയെ വികസിപ്പിച്ചെടുത്തത്. കാണാൻ ഒരു ഭീകരരൂപിയായ ചെന്നായയെപ്പോലെയുള്ള ഈ റോബോട്ട്, സോളാറിലാണ് പ്രവർത്തിക്കുന്നത്.

മോഷൻ സെൻസറുകളാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഈ സെൻസറുകൾ ഉപയോഗിച്ച് ഇവ മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നു. അത് മാത്രമല്ല, ചെന്നായയുടെ ഓരിയിടൽ മുതൽ യന്ത്രങ്ങളുടെ ശബ്ദം വരെ 50 -ൽ അധികം വ്യത്യസ്ത ശബ്ദങ്ങൾ ഇതിന് പുറപ്പെടുവിക്കാൻ കഴിയും. കൂടാതെ കണ്ണുകളിൽ ചുവന്ന എൽഇഡി ലൈറ്റുകൾ മിന്നിച്ച് പേടിപ്പിക്കുകയും ചെയ്യും. സോളാർ ഉപയോഗിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾ കുറവാണ്, പ്രവർത്തനച്ചെലവ് മിക്കവാറും സീറോയാണ്.
കഴിഞ്ഞ വർഷങ്ങളിൽ ജപ്പാനിൽ കരടി ആക്രമണങ്ങൾ റെക്കോർഡ് നിരക്കിലെത്തിയിരിക്കുകയാണ്. കരടികൾ എത്തുന്നത് നിത്യസംഭവമായതോടെ കർഷകരും റിസോർട്ട് ഉടമകളും വൻതോതിൽ ഈ റോബോട്ടിനായി ഓർഡറുകൾ നൽകുന്നുണ്ട്. നിലവിൽ ഓർഡറുകൾ വർദ്ധിച്ചതോടെ, ഒരു 'മോൺസ്റ്റർ വൂൾഫ്' ലഭിക്കാനായി ഉപഭോക്താക്കൾ മൂന്ന് മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നാണ് കമ്പനി പ്രസിഡന്റ് യൂജി ഒഹ്ത പറയുന്നത്. കരടികളെ തുരത്താൻ ഇത് ഫലപ്രദമാണെന്ന് കണ്ടതോടെയാണ് ആവശ്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായത്. റോബോട്ടിന് പുറമെ ഇതിനാവശ്യമായ സോളാർ പാനൽ, ബാറ്ററി, സെൻസറുകൾ എന്നിവയുടെ വിലയും ഇൻസ്റ്റലേഷൻ ചിലവും ഉപഭോക്താവാണ് വഹിക്കേണ്ടത്.
