Andre Stander : ഉച്ചഭക്ഷണ ഇടവേളയിൽ ബാങ്ക് കൊള്ളയടിക്കാൻ പോയ പൊലീസുകാരൻ, പിന്നീടിങ്ങോട്ട് 20 ബാങ്കുകൊള്ളകള്‍

Published : Jan 15, 2022, 12:33 PM IST
Andre Stander : ഉച്ചഭക്ഷണ ഇടവേളയിൽ ബാങ്ക് കൊള്ളയടിക്കാൻ പോയ പൊലീസുകാരൻ, പിന്നീടിങ്ങോട്ട് 20 ബാങ്കുകൊള്ളകള്‍

Synopsis

രണ്ട് മാസത്തിനുള്ളിൽ, അവർ ഏകദേശം 20 ബാങ്കുകൾ കൊള്ളയടിക്കുകയും, 25 ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്തു. സ്റ്റാൻഡർ ഗ്യാങ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവരുടെ നിയമങ്ങൾ ലളിതമായിരുന്നു, അക്രമമില്ല, ബഹളമില്ല. പോവുക, പണമെടുക്കുക, എത്രയും വേഗം സ്ഥലം കാലിയാക്കുക. സർക്കാരിന് പിടികൊടുക്കാതെ അവർ കുറേ കാലം രക്ഷപ്പെട്ട് നടന്നു.

ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ ബാങ്ക് കൊള്ളക്കാരനായിരുന്നു ആൻഡ്രെ സ്റ്റാൻഡർ(Andre Stander). എന്നാൽ, കൗതുകകരമായ കാര്യം അയാൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു എന്നതാണ്. അച്ഛനായ മേജർ ജനറൽ ഫ്രാൻസ് സ്റ്റാൻഡറി(Frans Stander)ന്റെ നിഴലിലാണ് ആൻഡ്രെ വളർന്നത്. ദക്ഷിണാഫ്രിക്കൻ ജയിലുകളിൽ(South African Prison Service) ജോലി നോക്കിയിരുന്ന അദ്ദഹത്തെ ആളുകൾ വളരെയധികം ബഹുമാനിച്ചിരുന്നു. തന്റെ മകനും ആ പാത പിന്തുടരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ പക്ഷേ, ആൻഡ്രെയ്ക്ക് ആ ജോലി ഇഷ്ടമായിരുന്നില്ല. എന്നിരുന്നാലും പിതാവിന്റെ സമ്മർദ്ദത്താൽ അയാൾ അത് സ്വീകരിച്ചു.  

ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം വ്യാപകമായ സമയമായിരുന്നു അത്. മറ്റുള്ളവരെപ്പോലെ, ആൻഡ്രെയും വെള്ളക്കാരനായതിന്റെ പദവികൾ ആസ്വദിച്ചു. അച്ഛന്റെ സ്വാധീനം മൂലം മറ്റുള്ളവരെക്കാൾ വേഗത്തിൽ അയാൾ ഉയർന്നു. പക്ഷേ, പ്രൊമോഷനുകൾ അയാളെ സന്തോഷവാനാക്കിയില്ല. പകരം കുറ്റവാളികളോടായിരുന്നു അയാൾക്ക് ആരാധന. 70 -കളുടെ അവസാനത്തിൽ ഒരു ദിവസം അയാൾ  തന്റെ ചുമതലകൾ കീഴുദ്യോഗസ്ഥർക്ക് കൈമാറി ഉച്ചഭക്ഷണ സമയത്ത് ജോഹന്നാസ്ബർഗിലെ വിമാനത്താവളത്തിലേക്ക് വച്ച് പിടിച്ചു. അവിടെ നിന്ന് അയാൾ ഡർബനിലേക്കുള്ള വിമാനം കയറി. ആരും തിരിച്ചറിയാതിരിക്കാൻ ഒരു വിഗ്ഗും താടിയും ധരിച്ചായിരുന്നു യാത്ര. അവിടെ എത്തി അയാൾ ഒരു ബാങ്കിലേക്ക് നടന്നു കാഷ്യർക്ക് നേരെ തോക്ക് ചൂണ്ടി പണം അപഹരിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപേ അയാൾ പണവുമായി സ്ഥലംവിട്ടു. തുടർന്ന് ഒന്നും സംഭവിക്കാത്തത് പോലെ എയർപോർട്ടിലേക്ക് തിരികെ പോയി, ഉച്ചഭക്ഷണത്തിന് ശേഷം ജോബർഗിലേക്ക് തിരിച്ച് എത്തുകയും ചെയ്തു.    

എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടുള്ള 3 വർഷങ്ങളിൽ ഏകദേശം അഞ്ചു ലക്ഷം രൂപ അയാൾ ഉണ്ടാക്കി. 1980 ജനുവരിയിൽ, ഡർബനിലെ ഒരു ബാങ്ക് കവർച്ചയ്ക്ക് ശേഷം, അയാൾ അറസ്റ്റിലായി. 15 മോഷണക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അയാളെ  75 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. അയാൾക്ക് സോണ്ടർവാട്ടർ മാക്സിമം സെക്യൂരിറ്റി ജയിലിൽ 17 വർഷം കഴിയേണ്ടിവന്നു. ആ സമയത്താണ് അയാൾ ബാങ്ക് കൊള്ളക്കാരായ അലൻ ഹെയ്ൽ, പാട്രിക് മക്കോൾ എന്നിവരുമായി സൗഹൃദത്തിലായത്. അവിടെ വച്ച് ജയിൽ ചാടാനുള്ള വഴികളെ കുറിച്ച് അവർ ആലോചിച്ചു. ഒടുവിൽ 1983 -ൽ ആൻഡ്രെയും പാട്രിക്കും നടുവേദന അഭിനയിച്ച് അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ടു. കുറച്ച് മാസങ്ങൾക്ക് ശേഷം ഹെയ്ലിനെയും അവർ അവിടെ നിന്ന് രക്ഷപ്പെടുത്തി. പിന്നീട് അവർ മൂന്നുപേരും ചേർന്നാണ് കവർച്ചകൾ നടത്തിയത്.  

രണ്ട് മാസത്തിനുള്ളിൽ, അവർ ഏകദേശം 20 ബാങ്കുകൾ കൊള്ളയടിക്കുകയും, 25 ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്തു. സ്റ്റാൻഡർ ഗ്യാങ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവരുടെ നിയമങ്ങൾ ലളിതമായിരുന്നു, അക്രമമില്ല, ബഹളമില്ല. പോവുക, പണമെടുക്കുക, എത്രയും വേഗം സ്ഥലം കാലിയാക്കുക. സർക്കാരിന് പിടികൊടുക്കാതെ അവർ കുറേ കാലം രക്ഷപ്പെട്ട് നടന്നു. ആ കാലയളവിൽ പെണ്ണും, പണവുമൊക്കെയായി ഒരു ആഡംബര ജീവിതമാണ് അവർ നയിച്ചിരുന്നത്. ഒടുവിൽ അവരുടെ ചിത്രങ്ങൾ പൊലീസ് പത്രത്തിൽ കൊടുത്തു. ഒരു കോൾഗേൾ പത്രങ്ങളിലെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹെയ്ൽ ഓടിപ്പോയി, പക്ഷേ പാട്രിക് ഒളിത്താവളം വിടാൻ വിസമ്മതിച്ചു. ഒടുവിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അയാൾ മരിച്ചു.

1984 ഫെബ്രുവരിയിൽ, അവർക്കെതിരെ അന്താരാഷ്ട്ര വാറന്റുകൾ പുറപ്പെടുവിച്ചു. 1985 -ൽ ഹെയ്ൽ ബ്രിട്ടനിൽ പിടിക്കപ്പെട്ടു. ശിക്ഷ പൂർത്തിയാക്കാൻ അയാളെ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചു. 2005 -ൽ പരോൾ അനുവദിച്ച അയാൾ അതിനുശേഷം ഒരു പ്രഭാഷകനായി. ആൻഡ്രെ അമേരിക്കയിലായിരുന്നു. പൊലീസ് അയാളെ തേടിയെത്തുകയും അവർ തമ്മിൽ തർക്കമുണ്ടാവുകയും പൊലീസിന്റെ വെടിയേറ്റ് അയാൾ മരണപ്പെടുകയും ചെയ്തു. എന്നാൽ ആൻഡ്രെ ഇപ്പോഴും ആളുകൾക്ക് ഒരു അത്ഭുതമാണ്. ഉച്ചഭക്ഷണസമയത്ത് ബാങ്കുകൾ കൊള്ളയടിക്കുകയും അതേ മോഷണം അന്വേഷിക്കാൻ പോലീസായി തിരികെ എത്തുകയും ചെയ്ത അയാളുടെ ധൈര്യം ആളുകളെ അതിശയിപ്പിച്ചു. 

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്