കേരളത്തിന്‍റെ സ്വന്തം 'ഊട്ടി', എന്നാൽ ഇവിടെ എത്തിയാൽ ഒരു ചായ പോലും കിട്ടില്ല! പൊന്മുടിയിലെ അസൗകര്യങ്ങളിൽ നിരാശരായി സഞ്ചാരികള്‍

Published : Feb 21, 2026, 09:51 PM IST
ponmudi

Synopsis

വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായ പൊന്മുടി ഇന്ന് അസൗകര്യങ്ങളാൽ വീര്‍പ്പുമുട്ടുകയാണ്. ടിക്കറ്റ് ഇനത്തിൽ മാത്രം ഒരോ മാസവും ലക്ഷങ്ങള്‍ ലഭിക്കുമ്പോഴും സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ നിസഹകരണ മനോഭവമാണ് അധികൃതരുടേത്.

കേരളത്തിന്‍റെ സ്വന്തം ഊട്ടിയെന്നാണ് പൊന്മുടി അറിയപ്പെടുന്നത്. എന്നാൽ, മുടിപിൻ വളവുകള്‍ താണ്ടി ഹിൽടോപ്പിലെത്തിയാൽ ഒരു ചായ കുടിക്കണമെങ്കിൽ പോലും പാടുപെടും. തണുപ്പാസ്വദിക്കാൻ തിരുവനന്തപുരത്തുള്ളവരും മറ്റിടങ്ങളിലുള്ളവരും വണ്ടി കയറുന്ന പൊന്മുടി ഇക്കോ ടൂറിസം സെന്‍റര്‍ ഇന്ന് അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. ഹിൽടോപ്പിന് താഴെ വരുന്ന വഴിയിൽ കടകള്‍ പലതുണ്ടെങ്കിലും മുകളിലെത്തിയാൽ പിന്നെ ഒന്നും കിട്ടില്ല. ആകെയുള്ളത് ഒരു കഫെയാണ്. വ്യൂപോയന്‍റൊക്കെ സന്ദര്‍ശിച്ച് താഴേക്ക് നടന്ന് അവിടെ എത്തിയാൽ തന്നെ പലപ്പോഴും ചായ പോലും ഉണ്ടാകില്ല. ഇക്കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് പതിനായിരങ്ങളാണ് പൊന്മുടി മല കയറിയെത്തിയത്. ഈ സീസണിൽ 15 ലക്ഷത്തിലധികം രൂപയുടെ വരുമാനവും വനംവകുപ്പിന് ലഭിച്ചു. എന്നിട്ടും വിനോദ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവിടെയുള്ള ജീവനക്കാരുടെ അവസ്ഥയും മറിച്ചില്ല. അസൗകര്യങ്ങള്‍ക്ക് നടുവിലാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു.വിതുര വഴി കല്ലാറും കടന്ന് പൊന്മുടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പൊന്മുടിയിലെ കാഴ്ചകള്‍ മനം നിറയ്ക്കുന്നതാണെങ്കിലും സൗകര്യങ്ങള്‍ മനം മടുപ്പിക്കുന്നതായി മാറുകയാണ്.

സഞ്ചാരികളുടെ സ്വപ്ന ഭൂമി

പശ്ചിമഘട്ടത്തിന്‍റെ മടിത്തട്ടിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള ഹിൽ സ്റ്റേഷനായ പൊന്മുടിയിൽ ഒരോ സീസണിലും വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. മഞ്ഞുകാലത്താണ് ഏറ്റവും കൂടുതൽ പേര്‍ ഇവിടേക്ക് എത്താറുള്ളത്. മഴക്കാലത്ത് പലപ്പോഴും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അടച്ചിടാറുണ്ടെങ്കിലും സഞ്ചാരികളുടെ വരവിന് കുറവുണ്ടാകാറില്ല. നിബിഡമായ പച്ചപ്പും തേയിലത്തോട്ടങ്ങളും കുന്നിൻചെരുവുകളും പുൽമേടുകളുമൊക്കെയായി മനോഹരമായ കാഴ്ചകളാണ് പൊന്മുടിയിലുള്ളത്. കല്ലാര്‍ നദിയും വനംവകുപ്പിന്‍റെ അനുമതിയോടെ ചെയ്യാവുന്ന ട്രെക്കിങ് പാതകളും നല്ല അനുഭവമാണ് ഒരോരുത്തര്‍ക്കും സമ്മാനിക്കുക. കടൽ നിരപ്പിൽ നിന്ന് 1100 മീറ്റര്‍ ഉയരെയാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.30ന് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിൽ നിന്നാണ് പൊന്മുടിയിലേക്കുള്ള ആദ്യ ബസ് സര്‍വീസ് പുറപ്പെടുക. അഞ്ചുമണിയോടെ എത്തിയാൽ ബസ് എത്തുമ്പോള്‍ തന്നെ വേഗം കയറി സീറ്റുറപ്പിക്കാം. ചെറിയ ബസായതിനാൽ തന്നെ സീറ്റുകളും കുറവാണ്. വിതര ടൗണും കടന്ന് ആദ്യമെത്തുക കല്ലാറിലാണ്. കല്ലാറിൽ ഹോട്ടലുകളും മറ്റും ധാരാളമായുണ്ട്. അവിടെ നിന്നും 13 കിലോമീറ്റര്‍ ദൂരം ചുരം കയറി വേണം പൊന്മുടിയിലെത്താൻ. 8.20ഓടെയാണ് കെഎസ്ആര്‍ടിസി ബസ് പൊന്മുടിയിലെത്തുക. 22 മുടിപിൻ വളവുകള്‍ താണ്ടി വേണം പൊന്മുടിയിലെത്താൻ.

മകരച്ചൂടിൽ നേരത്തെ വരണ്ടുണങ്ങി

ഇത്തവണ പതിവിലും നേരത്തെയാണ് പൊന്മുടിയിലെ കാലാവസ്ഥ വ്യതിയാനം. സാധാരണ ഫെബ്രുവരി മാസത്തിലും പൊന്മുടിയും പരിസരവും മകരമഞ്ഞിൽ മുങ്ങി നിൽക്കാറുണ്ടായിരുന്നെങ്കിൽ ഇത്തവണ കടുത്ത വേനൽ ചൂടാണ് അനുഭവപ്പെടുന്നത്. പൊന്മുടിയിലെ പുൽമേടുകള്‍ ഉണങ്ങി തുടങ്ങി. കാട്ടു തീ ഭീഷണിയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിിയിലും ഫെബ്രുവരിയിലും മഴയും മൂടൽമഞ്ഞുമുണ്ടായിരുന്നെങ്കിൽ ഇത്തവണ വേനൽചൂട് പൊന്മുടിയിൽ നേരത്തെ എത്തി. ചൂട് കൂടിയതോടെ പൊന്മുടിയിൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും അത്യാവശ്യം സ‍ഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ഇത്തവണ ഡിസംബറിൽ മികച്ച വരുമാനം വനംവകുപ്പിന് ലഭിച്ചെങ്കിലും ഫെബ്രുവരിയായതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനം കുറയുന്ന അവസ്ഥയാണ്. പ്രതികൂല കാലാവസ്ഥയ്ക്കൊപ്പം പൊന്മുടിയിലെ അസൗകര്യങ്ങള്‍ കൂടിയാകുമ്പോള്‍ കടുത്ത നിരാശയിലാണ് സഞ്ചാരികള്‍ മടങ്ങുന്നത്.

കാഴ്ചകള്‍ മനോഹരം, സൗകര്യങ്ങള്‍ പരിതാപകരം

പൊന്മുടിയിലേ കാഴ്ചകള്‍ മനോഹരമാണെങ്കിലും സൗകര്യങ്ങള്‍ അത്ര മനോഹരമല്ല. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് വേണ്ട ഏറ്റവും കുറഞ്ഞ സൗകര്യങ്ങള്‍ പോലും പൊന്മുടിയിലില്ല. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുണ്ടെങ്കിൽ വരുക, പോവുകയെന്നതാണ് അധികൃതരുടെ നിലപാടെന്ന് അവിടെ എത്തിയാൽ തോന്നിപോകും. ജീവനക്കാരോട് പരാതി പറഞ്ഞാൽ അവരും നിസഹായരായി കൈമലര്‍ത്തും. രാവിലെ എട്ടു മുതൽ വൈകിട്ട് 4.30വരെ മാത്രമാണ് പൊന്മുടിയിൽ സഞ്ചാരികളെ അനുവദിക്കുന്നത്. പൊന്മുടിയിൽ വെയിൽ തെളിയുന്നതിന് മുമ്പെത്തി സൂര്യോദയമൊക്കെ കാണാനുള്ള ആഗ്രഹമൊന്നും നടക്കില്ല. കാരണം തിരുവനന്തപുരത്ത് നിന്നും രാവിലെ 5.30ന് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസിനെ ആശ്രയിച്ചാണ് ഇവിടത്തെ ജീവനക്കാര്‍ പോലും മല കയറിയെത്തുന്നത്. എട്ടുമണിക്കുശേഷമാണ് ടിക്കറ്റ് നൽകി തുടങ്ങുക. ടിക്കറ്റ് വാങ്ങിയശേഷം പഴയ വാച്ച് ടവറിന്‍റെ അടുത്തേക്ക് മറ്റു കാഴ്ചകള്‍ കാണാനും നടന്നു തുടങ്ങാം. ഒരോയിടത്തും വ്യത്യസ്തമായ കാഴ്ചകള്‍. വെയിലായാലും മഴയായാലും കയറി നിൽക്കാൻ ഒരിടം പൊന്മുടിയിൽ പ്രതീക്ഷിക്കരുത്. ടിക്കറ്റ് നൽകാൻ ഒരു കൗണ്ടര്‍ പോലും അവിടെയില്ല. വഴിയരികിൽ നിന്നുകൊണ്ടാണ് ജീവനക്കാര്‍ ടിക്കറ്റ് മുറിച്ചു നൽകുന്നത്. ഹിൽടോപ്പിന് താഴെയായാണ് ജീവനക്കാര്‍ തന്നെ നടത്തുന്ന കാന്‍റീനുള്ളത്. എട്ടരയോടെ ജീവനക്കാരെത്തിയശേഷമാണ് അവിടത്തെ അടുപ്പ് പുകയുക. പൊന്മുടിയിലെ കാഴ്ച കണ്ട് ഇവിടെ എത്തി ഒരു നല്ല സ്ട്രോങ് ചായ കുടിക്കാൻ ആഗ്രഹിച്ചാൽ പലപ്പോഴും നടക്കില്ല. പാലടക്കം ഇവിടേക്ക് എത്തിക്കാൻ ആളില്ല!. കട്ടൻ കാപ്പിയും ബ്രെഡ് ഓംലെറ്റും കിട്ടിയാൽ ഭാഗ്യം. കടയിലേക്കുള്ള അവശ്യസാധനങ്ങളെല്ലാം ജീവനക്കാര്‍ തന്നെ കൊണ്ടുവരണം. അവരെ വിനോദ സഞ്ചാരികള്‍ എത്തുന്നതിന് മുമ്പ് അവിടെ എത്തിക്കാൻ വാഹന സൗകര്യം പോലുമില്ല. അതിനാൽ അവര്‍ എത്തിയശേഷം ഉച്ചയോടെ കപ്പയും മറ്റു വിഭവങ്ങളുമൊക്കെ തയ്യാറാവുകയുള്ളു.

ചുരുങ്ങിയത് ഒരു കഫെ എങ്കിലും തുടങ്ങുമോ?

പാര്‍ക്കിങ് ഭാഗത്ത് നിന്ന് ഒരു വെള്ളം വാങ്ങണമെങ്കിൽ പോലും താഴെയുള്ള ഈ കടയിലേക്ക് വരണം. പാര്‍ക്കിങ് ഭാഗത്ത് ഒരു ചെറിയ കഫെറ്റീരിയ ഒരുക്കിയാൽ സഞ്ചാരികള്‍ക്ക് അത് ഏറെ സഹായകരമാകും. വിശ്രമകേന്ദ്രമോ ടിക്കറ്റ് കൗണ്ടറോ ഇല്ലാത്ത സ്ഥലത്ത് കഫെ തുടങ്ങുമെന്ന പ്രതീക്ഷ സഞ്ചാരികള്‍ക്കുമില്ല. ഹിൽടോപ്പ് എത്തുന്നതിന് രണ്ടു കിലോമീറ്ററിന് മുന്‍പ് കെടിഡിസിയുടെ ഗോള്‍ഡൻ പീക്ക് എന്ന ത്രീസ്റ്റാര്‍ ഹോട്ടലുണ്ട്. താഴെ ഹെയര്‍പിൻ വളുകള്‍ താണ്ടി എത്തുമ്പോള്‍ വഴിയോരത്ത് കടകളുണ്ടെങ്കിലും കെഎസ്ആര്‍ടിസിയിലെത്തുന്നവര്‍ക്ക് മുകളിലുള്ള കാന്‍റീൻ മാത്രമാണ് ആശ്രയം. ഇത്രയും പ്രശസ്തമായ വനംവകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രം ഇങ്ങനെ മതിയോ എന്ന് ചോദിച്ചാൽ പോരെന്നായിരിക്കും ഇവിടുത്തെ ജീവനക്കാരടക്കമുള്ളവരുടെ മറുപടി. എന്തായാലും സീസണ്‍ സമയത്ത് പോയാൽ മറ്റൊന്നും പ്രതീക്ഷിക്കാതെ പ്രകൃതിസൗന്ദര്യവും തണുപ്പും ആവോളം ആസ്വദിച്ച് മടങ്ങാം. വേനൽകാലത്താണെങ്കിൽ ദാഹിച്ച് വലഞ്ഞ് നിരാശയോടെ തിരിച്ചുമടങ്ങാം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിക്കാൻ സ്കോർപ്പിയോയിൽ നിന്നുമിറങ്ങുന്ന യുവാവ്; വീഡിയോ
കർണാടകയിൽ പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചു; അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി