
കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരീക്ഷയ്ക്കിടെ അധ്യാപകന് മലയാളി വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം. പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയതിനെ തുടർന്നാണ് കേരളത്തിൽ നിന്നുള്ള ഷഹബാസ് എന്ന വിദ്യാർത്ഥി, ഇൻവിജിലേറ്ററായ അസിസ്റ്റന്‍റ് പ്രൊഫസർ ശിവരാജ് കുമാറിനെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്‍റെ ഇന്‍റേണൽ പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തി, അതുപയോഗിച്ച് ഉത്തരങ്ങൾ എഴുതുകയായിരുന്നു ഷഹബാസ്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രൊഫസർ ശിവരാജ് കുമാർ ഉടൻ തന്നെ വിദ്യാർത്ഥിയെ ചോദ്യം ചെയ്യുകയും അവന്‍റെ ഉത്തരക്കടലാസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഹാളിൽ നിന്ന് പുറത്തുപോകാൻ അധ്യാപകൻ ആവശ്യപ്പെട്ടു.
പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുറത്ത് പോകാൻ അധ്യാപകൻ നിർദ്ദേശിച്ചപ്പോൾ ആദ്യം വാതിലിന് അടുത്തേക്ക് നടന്ന ഷഹബാസ്, പെട്ടെന്ന് തിരികെ വന്ന് അധ്യാപകന്‍റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഒരിക്കൽ മർദ്ദിച്ച ശേഷം പുറത്തേക്ക് പോകാൻ തുടങ്ങിയ ഇയാൾ വീണ്ടും മടങ്ങിവന്ന് അധ്യാപകനെ ആക്രമിച്ചു. ഈ സമയം പരീക്ഷ എഴുതിക്കൊണ്ടിരുന്ന മറ്റ് വിദ്യാർത്ഥികൾ ഓടിവന്ന് ഷഹബാസിനെ തടയുകയും പിടിച്ചുമാറ്റുകയും ചെയ്തത് കൊണ്ടാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്.
സംഭവത്തെത്തുടർന്ന് കോളേജ് അധികൃതർ ഷഹബാസിനെ സ്ഥാപനത്തിലെ തുടർന്നുള്ള എല്ലാ പരീക്ഷകളിൽ നിന്നും വിലക്കി. കോളേജ് മാനേജ്‌മെന്‍റ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികളെന്ന് കോളേജ് അധികൃതർ അറിയിച്ചു. സംഭവം നടന്ന ഉടൻ തന്നെ ഷഹബാസിന്‍റെ മാതാപിതാക്കളെ കോളേജ് അധികൃതർ വിവരമറിയിച്ചു. നിലവിൽ മർദ്ദനമേറ്റ അധ്യാപകൻ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.