തന്റെ 28 കോടി രൂപയുടെ സ്വത്തുക്കൾ ബാല്യകാല സുഹൃത്തിന് വിൽപത്രമെഴുതി നൽകി ഷാങ്ഹായ് സ്വദേശിയായ 19-കാരൻ. മാതാപിതാക്കളുടെ പുനർവിവാഹത്തെ തുടർന്ന് അവരുടെ പുതിയ പങ്കാളികൾക്ക് സ്വത്ത് ലഭിക്കാതിരിക്കാനാണ് ഈ തീരുമാനമെന്ന് യുവാവ്.

കുടുംബാംഗങ്ങളെ പൂർണ്ണമായി ഒഴിവാക്കി, തന്റെ 28 കോടി രൂപയോളം (2 കോടി യുവാൻ) മൂല്യം വരുന്ന മുഴുവൻ സ്വത്തുക്കളും കുട്ടിക്കാലത്തെ സുഹൃത്തിന് എഴുതിവെച്ച് പത്തൊൻപതുകാരനായ ചൈനീസ് വിദ്യാർത്ഥി. ഷാങ്ഹായ് സ്വദേശിയായ 'ലി' എന്ന യുവാവാണ് മാതാപിതാക്കളെ ഞെട്ടിച്ചുകൊണ്ട് വിൽപത്രം ഔദ്യോഗികമായി നോട്ടറൈസ് ചെയ്തത്. മാതാപിതാക്കളുടെ വിവാഹമോചനത്തിനും അവരുടെ പുനർവിവാഹത്തിനും ശേഷം ലിക്ക് ലഭിച്ച അപ്പാർട്ട്മെന്റും ബാങ്ക് സമ്പാദ്യവുമാണ് ഈ സ്വത്തുക്കൾ. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്റെ ഈ തീരുമാനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് ലി വ്യക്തമാക്കുന്നു. അതീവ അപകടസാധ്യതയുള്ള സാഹസിക കായിക വിനോദങ്ങളിൽ പതിവായി ഏർപ്പെടുന്നയാളാണ് താനെന്നും, അപകടകരമായ എന്തെങ്കിലും സംഭവിച്ചാൽ തന്റെ സ്വത്തുക്കൾ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്യപ്പെടണമെന്ന് ആഗ്രഹമുള്ളതിനാലാണ് വിൽപത്രം തയ്യാറാക്കിയതെന്നും ലി പറയുന്നു.

മാതാപിതാക്കൾ പുനർവിവാഹം കഴിച്ചതോടെ അവരുടെ പുതിയ പങ്കാളികൾ തനിക്ക് പൂർണ്ണമായി അപരിചിതരാണെന്നും, ഭാവിയിൽ അവർക്ക് ഈ സ്വത്തിന്റെ പ്രയോജനം ലഭിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലി കൂട്ടിച്ചേർത്തു. അതിനാലാണ് വർഷങ്ങളായി താൻ വിശ്വസിക്കുന്ന സുഹൃത്തിന് സ്വത്ത് നൽകാൻ തീരുമാനിച്ചത്.

ചൈനീസ് പാരമ്പര്യ സ്വത്ത് നിയമപ്രകാരം അവിവാഹിതനും കുട്ടികളില്ലാത്തതുമായ ലിയുടെ സ്വത്തിന്റെ സ്വാഭാവിക അവകാശികൾ മാതാപിതാക്കളാണ്. എന്നാൽ, നിയമപരമായ വിൽപത്രത്തിലൂടെ കുടുംബത്തിന് പുറത്തുള്ള ഒരാൾക്കും സ്വത്ത് കൈമാറാൻ ചൈനയിൽ നിയമമുണ്ട്. ഷാങ്ഹായിലെ 'ചൈന വിൽ രജിസ്ട്രേഷൻ സെന്ററിലാണ്' ലി വിൽപത്രം രജിസ്റ്റർ ചെയ്തത്. നിയമപ്രകാരം ലി മരിച്ച് 60 ദിവസത്തിനകം സുഹൃത്ത് ഈ സ്വത്തിന്റെ അവകാശം ഔദ്യോഗികമായി സ്വീകരിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഈ അവകാശം റദ്ദാക്കപ്പെടും.

ഈ സംഭവം ചൈനയിലെ ചെറുപ്പക്കാർക്കിടയിൽ വിൽപത്രം തയ്യാറാക്കുന്ന പുതിയൊരു പ്രവണതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുൻകാലങ്ങളിൽ വിൽപത്രം രജിസ്റ്റർ ചെയ്യുന്നവരുടെ ശരാശരി പ്രായം 77 ആയിരുന്നെങ്കിൽ ഇപ്പോഴത് 67 ആയി കുറഞ്ഞിട്ടുണ്ടെന്ന് രജിസ്ട്രേഷൻ സെന്റർ വ്യക്തമാക്കുന്നു. 1980-കൾക്ക് ശേഷം ജനിച്ച പുതിയ തലമുറ സാമ്പത്തികാസൂത്രണത്തിനും സ്വത്ത് വിഭജനത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ലിയുടെ ഈ തീരുമാനം ചൈനീസ് സോഷ്യൽ മീഡിയയിൽ ഭിന്നാഭിപ്രായങ്ങൾക്ക് കാരണമായിട്ടുണ്ട്. സ്വന്തം നിയമപരമായ അവകാശങ്ങൾ കൃത്യമായി വിനിയോഗിച്ചതിന് ഒരു വിഭാഗം ആളുകൾ ലിയെ പ്രശംസിക്കുമ്പോൾ, കുടുംബത്തെക്കാൾ പ്രാധാന്യം സുഹൃത്തിന് നൽകിയതിനെ മറുവിഭാഗം വിമർശിക്കുന്നുമുണ്ട്.