
ദില്ലിയിലെ ഒരു കാബ് യാത്രയ്ക്കിടെ യാത്രക്കാരൻ കണ്ട കാഴ്ച സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. തന്‍റെ നവജാത മകളെ ഭാവിയിൽ ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഇപ്പോഴെ ചാറ്റ്ജിപിടി ഉപയോഗിച്ച് ഇംഗ്ലീഷ് പരിശീലിക്കുന്ന കാബ് ഡ്രൈവറായ അച്ഛനെയാണ് ഹൈദരാബാദ് സ്വദേശിയായ കൺസൾട്ടന്‍റ് തുഷാർ ജെജാനി തന്‍റെ യാത്രയ്ക്കിടെ പരിചയപ്പെട്ടത്.
അതിരാവിലെ അഞ്ച് മണിയോടെയായിരുന്നു ജെജാനി കാബിൽ കയറിയത്. ഡ്രൈവർ ഫോണിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതും യാത്രയുടെ വിവരങ്ങളും തന്‍റെ പ്രഭാത ദിനചര്യയെ കുറിച്ച് പറയുന്നതും യാത്രയ്ക്കിടെ തുഷാറിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ആദ്യം മറ്റാരോടെങ്കിലും തന്‍റെ ലൊക്കേഷനും യാത്രാവിവരങ്ങളും പങ്കുവെക്കുകയാണോയെന്ന ആശങ്ക സ്വാഭാവികമായും തുഷാറിനുണ്ടായി. എന്നാൽ, അത് മനസ്സിലാക്കിയ ഡ്രൈവർ പിന്നാലെ അദ്ദേഹവുമായി സംസാരിക്കാൻ തുടങ്ങി.
തുഷാർ ബെംഗളൂരുവിലേക്കുള്ള ബിസിനസ് യാത്രയിലാണെന്ന് ഡ്രൈവറെ അറിയിച്ചു. തുടർന്ന് ഏകദേശം പത്ത് മിനിറ്റോളം ഇരുവരും സംസാരിച്ചു. തുഷാർ ഹിന്ദിയിൽ സംസാരിച്ചപ്പോൾ ഡ്രൈവർ ഇംഗ്ലീഷിലാണ് മറുപടികളെല്ലാം നൽകിയത്. ഇതിൽ കൗതുകം തോന്നിയ തുഷാർ, ഫോണിൽ ആരോടാണ് സംസാരിച്ചിരുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് ഡ്രൈവർ ചാറ്റ്ജിപിടി ഉപയോഗിച്ച് ഇംഗ്ലീഷ് പരിശീലിക്കുകയാണെന്ന് തുഷാറിനോട് വെളിപ്പെടുത്തിയത്. “എനിക്ക് ഒരു നവജാത മകളുണ്ട്. അവൾക്ക് വേണ്ടിയാണ് ഞാൻ പഠിക്കുന്നത്. അവൾ വളരുമ്പോൾ എനിക്ക് അവളെ പഠിപ്പിക്കാൻ കഴിയണം,” എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഈ വാക്കുകൾ തന്നെ ഏറെ സ്വാധീനിച്ചെന്ന് തുഷാർ പിന്നീട് കുറിച്ചു. പുലർച്ചെ ആളൊഴിഞ്ഞ റോഡിലൂടെ സഞ്ചരിക്കുമ്പോൾ, ഡ്രൈവർ വെറുമൊരു ഭാഷ പഠിക്കുകയല്ലെന്നും തന്‍റെ മകൾക്ക് ജീവിതത്തിൽ മികച്ചൊരു തുടക്കം ഒരുക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സംഭവത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഓഫീസുകളിലും സ്റ്റാർട്ടപ്പുകളിലും മാത്രമല്ല, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും എഐ അറിവിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതിന്‍റെ ശക്തമായ ഉദാഹരണമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. ഉദ്ദേശ്യവും പഠിക്കാനുള്ള താൽപര്യവും സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനവും കൂടിച്ചേരുമ്പോൾ എഐ എങ്ങനെ പുതിയ അവസരങ്ങൾ തുറക്കുന്നു എന്നതിന്‍റെ ഹൃദയസ്പർശിയായ ഉദാഹരണമായാണ് പലരും ഈ സംഭവത്തെ വിശേഷിപ്പിച്ചത്.