Latest Videos

ആകെ മൂടുന്ന പച്ചവസ്ത്രം, സ്ത്രീകളു‌ടെ ​ഗുണ്ടാപ്പട, ട്രെയിനിൽ അതിക്രമവും കൊള്ളയും

By Web TeamFirst Published Oct 4, 2022, 10:06 AM IST
Highlights

പെൺകുട്ടികൾ ട്രെയിനിൽ വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ഈ സ്ത്രീകൾ ട്രെയിനിനകത്തേക്ക് കയറി വന്നത്. വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടാണ് അവർ വന്നത്. വന്നയുടനെ അവർ തങ്ങളെ ആക്രമിക്കാൻ തുടങ്ങി.

ആരെയും അമ്പരപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ ഒരു ട്രെയിനിൽ ഉണ്ടായത്. ആകെ മൂടുന്ന തിളങ്ങുന്ന പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ആറ് സ്ത്രീകൾ ട്രെയിനിലേക്ക് ചാടിക്കയറി. പിന്നീടവർ അതിലുണ്ടായിരുന്ന 19 -കാരികളായ പെൺകുട്ടികളെ അടക്കം കൊള്ളയടിച്ചു. മോഷണത്തിനിരയായ പെൺകുട്ടികളിൽ നിന്നും ഇപ്പോഴും ഭയം വിട്ട് മാറിയിട്ടില്ല. 

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഈ മോഷ്ടാക്കളായ സ്ത്രീകൾ യാത്രക്കാരികളെ ചവിട്ടുന്നതും മറ്റും കാണാം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. 'അന്ന് തന്റെ മകളുടെ പിറന്നാളായിരുന്നു. അന്നാണ് അവൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടത്. ഇപ്പോഴും അവളുടെ ഭയം വിട്ടു മാറിയിട്ടില്ല. അന്യ​ഗ്രഹജീവികൾ തങ്ങളെ ആക്രമിച്ചു എന്നാണ് മകൾ പറയുന്നത്' എന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടികളിൽ ഒരാളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‌ആ പെൺകുട്ടിയുടെ ഫോണും ഹാൻഡ്ബാ​ഗും കൊള്ളസംഘം കൈക്കലാക്കി. 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ തിളങ്ങുന്ന പച്ച വസ്ത്രം ധരിച്ച ആറ് സ്ത്രീകൾ പെൺകുട്ടികളിൽ ഒരാളെ വലിച്ചെറിയുന്നതും മറ്റേയാളുടെ മുഖത്ത് ആവർത്തിച്ച് അടിക്കുകയും ചെയ്യുന്നതും കാണാം. അക്രമികളിൽ ചിലർ മുഖംമൂടിയിട്ടാണ് എത്തിയിരിക്കുന്നത്. 

പെൺകുട്ടികൾ ട്രെയിനിൽ വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ഈ സ്ത്രീകൾ ട്രെയിനിനകത്തേക്ക് കയറി വന്നത്. വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടാണ് അവർ വന്നത്. വന്നയുടനെ അവർ തങ്ങളെ ആക്രമിക്കാൻ തുടങ്ങിയെന്ന് മകള്‍ പറഞ്ഞു എന്നും ട്രെയിനിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ അമ്മ പറയുന്നു. 

ട്രെയിനിൽ വേറെയും യാത്രക്കാരുണ്ടായിരുന്നു. അതിൽ ഒന്നോ രണ്ടോ പേർ അക്രമികളെ എതിർക്കാനും കൊള്ളയടിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ, അവരിൽ ചിലർക്കും പരിക്കേറ്റു. അതേ സമയം ട്രെയിനിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇതിനെ ഒന്നും എതിർക്കാതെ വീഡിയോ എടുത്ത് കൊണ്ടിരിക്കുകയായിരുന്നു എന്നും അക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. അക്രമികൾക്കെതിരെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാവേണ്ടതുണ്ട് എന്നും അവർ പറഞ്ഞു. 

click me!