ഹാരി രാജകുമാരൻ കലിപ്പിൽ തന്നെ! സഹോദരൻ വില്യം രാജകുമാരന്റെ അനുരഞ്ജന ശ്രമങ്ങൾ അവഗണിച്ചതായി റിപ്പോർട്ട്

By Web TeamFirst Published Oct 4, 2022, 1:43 PM IST
Highlights

കൂടാതെ രാജകുടുംബം വിട്ട് ഹരി രാജകുമാരനും മേഗനും കാനഡയിലേക്ക് പോകുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപും വില്യം രാജകുമാരൻ സഹോദരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും സ്വീകരിക്കാറ്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകുടുംബം വീണ്ടും വാർത്തകളിൽ നിറയുകയാണ്. രാജകുടുംബത്തിൽ നിന്നും പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മറ്റ് കുടുംബാംഗങ്ങളോടുള്ള ഹാരി രാജകുമാരന്റെ അകൽച്ചയിൽ വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. എലിസബത്ത് രാജ്ഞിയുടെ മരണത്തിനുശേഷം പുതുക്കിയ രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സ്ഥാനം ഏറ്റവും പുറകിലേക്ക് മാറിയിരുന്നു. ഇത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ വില്യം രാജകുമാരന്റെ അനുരഞ്ജന ശ്രമങ്ങളും ഹാരി രാജകുമാരൻ നിരസിച്ചതായി ഉള്ള വാർത്തകളാണ് പുറത്തുവരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തിൽ ഇതിനുള്ള കാരണങ്ങൾ എന്താണെന്ന് പറയുന്നുണ്ട്.

2019 -ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് ഹാരിയും മേഗൻ മാർക്കലും ഐടിവിക്ക് ഒരു അഭിമുഖം നൽകിയത്. അന്നുമുതലാണ് രാജകുമാരന് ചില അസ്വാരസ്യങ്ങൾ രാജകുടുംബാംഗങ്ങളുമായി ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. കുടുംബത്തെ പ്രതിസന്ധിയിലാക്കി കൊണ്ടുള്ള ആ അഭിമുഖത്തിന് ശേഷം ഏറെ ആശങ്കയിലാണ് വില്യം രാജകുമാരൻ.

ആ അഭിമുഖത്തിൽ പുതിയതായി വിവാഹം കഴിച്ച ഒരു പെൺകുട്ടി എന്ന നിലയിലും ഒരു അമ്മ എന്ന നിലയിലും താൻ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ കുറിച്ച് മേഗൻ തുറന്നു പറഞ്ഞു. കൂടാതെ സഹോദരനുമായുള്ള കലഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഹാരി രാജകുമാരൻ നിരാകരിച്ചതുമില്ല. പകരം അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "ഞങ്ങൾ ഇപ്പോൾ വ്യത്യസ്ത പാതകളിലാണ്, പക്ഷേ ഞാൻ എപ്പോഴും അവനോടൊപ്പം ഉണ്ടായിരിക്കും, അവൻ എപ്പോഴും എനിക്കായി ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം." 

അടുത്തിടെ പുറത്തിറങ്ങിയ ദി പോസ്റ്റ് എന്ന പുസ്തകത്തിലെ റിപ്പോർട്ടനുസരിച്ച്, വില്യം ഹാരിയുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നു. താനും മാർക്കലും രാജകുടുംബത്തിനെതിരെ ഒന്നിലധികം ആരോപണങ്ങൾ ഉന്നയിച്ചതിനാൽ ഒരു പ്രായശ്ചിത്തം എന്ന നിലയിൽ ഹാരി ആദ്യം അതിന് സമ്മതിച്ചിരുന്നുവത്രേ. എന്നാൽ പിന്നീട് അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. അങ്ങനെയൊരു കൂടിക്കാഴ്ച നടത്തിയാൽ അത് വില്യം രാജകുമാരനും സംഘവും മാധ്യമങ്ങളെ അറിയിച്ചു വാർത്തയാകുമോ എന്ന് ഭയത്താൽ ആണ് ഹാരി തൻറെ തീരുമാനം മാറ്റിയതെന്നാണ് ദി പോസ്റ്റിൽ പറയുന്നത്. 

കൂടാതെ രാജകുടുംബം വിട്ട് ഹരി രാജകുമാരനും മേഗനും കാനഡയിലേക്ക് പോകുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപും വില്യം രാജകുമാരൻ സഹോദരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഇപ്പോഴും ഹാരി രാജകുമാരൻ ചെറിയ കലിപ്പിൽ തന്നെയാണെന്ന് ചുരുക്കം.

click me!