
അധ്യാപകരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റ രീതികൾ ചില അധ്യാപകരിൽ കണ്ടുവരുന്നത് ഇപ്പോൾ സാധാരണമായി മാറിയിരിക്കുകയാണ്. അധ്യാപകരുടെ വിദ്യാർത്ഥികൾക്ക് നേരെയുള്ള ക്രൂരതകൾ പുറത്തുകൊണ്ടുവന്ന നിരവധി സംഭവങ്ങളാണ് ഈ അടുത്തകാലത്ത് സംഭവിച്ചത്. ഇപ്പോഴിതാ അക്കൂട്ടത്തിൽ മറ്റൊന്നുകൂടി. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകൻ ഭീഷണിപ്പെടുത്തി ശുചിമുറി കഴുകിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
ഉത്തർപ്രദേശിലെ ബല്ലിയയിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. പ്രൈമറി ക്ലാസ് വിദ്യാർത്ഥികളായ ചില കുട്ടികളെ കൊണ്ട് അധ്യാപകൻ സ്കൂളിലെ ശുചിമുറികൾ കഴുകിപ്പിക്കുന്നതാണ് വീഡിയോയിൽ. കുട്ടികൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ഇയാൾ വളരെ മോശമായ രീതിയിൽ ഇവരെ ശകാരിക്കുന്നതും കാണാം. വൃത്തിയായി കഴുകിയില്ലെങ്കിൽ ശുചിമുറിക്കുള്ളിൽ പൂട്ടിയിടുമെന്നും ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നതായി വീഡിയോയിലുണ്ട്. ആരാണ് ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത് എന്ന കാര്യം വ്യക്തമല്ല.
വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് അധ്യാപകനെതിരെ ഉയരുന്നത്. എന്നാൽ, വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വിവരങ്ങൾ അന്വേഷിച്ചുവരികയാണ് എന്നാണ് വീഡിയോ കണ്ട പ്രദേശത്തെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഖിലേഷ് കുമാർ ഝാ പറഞ്ഞു.
ശുചിമുറികൾ വൃത്തിയാക്കാൻ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കാൻ സാധിക്കാത്ത നടപടിയാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ മണിറാം സിംഗ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായും വീഡിയോയിലെ സംഭവങ്ങൾ സത്യമാണെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഹവൻ ഏരിയയിലെ പിപ്ര കാലായിലെ പ്രൈമറി സ്കൂളിൽ നിന്നുള്ള വീഡിയോ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, കുട്ടികളെ ശകാരിക്കുന്നത് ആരാണ് എന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നിട്ടില്ല. ഇദ്ദേഹം സ്കൂളിലെ അധ്യാപകനാണോ അതോ മറ്റേതെങ്കിലും ജീവനക്കാരനാണോ എന്ന കാര്യത്തിലാണ് വ്യക്തത വരാൻ ഉള്ളത്. ഏതായാലും ഇത്തരത്തിൽ കുട്ടികളോട് പെരുമാറിയത് ആരായാലും അവർക്കെതിരെ കർശന നടപടിയെടുക്കും എന്നാണ് അധികൃതരുടെ നിലപാട്.