
അതൊരു നീണ്ട പാതയായിരുന്നു. മലനിരകളിലെ ഒരു കൂലിയില്‍ നിന്ന് ലോകത്തിന്റെ വിസ്മയത്തിലേക്ക് നടന്നുകയറിയ ഇതിഹാസത്തിലേക്കുള്ള പാത. 'താങ്ങുന്ന ഭാരത്തില്‍ നിന്നും ആദായനികുതി എത്രയാകും എന്നതിലേക്ക് ആശങ്കകള്‍ മാറ്റിയ യാത്ര.' തന്റെ ജീവിതത്തെ കുറിച്ച് ടെന്‍സിങ് പിന്നീട് പറഞ്ഞ വാക്കുകളാണിത്.
എവറസ്റ്റ്
ജനിച്ച സ്ഥലമോ തീയതിയോ വ്യക്തമല്ലാതിരുന്ന ഒരു ജീവിതം 1953 മേയ് 29 എന്ന തീയതിയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവും സ്വാധീനിച്ച 100 പേരിലാന്നായി ടൈം മാസിക തെരഞ്ഞെടുത്ത ടെന്‍സിങ് നോര്‍ഗെ (Tenzing Norgay) എന്ന ഷേര്‍പ്പയുടെ ജീവിതം. 36 വര്‍ഷം മുമ്പ് ഈ ദിവസത്തിലാണ് (1986 മേയ് 9-ന്) ഏറ്റവും അപകടകരമായ വിധം ലോകത്തെ വിസ്മയിപ്പിച്ച ആ ജീവിതത്തിന് പൂര്‍ണവിരാമമാകുന്നത്.
തിബത്തുകാരായിരുന്നു മാതാപിതാക്കള്‍. നേപ്പാളിലെ ഖുംബുവാണ് ജനിച്ച സ്ഥലമെന്നാണ് ആത്മകഥയില്‍ ടെന്‍സിങ് പറയുന്നത്. എന്നാല്‍, മകനൊപ്പം ചേര്‍ന്നെഴുതിയ ഒരു പുസ്തകത്തില്‍ പറയുന്നത് ജനിച്ചത് തിബത്തിലെന്നാണ്.
ടെന്‍സിംഗ്
ധനികനും ഭാഗ്യവാനുമായ മതവിശ്വാസി എന്നര്‍ത്ഥം വരുന്ന നാംഗ്യാല്‍ വാങ്ഡി എന്ന പേര് രോങ്ബുക്ക് മഠത്തിലെ മുഖ്യന്‍ പറഞ്ഞിട്ടാണ് മാറ്റിയത്. ജനിച്ച സ്ഥലം ഏതായാലും ആദ്യമിട്ട പേരുമാറിയെങ്കിലും ആശയക്കുഴപ്പമില്ലാത്ത ഒന്നുണ്ട്. കുഞ്ഞു ടെന്‍സിങ്ങിന്റെ ഓര്‍മകളില്‍ ആദ്യം മുതല്‍ക്കു തന്നെ ഹിമാലയന്‍ പര്‍വതനിരകളുടെ തണുപ്പും വെളുപ്പും കയറിക്കൂടിയിരുന്നു. പിതാവിനൊപ്പം യാക്കുകളെ മേച്ചുനടക്കുമ്പോള്‍ ചുറ്റും കാണുന്ന വെള്ളിനിരകളുടെ മുകളറ്റം കാണണമെന്ന് മോഹമുണ്ടായിരുന്നു. ഹിമാലയ സാനുക്കളുടെ മുകളിലാണ് ദൈവമിരിക്കുന്നതെന്ന വിശ്വാസമായിരുന്നു അതിനു പ്രചോദനം. ആ വിശ്വാസവും ആഗ്രഹവും അത്രമേല്‍ ശക്തമായിരുന്നതു കൊണ്ടാണ് വര്‍ഷങ്ങള്‍ക്കിപ്പുറം എവറസ്റ്റിന്റെ ശിഖരത്തില്‍ മധുരം വെച്ച് ടെന്‍സിങ് വണങ്ങിയത്. ഹിമപാതകളുടെ കഠിനമായ ഉയര്‍ച്ചതാഴ്ചകള്‍ താണ്ടാന്‍, മനസ്സിലെന്നും കൊണ്ടുനടന്ന പ്രാര്‍ത്ഥനയ്ക്ക്, കുഞ്ഞുന്നാളിലേ കണ്ടു വളര്‍ന്ന പര്‍വതനിരയുടെ ഗാംഭീര്യമായിരുന്നു.
ഇരുപതാംവയസ്സിലാണ് ആദ്യമായി എവറസ്റ്റ് ആരോഹകരുടെ കൂടെ ടെന്‍സിങ് കൂടുന്നത്. 1935-ല്‍ എറിക് ഷിപ്ടണ്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് സംഘത്തിനൊപ്പം. പിന്നീട് പല വട്ടം പല സംഘങ്ങള്‍ക്കൊപ്പം. സാദാ ഷേര്‍പയായും കൂട്ടത്തിലെ തലവനായുമൊക്കെ ആ യാത്രകള്‍. പല കുറി പകുതിക്കും മുക്കാലിനും അവസാനിപ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയത് ഏഴാം വട്ടം ശ്രമിച്ചപ്പോള്‍. ബ്രിട്ടീഷ് സൈനികനായ ജോണ്‍ ഹണ്ടിനൊപ്പം അന്ന് ടെന്‍സിങ്ങിനൊപ്പമുണ്ടായിരുന്നത് ന്യൂസിലാന്‍ഡില്‍ നിന്നെത്തിയ എഡ്മണ്ട് ഹിലരി. അവരുടെ ഓരോ ചുവടുവെപ്പും ചരിത്രത്തിലേക്കായിരുന്നു.
എഡ്മണ്ട് ഹിലരിക്കൊപ്പം ടെന്‍സിംഗ്
തിരിച്ചിറങ്ങിയപ്പോള്‍, ജന്മം കൊണ്ട് നേപ്പാളുകാരനും കര്‍മം കൊണ്ട് ഇന്ത്യാക്കാരനുമായ ടെന്‍സിങ്ങിന് മാത്രം ബ്രിട്ടീഷ് സര്‍ക്കാരിന്റെ സര്‍ ബഹുമതി ഇല്ല. പരിചയത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള പ്രാവീണ്യം എന്ന് ടെന്‍സിങ്ങിനെ ജോണ്‍ ഹണ്ട് വിശേഷിപ്പിച്ചതും വിവാദമായി. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഹണ്ട് ആ പരാമര്‍ശത്തിന് പ്രായശ്ചിത്തം ചെയ്തു. എവറസ്റ്റ് കീഴടക്കല്‍ മാത്രമല്ല ഷേര്‍പ്പകളുടെ ധൈര്യവും കഴിവും വ്യക്തിത്വത്തിന്റെെ സൗന്ദര്യവും ലോകമെമ്പാടും അറിയിച്ചതും ടെന്‍സിങ്ങിന്റെ ഉദാത്ത സംഭാവനയാണെന്ന് അദ്ദേഹം തിരുത്തി..
എന്തായാലും ഇന്ത്യയും നേപ്പാളും ടെന്‍സിങ്ങിനെ ഓര്‍ത്തു. പുരസ്‌കാരങ്ങളാല്‍ ആദരിച്ചു. പര്‍വതനിരയുടെ ശിഖരങ്ങള്‍ക്ക് ടെന്‍സിങ്ങിന്റെ പേരിട്ടു. 1954-ല്‍ സ്ഥാപിതമായ ഹിമാലയ ആരോഹക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (Himalayan Mountaineering Institute)ആദ്യ ഫീല്‍ഡ് ട്രെയിനിങ് ഡയറക്ടറായി. തന്റെ നേട്ടങ്ങളുടെ ഒരു പങ്ക് എപ്പോഴും ഷേര്‍പ്പകളുടെ ക്ഷേമത്തിനായി നീക്കിവെച്ചു ടെന്‍സിങ്.
ഹണ്ടിന്റെ സംഘത്തിനൊപ്പം ചേരാനെത്തിയപ്പോള്‍, പണ്ടേ കേട്ടറിഞ്ഞതു കൊണ്ടാണ് ടെന്‍സിങ്ങിനെ അന്വേഷിച്ചിരുന്നത് എന്ന് ഹിലരി പറഞ്ഞിട്ടുണ്ട്. കഠിനാധ്വാനിയായ ആത്മാര്‍ത്ഥതയുള്ള പരിശ്രമശാലിയായ ടെന്‍സിങ്ങിന്റെ മനസ്സുതുറന്നുള്ള ചിരി അത്യാകര്‍ഷകമാണെന്നും ഹിലരി പറഞ്ഞു. ആ ചിരിയേക്കാള്‍ മധുരമുള്ള ഒരു സമ്മാനം ഹിലരിക്ക് സമ്മാനിച്ചിട്ടുണ്ട് ടെന്‍സിങ്. രണ്ടുപേരില്‍ ആദ്യമാര് എന്ന ചോദ്യത്തിനുത്തരമായി ഒരു ചുവടുമുന്നില്‍ ഹിലരിയായിരുന്നു എന്നാദ്യമായി പറഞ്ഞതിലൂടെ. 1955ല്‍ പുറത്തിറങ്ങിയ ആത്മകഥയിലായിരുന്നു ആ വെളിപ്പെടുത്തല്‍. പിന്നീടും എവറസ്റ്റ് കീഴടക്കാനെത്തുന്നവര്‍ക്ക് മാതൃകയായിരുന്നു ആ കൂട്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചുവടുകളുടെ ഐക്യത്തില്‍ മാത്രമല്ല കൂട്ടായ്മയുടെ താളത്തിനും മാറ്റമുണ്ടായിരുന്നില്ല.
ജോണ്‍ ഹണ്ട്, ടെന്‍സിംഗ്, എഡ്മണ്ട് ഹിലരി
അതൊരു നീണ്ട പാതയായിരുന്നു. മലനിരകളിലെ ഒരു കൂലിയില്‍ നിന്ന് ലോകത്തിന്റെ വിസ്മയത്തിലേക്ക് നടന്നുകയറിയ ഇതിഹാസത്തിലേക്കുള്ള പാത. 'താങ്ങുന്ന ഭാരത്തില്‍ നിന്നും ആദായനികുതി എത്രയാകും എന്നതിലേക്ക് ആശങ്കകള്‍ മാറ്റിയ യാത്ര.' തന്റെ ജീവിതത്തെ കുറിച്ച് ടെന്‍സിങ് പിന്നീട് പറഞ്ഞ വാക്കുകളാണിത്.
ഒരു കാര്യം ഉറപ്പാണ്. പ്രതീക്ഷകളും സ്വപ്നങ്ങളും കൈമുതലാക്കി മുന്നോട്ട് പോകുന്ന ആര്‍ക്കും പ്രചോദനമായ പാതയാണത്.