
ഇന്ത്യയിൽ കഞ്ചാവ് നിയമവിധേയമല്ല. എന്നാൽ, പൂനെ(Pune)യിൽ ഒരു കഫേയിൽ ഭാംഗ് അടങ്ങിയ സാൻവിച്ച് തന്നെ വിളമ്പുന്നുണ്ട്. മാത്രവുമല്ല, അത് നിയമവിധേയവുമാണ്. പൂനെയിലെ സദാശിവ് പേഠ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹെംപ് കഫെറ്റീരിയ, അവരുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച കഞ്ചാവ് അടങ്ങിയ ഭക്ഷണവും പാനീയങ്ങളും നൽകുന്നു എന്നാണ് അവകാശപ്പെടുന്നു. ഭക്ഷണശാലയുടെ ഉടമ അമൃത ഷിറ്റോൾ കഴിഞ്ഞ നാല് വർഷമായി ഇത്തരം ഭക്ഷണങ്ങൾ കഫേയിൽ നൽകുന്നുണ്ട്.
അമൃത പറയുന്നത്, "ഭാംഗ് അല്ലെങ്കിൽ കഞ്ചാവിന് അവിശ്വസനീയമായ ആരോഗ്യഗുണങ്ങളുണ്ട്, എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന്, ഈ ഔഷധസസ്യത്തിന്റെ ഗുണങ്ങൾ ഞാൻ മനസ്സിലാക്കി" ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങൾ കഞ്ചാവിന്റെ വിത്തുകളാണ് ഉപയോഗിക്കുന്നത്, ഇലകളല്ല. നമ്മളിൽ മിക്കവർക്കും അതിനെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ട്. ഹൈ ആവാൻ മാത്രം ഉപയോഗിക്കുന്ന പരമ്പരാഗത ആസക്തികളിൽ ഒന്നായി മാത്രമാണ് നാം ഭാംഗിനെ കണക്കാക്കുന്നത്. നമ്മൾ പലപ്പോഴും അതിനെ കഞ്ചാവ് എന്ന് വിളിക്കുന്നു, അത് ഒരു മയക്കുമരുന്നാണ്. മരിജ്ജുവാനയും ഹെംപും കഞ്ചാവിന്റെ പേരുകളാണെങ്കിലും, അവയിലെ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) കണ്ടന്റ് പരസ്പരം വ്യത്യസ്തമാണ്” അമൃത ന്യൂസ് 18 -നോട് പറഞ്ഞു.
മരുന്നിനോ ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങൾക്കോ വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിന് കൃത്യമായ അളവ് നിഷ്കർഷിച്ചിട്ടുണ്ട്. അത് 0.3 ശതമാനം THC -യാണ്. ഇതുപയോഗിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. അമൃതയും അവളുടെ ബിസിനസ്സ് പങ്കാളിയും ഉത്തരേന്ത്യൻ സംസ്ഥാനത്ത് നിന്നാണ് കഞ്ചാവ് ശേഖരിക്കുന്നത്. അതിൽ നിന്ന് നിർമ്മിച്ച ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിൽ വിൽക്കുന്നു.
ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച്, അമൃത ഒരു വിഷാദാവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു. ഉത്തരാഖണ്ഡ് സന്ദർശനത്തിനിടെയാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. അത് മറ്റുള്ളവരെ കൂടി ബോധ്യപ്പെടുത്താനാണത്രെ കഞ്ചാവടങ്ങിയ ഭക്ഷണം വിളമ്പാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിൽ കഞ്ചാവ് വളർത്തുന്നത് നിയമവിധേയമാക്കാൻ ഒരു പെറ്റീഷൻ ഫയൽ ചെയ്യാനുള്ള ശ്രമത്തിലാണ് അവൾ.