
ഫൈവ് സ്റ്റാർ ഹോട്ടലുകളാണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ വിശ്വസിക്കാൻ കഴിയില്ലെന്ന് യുവതി. അർപിത എന്ന യുവതിയാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താൻ നേരിട്ടുകണ്ട മൂന്ന് ഞെട്ടിക്കുന്ന കാര്യങ്ങളെ കുറിച്ച് പോസ്റ്റ് ഷെയർ ചെയ്തത്. പ്രീമിയം തുകയൊക്കെയാണ് ഈടാക്കുന്നതെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ വലിയ ഉറപ്പൊന്നും ഇല്ലെന്നാണ് അർപിത പറയുന്നത്. താൻ ആ ഹോട്ടലുകളുമായി ചേർന്ന് ജോലി ചെയ്തിരുന്നുവെന്നത് കൊണ്ടുതന്നെ അവയുടെ പേരുകൾ വെളിപ്പെടുത്താനാകില്ല എന്നും അർപിത പറയുന്നു. എന്നാൽ, ഇന്ത്യയിലെ മുൻനിര ഹോട്ടലുകളെക്കുറിച്ച് ചിന്തിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകുമെന്നും അർപിത പറഞ്ഞു. ഫൈവ് സ്റ്റാർ ഹോട്ടലുകൾ അങ്ങനെ നോക്കുമ്പോൾ ഒരു തട്ടിപ്പാണ് എന്നാണ് അർപിതയുടെ നിഗമനം.
ടോയ്‍ലെറ്റ് സീറ്റ് തുടയ്ക്കാൻ ബാത്ത് ടവലുകൾ
ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഗസ്റ്റിന്റെ റൂമിൽ നിന്നും ഉപയോഗിച്ച ടവൽ എടുത്ത് ടോയ്‌ലറ്റ് സീറ്റ് തുടയ്ക്കുന്നത് കണ്ടു, അതിനുശേഷമാണ് അത് അലക്കാനായി അയച്ചതെന്നും അർപ്പിത പറയുന്നു. 'നിങ്ങളിൽ ചിലർക്ക് ഇതിനെക്കുറിച്ച് എന്ത് തോന്നുമെന്ന് എനിക്കറിയില്ല, പക്ഷേ ഇത് ശരിക്കും അരോചകമായി എനിക്ക് തോന്നുന്നു' എന്നാണ് അർപിത പറയുന്നത്.
അഴുക്കുള്ള ഡിഷ് വാഷർ
ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡിഷ് വാഷറുകൾ വളരെ അഴുക്കുള്ളതാണെന്നാണ് അടുത്തതായി അർപ്പിത പറയുന്നത്. ഒരു ക്ലീനർ ഡിഷ് വാഷറിലൂടെ പ്ലേറ്റുകൾ കടത്തിവിടുമ്പോൾ, ചിലതിൽ ഭക്ഷണാവശിഷ്ടങ്ങളും ഇലകളും മറ്റും ഉണ്ടായിരുന്നു. ജീവനക്കാരൻ ആ പ്ലേറ്റുകൾ വീണ്ടും കഴുകുന്നതിന് പകരം തുടച്ച് ഉപയോഗിക്കാനായി മാറ്റിവെച്ചുവെന്ന് അർപിത പറയുന്നു.
നിലത്തു വീണ ഉരുളക്കിഴങ്ങ്
അടുത്തതായി ഭക്ഷണത്തെ കുറിച്ചാണ് അർപിത പറയുന്നത്. ആഹാരം തയ്യാറാക്കുന്നതിനിടയിൽ ഒരു ഷെഫിന്റെ കയ്യിൽ നിന്നും തിളപ്പിച്ച ഉരുളക്കിഴങ്ങ് അടുക്കളയിലെ നിലത്തേക്ക് വീണു. അടുക്കളയിലെ നിലം വളരെ അഴുക്കുള്ളതാണ്. അദ്ദേഹം ആ ഉരുളക്കിഴങ്ങുകൾ തിരികെ ട്രേയിലേക്കിടുകയും, അതുപയോഗിച്ച് മാഷ്ഡ് പൊട്ടറ്റോ ഉണ്ടാക്കി ബുഫെയിൽ വിളമ്പുകയും ചെയ്തു എന്നും അർപ്പിത പറഞ്ഞു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. വലിയ വലിയ ഹോട്ടലുകളിൽ ജോലി ചെയ്ത പലരും അർപിത പറഞ്ഞതുപോലെ നിരവധി സംഭവങ്ങൾ നടക്കാറുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി.