മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നതിലൂടെ പ്രോജക്റ്റുകൾ യഥാർത്ഥ ലോകത്ത് എങ്ങനെ നടപ്പിലാക്കാമെന്നതിനെക്കുറിച്ചുള്ള സുപ്രധാന തിരിച്ചറിവുകൾ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപദേശങ്ങളുമായി ഒരു സംരംഭകൻ. ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ സ്ഥാപകനായ ആകാശ് സിംഗാണ് ഉപദേശവുമായി എത്തിയിരിക്കുന്നത്. സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിന് മുൻപ് ഒരു സാധാരണ ജോലി ചെയ്ത് തൊഴിൽപരമായ പരിചയം സമ്പാദിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഔദ്യോഗിക തൊഴിൽ അന്തരീക്ഷത്തിലെ പരിചയം, ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് കേവലം സ്വപ്നം കാണുമ്പോൾ ലഭിക്കാത്ത പല പ്രായോഗിക കാര്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുമെന്ന് ആകാശ് സിംഗ് വ്യക്തമാക്കി.
'ആദ്യം എല്ലാവരും ഒരു ജോലി ചെയ്ത് തൊഴിൽ സംസ്കാരം എന്താണെന്നും ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആളുകൾ എങ്ങനെ പണം സമ്പാദിക്കുന്നുവെന്നും കണ്ടുമനസ്സിലാക്കുകയാണ് വേണ്ടത്. ഒരു ഘട്ടത്തിൽ എനിക്കും ഒരുപാട് ആശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ നടപ്പിലാക്കപ്പെടുന്നുവെന്ന് മനസ്സിലായതും അതിനെക്കുറിച്ചുള്ള അറിവ് ലഭിച്ചതും' വീഡിയോയിൽ ആകാശ് സിംഗ് പറയുന്നു.
മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നതിലൂടെ പ്രോജക്റ്റുകൾ യഥാർത്ഥ ലോകത്ത് എങ്ങനെ നടപ്പിലാക്കാമെന്നതിനെക്കുറിച്ചുള്ള സുപ്രധാന തിരിച്ചറിവുകൾ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിസിനസ്സ് തുടങ്ങും മുൻപ് പുറത്തിറങ്ങി ലോകത്തിന്റെ പ്രവർത്തനം കണ്ടുപഠിച്ചാൽ ആശയങ്ങൾ നടപ്പിലാക്കാനുള്ള കഴിവ് സ്വയം കൈവരുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 'നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഞാൻ ഇന്ന് രണ്ട് കമ്പനികൾ നടത്തുന്നുണ്ടെങ്കിലും, രണ്ടു വർഷം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയവുമായാണ് ബിസിനസ്സിലേക്ക് ഇറങ്ങിയത്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'നിങ്ങൾ ഉദ്ദേശിച്ച കാര്യം മനസ്സിലാകുന്നുണ്ട്. പക്ഷേ ചിലപ്പോൾ ഒരു ജോലിയിൽ തന്നെ തുടരുന്നത് മനുഷ്യരെ അതൊരു സുരക്ഷിത മേഖലയായി കണ്ട് അതിൽത്തന്നെ ഒതുങ്ങാൻ പ്രേരിപ്പിച്ചേക്കാം' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
