'അച്ഛനമ്മമാരുടെ ജോലി സ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; അച്ഛനമ്മമാരുടെ ജോലി അറിയാൻ ചോദ്യാവലി, പ്രൈമറി സ്കൂളിനെതിരെ ജനരോഷം

Published : May 19, 2026, 05:59 PM IST
Chinese class room

Synopsis

ചൈനയിലെ ഒരു പ്രൈമറി സ്കൂൾ രക്ഷിതാക്കളുടെ ജോലിയെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് ഒരു ചോദ്യാവലി നൽകിയത് വലിയ ജനരോഷത്തിന് കാരണമായി. കുട്ടികളെ തരംതിരിക്കാനുള്ള ശ്രമമാണിതെന്ന് വിമർശനം ഉയർന്നപ്പോൾ, മാതാപിതാക്കളുടെ കഠിനാധ്വാനം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഇത് ചെയ്തതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു.  

 

ച്ഛനമ്മമാരുടെ കഠിനാധ്വാനത്തിന് കുട്ടികൾ നന്ദി പറയുന്ന ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൽകിയ ഒരു ചോദ്യാവലി ചൈനയിൽ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായി. രക്ഷിതാക്കളുടെ ജോലിയെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചറിഞ്ഞ ഈ സർവേ തികച്ചും 'അനാവശ്യവും വിവേചനപരവുമാണ്' എന്നാണ് ഉയർന്നു വരുന്ന പ്രധാന വിമർശനം. ഒടുവിൽ, ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണവുമായി സ്കൂൾ അധികൃതർ തന്നെ രംഗത്തെത്തി.

വിചിത്രമായ ചോദ്യാവലി

മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ടിയാൻമെൻ നഗരത്തിലുള്ള ഒരു പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. 'രക്ഷിതാക്കളുടെ തൊഴിൽ നിരീക്ഷണ പട്ടിക' (Observation List of Parents’ Occupation) എന്ന പേരിൽ സ്കൂൾ വിതരണം ചെയ്ത സർവേയിൽ, മാതാപിതാക്കളുടെ ജോലി സ്ഥലം 'ശബ്ദായമാനമാണോ അതോ ദുർഗന്ധം വമിക്കുന്നതാണോ?' എന്ന് ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നുവെന്ന് ഹെബെയ് പ്രവിശ്യയിലെ സർക്കാർ മാധ്യമമായ 'സോങ്‌ലാൻ ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു ചോദ്യാവലി തയ്യാറാക്കിയിരുന്നത്:

  •  ജോലി സമയം
  •  ജോലിയിലെ വെല്ലുവിളികൾ
  • ജോലി സ്ഥലത്തെ അന്തരീക്ഷം
  • ജോലിയിലെ നേട്ടങ്ങൾ
  • ജോലിയുടെ ഉള്ളടക്കം

ഇതിന് കീഴിലായി വന്നിരുന്ന വിശദമായ ചോദ്യങ്ങൾ ഇവയായിരുന്നു:

  • 'നിങ്ങളുടെ മാതാപിതാക്കളുടെ ജോലിസ്ഥലത്തെ അന്തരീക്ഷം എങ്ങനെയുള്ളതാണ്? അവിടെ കടുത്ത ചൂടുണ്ടോ? അമിതമായ ശബ്ദമുണ്ടോ? ദുർഗന്ധം വമിക്കുന്നുണ്ടോ?'
  • 'ഒരു ദിവസം അവർ എത്ര മണിക്കൂർ ഇരുന്നോ നിന്നോ ജോലി ചെയ്യണം?'
  • 'അവർക്ക് അധികസമയം (Overtime) ജോലി ചെയ്യേണ്ടി വരാറുണ്ടോ?'

വിദ്യാർത്ഥികളുടെ അച്ഛനമ്മമാർ കൃത്യമായി എന്താണ് ചെയ്യുന്നതെന്നും അവരുടെ ജോലിയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം എന്താണെന്നും വ്യക്തമാക്കാനും ചോദ്യാവലി കുട്ടികളോട് ആവശ്യപ്പെട്ടുന്നു. ഇതിനൊപ്പം തന്നെ, ഈ ജോലി ചെയ്യുന്നതിൽ അവർക്കുള്ള സന്തോഷത്തെക്കുറിച്ചും അവർക്ക് ഏറെ 'അഭിമാനം' നൽകുന്ന കാര്യങ്ങളെക്കുറിച്ചും ചോദ്യാവലിയിൽ ഉണ്ടായിരുന്നു.

കുട്ടികളെ വേർതിരിക്കാനുള്ള ശ്രമം

രക്ഷിതാക്കളുടെ തൊഴിൽ വിവരങ്ങൾ ചോർത്തിയെടുക്കാനും കുട്ടികളെ തരംതിരിക്കാനുമുള്ള സ്കൂളിന്‍റെ ഒരു തന്ത്രമാണിതെന്ന രീതിയിലാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഈ ചോദ്യാവലിക്കെതിരെ വിമർശനം ഉയർന്നത്. സംഭവം വിവാദമായതോടെ സ്കൂൾ വക്താവ് ഔദ്യോഗിക പ്രസ്താവനയിറക്കി രംഗത്തെത്തി. "കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ജോലിയെ വളരെ അടുത്ത് നിന്ന് വീക്ഷിക്കാനും, കുടുംബത്തിന് വേണ്ടി അവർ ചെയ്യുന്ന ത്യാഗങ്ങളെയും കഠിനാധ്വാനത്തെയും കുറിച്ച് ബോധവാന്മാരാകാനും അവരോട് നന്ദിയുള്ളവരായിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു ചോദ്യാവലി നിർമ്മിച്ചത്. അച്ഛനമ്മമാർ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് മനസിലാക്കാൻ സാധിച്ചതിനാൽ കുട്ടികളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂളിന്‍റെ വിശദീകരണത്തോട് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. മാതാപിതാക്കളുടെ ജോലിയെക്കുറിച്ച് അറിഞ്ഞ് കഴിഞ്ഞാൽ, പിന്നീട് അധ്യാപകർ, കുട്ടികളോട് പെരുമാറുന്നതിൽ വിവേചനം കാണിക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു ഇതിനെ വിമർശിച്ചവരിൽ ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, ഈ സർവേയിൽ യാതൊരു തെറ്റുമില്ല. കാരണം ഇതിൽ മാതാപിതാക്കൾ ജോലി ചെയ്യുന്ന കമ്പനിയുടെ പേരോ അവരുടെ ഔദ്യോഗിക പദവിയോ (Designation) ചോദിക്കുന്നില്ലെന്നും സർവ്വേ അനുകൂലിച്ചവരും അഭിപ്രായപ്പെട്ടു. സംഭവം വൻ വിവാദമായതോടെ മുനിസിപ്പൽ എഡ്യൂക്കേഷൻ ബ്യൂറോ വിഷയത്തിൽ ഇടപെട്ടു. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ പൊതുസമൂഹത്തിൽ ഉണ്ടാകാൻ ഇടയുള്ള സ്വാധീനത്തെക്കുറിച്ച് ചിന്തിക്കണമെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ജപ്പാനിൽ വൈറൽ കുരങ്ങിന്റെ കൂട്ടിൽ ചാടിക്കയറി അമേരിക്കൻ യുവാക്കൾ, അറസ്റ്റ്
'ഞങ്ങളെപ്പോലുള്ളവരെ കുറിച്ച് ആരോർക്കാനാണ്'; റാപ്പിഡോ ഡ്രൈവര്‍ക്ക് സോഫ്റ്റ് ഡ്രിങ്ക് നൽകി യുവതി, പോസ്റ്റ്