
സാധാരണക്കാരായ നിരവധി പേരെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ പാർലമെന്‍റിൽ ഉന്നയിച്ചത് വഴി രാജ്യത്ത് അടുത്തിടെ ശ്രദ്ധക്കപ്പെട്ട ഒരു പാർലമെന്‍റേറിയനായിരുന്നു രാഘവ് ഛദ്ദ എന്ന എഎപി എംപി. പാർലമെന്‍റിലെ ഛദ്ദയുടെ ഇടപെടൽ അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാൽ, എഎപി വിട്ട് ബിജെപി പാളയത്തേക്കുള്ള ഛദ്ദയുടെ കൂടുമാറ്റം സമൂഹ മാധ്യമ ഉപയോക്താക്കൾ തള്ളിക്കളഞ്ഞിരിക്കുന്നു. പാർട്ടി മാറി 24 മണിക്കൂറിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ രാഘവ് ഛദ്ദയ്ക്ക് നഷ്ടമായത് 10 ലക്ഷം ഫോളോവേഴ്സിനെ..
ദൈനംദിന വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് യുവാക്കൾക്കിടയിൽ പ്രചാരം നേടിയ രാഘവ് ഛദ്ദയുടെ ഈ രാഷ്ട്രീയ മാറ്റം ഒരു "അൺഫോളോ" കാമ്പെയ്‌നിനാണ് സമൂഹ മാധ്യമങ്ങളിൽ തുടക്കമിട്ടത്. രാഷ്ട്രീയ കൂറുമാറ്റങ്ങൾ പലപ്പോഴും പാർട്ടി സമവാക്യങ്ങളെ പുനർനിർമ്മിക്കുന്നത് സാധാരണമാണ്. എന്നാൽ, സമൂഹ മാധ്യമ ഉപയോക്താക്കൾ, പ്രത്യേകിച്ചും യുവാക്കൾ ഛദ്ദയുടെ ചുവട് മാറ്റത്തെ അംഗീകരിക്കുന്നില്ലെന്നതിന് ഉദാഹരണമാണ് സമൂഹ മാധ്യമങ്ങളിലെ ഈ കൊഴിഞ്ഞ് പോക്ക്.
സമൂഹ മാധ്യമങ്ങൾ ശക്തമായ കാലത്ത് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നു. ബിജെപിയിലേക്കുള്ള തന്‍റെ രാഷ്ട്രീയ ചുവടുമാറ്റം രാഘവ് ഛദ്ദ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണം 1.46 കോടിയിൽ നിന്നും 1.33 കോടിയിലേക്ക് വീണു. 13 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഒറ്റ ദിവസം കൊണ്ട് രാഘവ് ഛദ്ദയെ ഉപേക്ഷിച്ചത്.
ജെൻസികളുടെ പ്രധാന സമൂഹ മാധ്യമമായി കണക്കാക്കുന്ന ഇന്‍സ്റ്റാഗ്രാമിലെ ഈ വലിയ ഇടിവ് രാഘവ് ഛദ്ദയ്ക്ക് ജെൻസികൾക്കിടയിൽ നഷ്ടമായ സ്വാധീനത്തെ എടുത്ത് കാണിക്കുന്നു. ഛദ്ദയുടെ ഈ നഷ്ടത്തെ എൻസിപി (എസ്പി) വക്താവായ അനീഷ് ഗവാണ്ടെ സമൂഹ മാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടി. ഛദ്ദയുടെ അൺഫോഴളോവേഴ്സിന്‍റെ എണ്ണം ചൂണ്ടിക്കാണിച്ച അദ്ദേഹം "ഇന്‍റർനെറ്റിന് നിങ്ങളെ ഒറ്റരാത്രികൊണ്ട് ഒരു ഹീറോയാക്കാൻ കഴിയും. ഇന്‍റർനെറ്റിന് നിങ്ങളെ ഒറ്റരാത്രികൊണ്ട് പൂജ്യത്തിലേക്ക് താഴ്ത്താനും കഴിയും" എന്ന് കുറിച്ചു.
ബിജെപിക്കെതിരെ പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ലെന്ന് ആരോപിച്ച് രാജ്യസഭയിലെ പാർട്ടി ഉപനേതാവ് എന്ന സ്ഥനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് രാഘവ് ഛദ്ദ, എഎപി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയത്. തനിക്കൊപ്പം മറ്റ് എഎപി എംപിമാരെയും പഞ്ചാബിലെ 60 ഓളം എംഎൽഎമാരെയും ഛദ്ദ ബിജെപി പാളയത്തിലേക്ക് കൂട്ടിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. രാഘവ് ഛദ്ദയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ "unfollow" എന്ന കമന്‍റുകൾ കൂടുകയാണ്. അതേസമയം #UnfollowRaghavChadha എന്ന ഹാഷ്‌ടാഗ് എല്ലാ സമൂഹ മാധ്യമങ്ങളിലും ട്രെൻഡിംഗായി. ഛദ്ദയുടെ രാഷ്ട്രീയ മാറ്റത്തെ ഉൾക്കൊള്ളാൻ പുതിയ തലമുറ തയ്യാറെല്ലെന്നാണ് ഈ നീക്കം കാണിക്കുന്നത്.