
റോഡുകളിലെ ടോൾ ബൂത്തുകൾ യാത്രകളിൽ നാം കാണുന്ന സ്ഥിരം കാഴ്ചയാണ്. എന്നാൽ, ശ്രീലങ്കയിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. ഇവിടെ 'ടാക്സ് കളക്ടറാ'യി നടുറോഡിൽ നിലയുറപ്പിച്ചിരിക്കുന്നത് ഒരു കാട്ടാനയാണ്. തനിക്കരികിലൂടെ കടന്നു പോകുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തി ആവശ്യമുള്ള ഭക്ഷണം വാങ്ങിച്ചെടുക്കലാണ് ആശാന്റെ ഹോബി. രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ശ്രീലങ്കയിലെ ബുട്ടല-കതരഗാമ റോഡിലാണ് കാട്ടാനയുടെ ഈ ടോൾ പിരിവ്. 40 വയസ്സിന് മുകളിൽ പ്രായമുള്ള ഈ കാട്ടാന ഇതുവഴി പോകുന്ന സ്ഥിരം യാത്രക്കാർക്ക് സുപരിചിതനാണ്. രാജാവ് എന്നർത്ഥം വരുന്ന രാജ എന്നാണ് ഇവിടെ ഇവൻ അറിയപ്പെടുന്നത്. റോഡിൽ നിലയുറപ്പിക്കുന്ന രാജയെ കാണുമ്പോൾ ഇരുവശത്തുനിന്നും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ വേഗത കുറയ്ക്കും. പിന്നെ അവനരികിൽ എത്തുമ്പോൾ കൃത്യമായി ഭക്ഷണം നൽകി യാത്ര തുടരും. ഈ ഭക്ഷണം തുമ്പിക്കയ്യിൽ വച്ച് നൽകിയാൽ മാത്രമേ രാജ വണ്ടി മുന്നോട്ടെടുക്കാൻ അനുവദിക്കൂ എന്നതാണ് സത്യം.
പൊതുവേ സൗമ്യ പ്രകൃതക്കാരനായ രാജാ അപകടകാരി അല്ലെന്നാണ് നാട്ടുകാരുടെ പക്ഷം. അവന് ആവശ്യമുള്ള ഭക്ഷണം നൽകിയാൽ പിന്നെ സീൻ ഇല്ലെന്നും നാട്ടുകാർ പറയുന്നു. ഏതായാലും രാജ ഈ ഭക്ഷണ പിരിവ് ആരംഭിച്ചത് സമീപത്തെ വഴിയോര കച്ചവടക്കാർക്കും ഇപ്പോൾ അനുഗ്രഹമായി മാറിയിരിക്കുകയാണ്. കാരണം ഇതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും രാജയ്ക്കായി വാഴപ്പഴം ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ ഈ കടകളിൽ നിന്നും വാങ്ങി സൂക്ഷിക്കും.
ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തെ തെക്കുകിഴക്കൻ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ലിങ്ക് വേയാണ് ബുട്ടാല-കതരഗാമ റോഡ്. റോഡിൻറെ ഇരുവശത്തും വനമാണ്. ഈ വനത്തിൽ നിന്നാണ് രാജ ഉൾപ്പടെയുള്ള ആനകൾ റോഡിലേക്ക് ഇറങ്ങുന്നത്.