കളഞ്ഞുകിട്ടിയ പേഴ്സ് തിരികെ എത്തിക്കാൻ നടത്തിയ യാത്ര, ഇത്രയൊക്കെ ആരെങ്കിലും കഷ്ടപ്പെടുമോ എന്ന് സോഷ്യൽമീഡിയ

By Web TeamFirst Published Jul 31, 2021, 3:18 PM IST
Highlights

അങ്ങനെ രാഹുലിനായുള്ള തിരച്ചിൽ തൈമൂർ ആരംഭിച്ചു. ഫേസ്ബുക്കിലും, ട്വിറ്ററിലും അദ്ദേഹം രാഹുലിനെ തിരഞ്ഞു. പിന്നീട് ഗൂഗിളിൽ അദ്ദേഹം രാഹുലിനെ തപ്പി ഇറങ്ങി. 

ഒരാൾ കളഞ്ഞുകിട്ടിയ വാലറ്റ് തിരികെ നൽകാൻ എടുത്ത പ്രയാസങ്ങളുടെ പേരിൽ നെറ്റിസെൻസിന്റെ ഹൃദയം കവരുകയാണ്. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസ്, സ്കൂൾ ഓഫ് എജ്യുക്കേഷനിലെ പ്രൊഫഷണൽ എഡ്യൂക്കേഷന്റെ തലവനാണ് ഗാസി തൈമൂർ. അദ്ദേഹം ലണ്ടൻ സ്ട്രീറ്റിൽ നിന്ന് ഒരു വാലറ്റ് കണ്ടെത്തിയ കഥയാണ് ഇപ്പോൾ സംസാരമാകുന്നത്. 

വാലറ്റിൽ അതിന്റെ ഉടമയെ കുറിച്ചുള്ള യാതൊരു വിവരങ്ങളുമുണ്ടായിരുന്നില്ല. എന്നിട്ടും പക്ഷേ ആ വാലറ്റിന്റെ ഉടമയെ തേടിയുള്ള യാത്രയിലായിരുന്നു തൈമൂർ. വീടും, നാടും, ജോലിയും ഒന്നും അറിയാത്ത, ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത ഒരാൾക്ക് വേണ്ടി തൈമൂർ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. എന്നാൽ ഒരുപാട് ദിവസത്തെ തിരച്ചിലിനൊടുവിൽ അദ്ദേഹം അതിന്റെ ഉടമയെ കണ്ടെത്തി. ഒരു വാലറ്റ് തിരികെ നൽകാൻ ഒരുപക്ഷേ എത്രപേർ ഇതുപോലെ മെനക്കെടുമെന്നത് ഒരു ചോദ്യമാണ്. അദ്ദേഹത്തിന്റെ നല്ല മനസ്സിനെ അനുമോദിക്കുകയാണ് നെറ്റിസൻസ് ഇന്ന്.

ലണ്ടനിലെ ഷോർഡിച്ച് പരിസരത്തു താമസിക്കുന്ന തൈമൂറിന് ഒരു ദിവസം തെരുവിൽ നിന്ന് തവിട്ട് നിറത്തിലുള്ള ഒരു വാലറ്റ് കളഞ്ഞ് കിട്ടി. തുറന്നു നോക്കിയപ്പോൾ അതിനകത്ത് ക്രെഡിറ്റ് കാർഡുകളും, മറ്റ് പ്രധാനപ്പെട്ട വസ്തുക്കളുമായിരുന്നു. ക്രെഡിറ്റ് കാർഡിൽ നിന്ന് വ്യക്തിയുടെ പേര് രാഹുൽ എന്നാണെന്ന് അദ്ദേഹം മനസ്സിലാക്കി. എന്നാൽ, വ്യക്തിയുടെ മറ്റ് വിവരങ്ങൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ല. വാലറ്റ് കാണാതെ ഉടമ എത്രമാത്രം വിഷമിക്കുന്നുണ്ടാകുമെന്ന് ചിന്തിച്ചപ്പോൾ അദ്ദേഹത്തിന് അത് അവിടെത്തന്നെ ഉപേക്ഷിക്കാനും മനസ്സ് വന്നില്ല. എത്ര കഷ്ടപ്പെട്ടായാലും രാഹുലിനെ കണ്ടെത്തുമെന്ന് അയാൾ ഉറച്ചു. ആദ്യം അദ്ദേഹം ആ വാലറ്റിന്റെ ചിത്രം ട്വിറ്ററിൽ പങ്കിട്ടു. അപ്പപ്പോഴുള്ള വിവരങ്ങൾ എല്ലാവരെയും അറിയിക്കുമെന്നും പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.    

അങ്ങനെ രാഹുലിനായുള്ള തിരച്ചിൽ തൈമൂർ ആരംഭിച്ചു. ഫേസ്ബുക്കിലും, ട്വിറ്ററിലും അദ്ദേഹം രാഹുലിനെ തിരഞ്ഞു. പിന്നീട് ഗൂഗിളിൽ അദ്ദേഹം രാഹുലിനെ തപ്പി ഇറങ്ങി. ഇന്ത്യയിലെ ഗുജറാത്തിലാണ് അത്തരമൊരു പേരിൽ ഒരാൾ താമസിക്കുന്നതായി ഗൂഗിൾ കണ്ടെത്തിയത്. ആ ശ്രമം പരാജയമായി. ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി വാലറ്റിന്റെ ഉടമയുടെ ആദ്യ പേര് മാത്രമാണ് അദ്ദേഹം പുറത്ത് വിട്ടത്.  തുടർന്ന്, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിൽ അദ്ദേഹം അന്വേഷിച്ചു. അതിൽ മൂന്ന് പ്രൊഫൈലുകൾ കണ്ടു, അതിൽ ഒരു രാഹുൽ ലണ്ടനിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അക്കൗണ്ട് ലോക്കുചെയ്‌തതിനാൽ തൈമൂറിന് അയാളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, ആ ശ്രമം ഉപേക്ഷിയ്ക്കാൻ ഇത്രയൊക്കെ ധാരാളമാണ്. എന്നാൽ തൈമൂർ പിന്മാറിയില്ല. അയാൾ അടുത്തതായി രാഹുലിന്റെ ഓഫീസ് വിലാസം കണ്ടെത്താൻ ശ്രമിച്ചു! ഇത്തവണയും അദ്ദേഹം പരാജയപ്പെട്ടു. ഗൂഗിൾ മാപ്‌സിൽ രാഹുലിന്റെ ഓഫീസ് വിലാസം കണ്ടെത്താൻ തൈമൂറിന് കഴിഞ്ഞില്ല. അങ്ങനെ ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു. എന്നാലും ഒരു അവസാന ശ്രമമെന്ന നിലയിൽ യുകെയിലെ കമ്പനികളുടെ രജിസ്ട്രാർ ആയ കമ്പനി ഹൗസിൽ അദ്ദേഹം പരതി. അവിടെ ഫയൽ ചെയ്ത കമ്പനിയുടെ വാർഷിക അക്കൗണ്ടുകളിലൂടെ തായ്മൂർ രാഹുലിന്റെ ഓഫീസ് വിലാസം കണ്ടെത്തി. രാഹുലിന്റെ ഹെഡ് ഓഫീസ് ഷോർഡിച്ചിലാണെന്ന് അദ്ദേഹം മനസ്സിലാക്കി.    

ഇവിടെയാണ് കാര്യങ്ങൾ ശരിക്കും രസകരമായി മാറിയത്. തൈമൂർ ഷോർഡിച്ചിലെ അവരുടെ ഹെഡ് ഓഫീസിലേക്ക് തിരിച്ചു. "രാഹുൽ ഞാൻ വരുന്നു!" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അവിടെ എത്തിയ അദ്ദേഹം രാഹുലിന് വാലറ്റ് കൈമാറി. ട്വിറ്ററിൽ അദ്ദേഹം അതിന്റെ ചിത്രവും എല്ലാവർക്കുമായി പങ്കുവെച്ചു. രാഹുൽ അവിടത്തെ ഫിനാൻസ് മാനേജരായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വാലറ്റ് തിരിച്ച് കിട്ടിയ അദ്ദേഹം എന്തുചെയ്യണമെന്നറിയാതെ തരിച്ചു നിന്നു. "രാഹുൽ ഞെട്ടലിലാണ്. അവന്റെ കണ്ണുകൾ നിറയുന്നു," തൈമൂർ എഴുതി. ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് വേണ്ടി ഒരാൾ ഇത്രയൊക്കെ കഷ്ടപ്പെടുമോ എന്നാണ് നെറ്റിസൻസിന്റെ സംശയം. എന്തായാലും, വാലറ്റ് കിട്ടിയ രാഹുലും, അത് കണ്ടെത്തി കൊടുക്കാൻ സാധിച്ച തൈമൂറും സന്തോഷത്തോടെ യാത്ര ചൊല്ലി പിരിഞ്ഞു.  

click me!