പരസ്പരം വെടിവെച്ചു കൊല്ലാൻമാത്രം അസം-മിസോറം പോലീസുകാർക്കിടയിൽ എന്താണ് വിരോധം?

By Web TeamFirst Published Jul 31, 2021, 1:35 PM IST
Highlights

അതിർത്തിയിൽ കൊടും കാടാണ്. എവിടെ അസം തീരുന്നു എവിടെ മിസോറം തുടങ്ങുന്നു എന്ന കാര്യത്തിൽ പലയിടത്തും അവ്യക്തതയുണ്ട്. 

അസമിൽ നിന്നുള്ള ആറു പോലീസുകാർ വെടിയേറ്റ് മരിച്ചു. അധികാരികൾ അടക്കം എൺപതോളം പേർക്ക് പരിക്കേറ്റു. ഇരുപക്ഷത്തുമുള്ള ബ്യൂറോക്രാറ്റുകൾ, എന്തിന് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ പോലും, അസം-മിസോറം പോലീസ് സേനകളിലെ ഭടന്മാർ പരസ്പരം വെടിയുതിർത്തതിനെ തുടർന്നുണ്ടായ അക്രമങ്ങൾക്ക് പരസ്പരം പഴിചാരുന്ന തിരക്കിലാണ്. ഒറ്റപ്പെട്ട ആ ഒരു വെടിവെപ്പിന് ശേഷം, പുതുതായി അക്രമങ്ങൾ ഒന്നുമുണ്ടായിട്ടില്ല എങ്കിലും, സംസ്ഥാനാതിർത്തിയിൽ സാഹചര്യം വളരെ സംഘർഷഭരിതമായിത്തന്നെ തുടരുകയാണ്. 

 

 

അതിർത്തിയിൽ പോലീസിനെ വിന്യസിച്ച് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് അസം ആണ് എന്നാക്ഷേപിച്ച് മിസോറം കേന്ദ്രത്തോട് ഇടപെടാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. തങ്ങളുടെ പൊലീസ് സേനയെ പിൻവലിച്ചതായി അസം അറിയിച്ചു എങ്കിലും, മിസോറം പൊലീസ് സേന ഇപ്പോഴും അതിർത്തിയിൽ തന്നെ തുടരുകയാണ്. 

ഇരു സംസ്ഥാനങ്ങൾക്കും ഇടയിൽ കഴിഞ്ഞ കുറേക്കാലമായി തുടരുന്ന സംഘർഷങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ് ഈ വെടിവെപ്പ്. 1994 മുതൽ കേന്ദ്രം വർഷങ്ങളായി ശ്രമിച്ചിട്ടും പ്രശ്നങ്ങൾ പരിഹരിക്കാനോ സമാധാനം പുനഃസ്ഥാപിക്കാനോ ഒന്നും ഇതുവരെ സാധിച്ചിട്ടില്ല.

എന്താണ് പ്രശ്നം ?

ഇന്ത്യയുടെ ഉത്തര പൂർവ പ്രവിശ്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ പെട്ടതാണ് അസമും മിസോറവും. 'ലുഷായി ഹിൽസ്'എന്നറിയപ്പെട്ടിരുന്ന മിസോറം കൊളോണിയൽ ഭരണകാലത്ത് അസമിന്റെ ഭാഗമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾക്ക് ശേഷം 1972 -ലാണ് മിസോറമിന് സ്വന്തമായി ഒരു അസ്തിത്വമുണ്ടാവുന്നത്. അത് കേന്ദ്രത്തിന്റെ ഭരണത്തിന് കീഴിലുള്ള ഒരു പ്രദേശമായി മാറുന്നത്. 1987 -ൽ മാത്രമാണ് മിസോറമിന് സംസ്ഥാന പദവി കിട്ടുന്നത്.  ഇന്നത്തെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം അസമിലെ മൂന്നു ജില്ലകൾക്ക് മിസോറാമിലെ മൂന്നു ജില്ലകളുമായി 164 കിലോമീറ്ററോളം നീളത്തിലുള്ള അതിർത്തിയാണ്. 

 

അതിർത്തിയിൽ കൊടും കാടാണ്. എവിടെ അസം തീരുന്നു എവിടെ മിസോറം തുടങ്ങുന്നു എന്ന കാര്യത്തിൽ പലയിടത്തും അവ്യക്തതയുണ്ട്. ഇരു സംസ്ഥാനങ്ങളും പരസ്പരം അതിക്രമിച്ചു കയറി, കയ്യേറ്റം നടത്തി, ഭൂമി തട്ടിയെടുത്തു തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. 

1994 -ലാണ് ആദ്യ റൗണ്ട് അക്രമങ്ങൾ അരങ്ങേറുന്നത്. അതിനു ശേഷം പല തവണ കേന്ദ്രം ഇടപെട്ടുള്ള സമാധാന ചർച്ചകൾ നടക്കുന്നുണ്ട് എങ്കിലും പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാവുന്നില്ല. ഇടയ്ക്കിടെ പിന്നെയും ഇതുപോലുള്ള സംഘാഷങ്ങൾ പൊട്ടിപ്പുറപ്പെടും. 2020 ഒക്ടോബറിൽ അതിർത്തി ഗ്രാമങ്ങളിലുള്ള ഇരുസംസ്ഥാനക്കാരും തമ്മിൽ ഒരേ ആഴ്ചയിൽ രണ്ട് സംഘട്ടനങ്ങൾ ഉണ്ടായതോടെ സംഗതി വഷളാകുന്നു. എട്ടു പേർക്കെങ്കിലും പരിക്കേൽക്കുന്നു, പലരുടെയും കുടിലുകൾ അന്ന് അഗ്നിക്കിരയാക്കപ്പെടുന്നു. പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെ നയിച്ചത് വിവാദാസ്പദമായ അതിർത്തി പ്രദേശങ്ങളിൽ നിന്ന് അസം പൊലീസ് മിസോറംകാരെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണ്.

 

 

അന്ന് ഒരു ഫാം ഹൗസും വിളകളും അവർ തീയിട്ടു നശിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. അതിനു ശേഷമാണ് അസം തങ്ങളുടേത് എന്ന് അവകാശപ്പെട്ട ആ പ്രദേശങ്ങളിലേക്ക് മിസോറവും തങ്ങളുടെ സേനയെ വിന്യസിക്കുന്നത്. ഇരു ഭാഗത്തുമുള്ള പ്രതിഷേധക്കാർ ഹൈവേകൾ ബ്ലോക്ക് ചെയ്യുന്നു. മൂന്നാഴ്ചയോളം അന്ന് ഗതാഗതം സ്തംഭിക്കുന്നു. അന്ന് ഒടുവിൽ കേന്ദ്രം ഇടപെട്ടിട്ടാണ് പ്രശ്നങ്ങൾ താത്കാലികമായി പരിഹരിക്കപ്പെടുന്നത്.

ഇത്തവണ എന്തുണ്ടായി? 

അതിർത്തിയിലെ ഒരു ചെക് പോയിന്റ് ആയ ലൈലാപൂരിൽ വെച്ച് ഇരുപക്ഷത്തെയും പൊലീസുകാർ തമ്മിലുണ്ടായ സംഘർഷമാണ് കാര്യങ്ങൾ വഷളാക്കുന്നത്. അസമിന്റെ അതിർത്തി കാക്കാൻ ചെന്ന പൊലീസുകാരെ മിസോറം പൊലീസ് വെടിവെച്ചു കൊന്നുകളഞ്ഞു എന്ന ആക്ഷേപം ഉയർത്തുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയാണ്. അതിനു പുറമെ മിസോറമിൽ നിന്നുള്ള തങ്ങളുടെ പോലീസിനും മറ്റുള്ള അധികാരികൾക്കും നേരെ കല്ലെറിഞ്ഞു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

 

I am deeply pained to inform that six brave jawans of have sacrificed their lives while defending constitutional boundary of our state at the Assam-Mizoram border.

My heartfelt condolences to the bereaved families.

— Himanta Biswa Sarma (@himantabiswa)

 

എന്നാൽ, ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ മിസോറം നിഷേധിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി ലാൽഛംലിയാന പറഞ്ഞത് തങ്ങൾക്കു നേരെ വെടിവെപ്പുണ്ടായപ്പോൾ മിസോറം സേന പ്രത്യാക്രമണം നടത്തുക മാത്രമാണുണ്ടായത് എന്നാണ്. മിസോറം മുഖ്യമന്ത്രി സോറംതംഗയും അസമിനെ കുറ്റപ്പെടുത്തിക്കൊണ്ട് പോസ്റ്റ് ചെയ്യുകയുണ്ടായി. 

 

ഇവിടെ പ്രശ്നങ്ങൾക്കുള്ള ഒരു പ്രധാന കാരണം അതിർത്തികൾ നിർണയിക്കുന്നതിനു വേണ്ടി ഇരു സംസ്ഥാനങ്ങളും പിന്തുടരുന്ന രേഖകൾ വ്യത്യസ്തമാണ് എന്നതുകൂടിയാണ്. 1875 -ലെ നോട്ടിഫിക്കേഷനിൽ അടയാളപ്പെടുത്തിയതിൻ പ്രകാരം വേണം അതിർത്തികൾ തീരുമാനിക്കപ്പെടേണ്ടത്  എന്നാണ് മിസോറാമിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായം. എന്നാൽ അതിർത്തി നിർണയിക്കാൻ അസം ആശ്രയിക്കുന്നത് 1933 ലെ ഡീമാർക്കേഷനെ ആണ്. എന്നാൽ, തങ്ങളുടെ അഭിപ്രായം പരിഗണിക്കാൻ കൂട്ടാക്കാതെ അടയാളപ്പെടുത്തപ്പെട്ട 1933 -ലെ ഉടമ്പടി തങ്ങൾ മാനിക്കുന്നില്ല എന്നതാണ് മിസോറമിന്റെ നിലപാട്. ഇക്കാര്യത്തിൽ ഇന്നും നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസമാണ് ഇരു സംസ്ഥാനങ്ങൾക്കിടയിൽ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്ന അതിർത്തി പ്രശ്നങ്ങൾക്കും അതുമായി ബന്ധപ്പെട്ടുകൊണ്ട് ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന സംഘർഷങ്ങൾക്കും കാരണം. പരിഹരിക്കപ്പെടേണ്ടതും അതൊന്നു തന്നെയാണ്. 

click me!