
ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി സൈബീരിയയിൽനിന്ന് ഇംഗ്ലണ്ടിലെത്തിയ അത്യപൂർവ ദേശാടനപ്പക്ഷിക്ക് ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ കുംബ്രിയയിൽ വളർത്തുപൂച്ചയുടെ ആക്രമണത്തിലാണ് സൈബീരിയൻ റൂബിത്രോട്ട് (Siberian Rubythroat) എന്ന പക്ഷി ചത്തത്. ബ്രിട്ടനിൽ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ പക്ഷിയുടെ സാന്നിധ്യം പക്ഷിനിരീക്ഷകരെ അമ്പരപ്പിച്ചെങ്കിലും അതിന്‍റെ മരണം കടുത്ത നിരാശയാണ് സമ്മാനിച്ചത്.
കുംബ്രിയയിലെ ബ്രാംപ്ടണിലുള്ള വീട്ടിൽ താമസിക്കുന്ന സ്ത്രീയുടെ പൂച്ചയാണ് പക്ഷിയെ പിടികൂടി വീട്ടിലെത്തിച്ചത്. പൂച്ചയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് എത്തിയപ്പോഴാണ് ചത്ത പക്ഷിയെ കണ്ടതെന്ന് ഉടമ പറയുന്നു. കൊക്കിന് താഴെയുള്ള ഓറഞ്ച് കലർന്ന ചുവന്ന തൂവലുകൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും പക്ഷിയെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന് പക്ഷിയെ ഫ്രീസറിൽ സൂക്ഷിച്ച് റോയൽ സൊസൈറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സിനെ (RSPB) വിവരം അറിയിച്ചു.
This poor bird & billions of others are killed every year from domestic cats! 😭
Imagine the incredible achievement of this tiny bird flying that distance just to be killed by a cat!
KEEP YOUR CATS INSIDE!!!
— Nick Volpe (@nvolpewild) November 15, 2026
കുംബ്രിയയിലെ പക്ഷികളുടെ ഔദ്യോഗിക രേഖകൾ സൂക്ഷിക്കുന്ന ക്രിസ് ഹിൻഡിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് പക്ഷിയെ തിരിച്ചറിഞ്ഞത്. 1975 മുതൽ 2022 വരെ ബ്രിട്ടനിൽ ഈ ഇനം പക്ഷികളുടെ സാന്നിധ്യം വെറും 17 തവണ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ 15 എണ്ണവും വടക്കൻ സ്കോട്ട്ലൻഡിലെ ദ്വീപുകളിലായിരുന്നു. ഇംഗ്ലണ്ടിന്‍റെ പ്രധാന ഭൂപ്രദേശത്ത് ഇതുവരെയായി സ്ഥിരീകരിച്ച രണ്ട് രേഖകൾ മാത്രമാണുള്ളത്.
പക്ഷിക്ക് 28 ഗ്രാം മാത്രമായിരുന്നു ഭാരം. സാധാരണയായി ഏകദേശം 73 ഗ്രാം ഭാരമുണ്ടാകേണ്ട ഇനമാണിത്. സൈബീരിയയിൽ പ്രജനനം നടത്തുന്ന ഇവ ശൈത്യകാലത്ത് തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലേക്കാണ് ദേശാടനം നടത്തുന്നത്. എന്നാൽ, ഈ പക്ഷി പടിഞ്ഞാറോട്ട് വഴിതെറ്റി എത്തിയതെങ്ങനെയെന്നത് വ്യക്തമല്ലെന്ന് പക്ഷി നിരീക്ഷകർ പറയുന്നു. പക്ഷിയുടെ സാമ്പിളുകൾ ശേഖരിച്ചശേഷം കാൾലൈനിലെ ടുള്ളി ഹൗസ് മ്യൂസിയത്തിൽ സൂക്ഷിക്കാനാണ് തീരുമാനം. പൂച്ചകൾ പക്ഷികളെ ആക്രമിക്കുന്നത് ഒഴിവാക്കാൻ വളർത്തുപൂച്ചകളുടെ കഴുത്തിൽ മണിയുള്ള കോളർ ഘടിപ്പിക്കണമെന്ന് പക്ഷിനിരീക്ഷകർ നിർദേശിച്ചു.