അസമിലെ ഗുവാഹത്തിയിൽ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്കൂൾ വിദ്യാർഥി പത്താം നിലയിൽനിന്ന് വീണ് മരിച്ചു. സംഭവത്തിന് മുമ്പ് വിദ്യാർഥി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശമാണ് വിവരങ്ങൾ പുറത്തറിയാൻ സഹായിച്ചത്.
അസമിലെ ഗുവാഹത്തിയിൽ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചെന്ന് ആരോപിക്കപ്പെട്ട സ്കൂൾ വിദ്യാർഥി, കെട്ടിടത്തിന്‍റെ പത്താം നിലയിൽനിന്ന് വീണ് മരിച്ചു. സംഭവത്തിന് പിന്നാലെ സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാർഥി അയച്ച സന്ദേശങ്ങളാണ് സംഭവത്തിന്‍റെ വിവരം പുറത്തറിയാൻ സഹായിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമ്മ ചന്ദ്രാണി കലിതയെ (50) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു
ഗുവാഹത്തിയിലെ ബാമുനിമൈദാം മേഖലയിലെ ജ്യോതിനഗറിലുള്ള വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുകുൽ ഗ്രാമർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അരുണാഭ് കലിത അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയ വിദ്യാർഥി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ സംഭവം വിവരിച്ച് സന്ദേശമയച്ചു. അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വീട് കണ്ടെത്തി അമ്മയെ സഹായിക്കണമെന്നും വിദ്യാർത്ഥിനി തന്‍റെ സഹപാഠികളോട് ആവശ്യപ്പെട്ടതായാണ് വിവരം.
മിടുക്കനായ വിദ്യാർത്ഥി, പക്ഷേ...
സന്ദേശം ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ചന്ദ്രാണിയെ കണ്ടെത്തി. ഇവരെ ഉടൻ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, നഗരത്തിലെ എബിസി മേഖലയിലുള്ള മയൂർ ഹൈറ്റ്സ് കെട്ടിടത്തിന്‍റെ പത്താം നിലയിൽനിന്ന് ഒരു വിദ്യാർത്ഥി വീണെന്ന വിവരമെത്തി. അന്വേഷണത്തിൽ അത് സന്ദേശമയച്ച വിദ്യാർത്ഥിയാണെന്ന് കണ്ടെത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ചന്ദ്രാണിയുടെ തലയ്ക്കും മുഖത്തും ഗുരുതര പരിക്കുകളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ ഇപ്പോൾ ഭക്ഷണം കഴിച്ച് തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. പഠനത്തിൽ മിടുക്കനായിരുന്ന അരുണാഭ് ഒളിമ്പ്യാഡ് മത്സരത്തിൽ സ്വർണമെഡൽ നേടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.














