മുപ്പത്തൊമ്പതു വർഷം മുമ്പ് ഡോക്ടർമാർ പറഞ്ഞത് റീഗൻ കേട്ടു, ഇന്ന് ട്രംപ് കേൾക്കുമോ?

By Web TeamFirst Published Mar 30, 2020, 11:29 AM IST
Highlights

രാജ്യത്തിൻറെ ഭാവിയെ ബാധിക്കുന്ന ഏതൊരു കാര്യത്തിലും സ്വന്തം ജനപ്രീതിക്ക് മുൻഗണന നൽകാതെ ജനഹിതം നോക്കി പ്രവർത്തിക്കാൻ പ്രസിഡന്റ് റീഗൻ തയ്യാറായിരുന്നു.

ഇന്നേക്ക് കൃത്യം മുപ്പത്തൊമ്പതു വർഷം മുമ്പ് അമേരിക്ക ഇന്നത്തെപ്പോലെ തന്നെ ഒരു ജീവന്മരണ പോരാട്ടത്തിന്റെ ഫലമറിയാനുള്ള ആശങ്കയിലായിരുന്നു. ഇന്ന് ലക്ഷക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ ജീവിതമാണ് ത്രാസ്സിലുള്ളത് എങ്കിൽ അന്ന് മരണത്തിന്റെ നൂൽപ്പാലം കടക്കാനിരുന്നത് അമേരിക്കൻ പ്രസിഡന്റ് ഒരാളുടെ ജീവൻ മാത്രമായിരുന്നു. അന്ന് ഡോക്ടർമാരുടെ ഉപദേശം കേട്ടതുകൊണ്ട് റീഗനും അമേരിക്കയും ആ പ്രതിസന്ധി അതിജീവിച്ചു. ഇന്ന് ഡോക്ടർമാർ പറയുന്നതിന് ട്രംപ് ചെവികൊടുക്കുമോ? ഈ പ്രതിസന്ധി അമേരിക്ക അതിജീവിക്കുമോ?

അമേരിക്കയുടെ നാല്പതാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന് നേരെ ജോൺ ഹിക്ക്ലി ജൂനിയർ എന്നൊരാൾ വെടിയുതിർക്കുന്നത് 1981 മാർച്ച് 30 -നാണ്. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ച ശേഷം തന്റെ ലിമൊസീനിലേക്ക് നടന്നുപോകവെയാണ് റിപ്പോർട്ടമാർക്കിടയിൽ നിന്ന് ഹിക്ക്ലി ആറുതവണ പ്രസിഡന്റിനുനേരെ വെടിയുതിർക്കുന്നത്. ആകെ നാലുപേർക്ക് അന്ന് വെടിയേറ്റു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡിയുടെ തലയ്ക്കു ഗുരുതരമായ പരിക്കേറ്റു.  ഹിക്ക്ലിയുടെ .22 കാലിബർ റൈഫിളിൽ നിന്നുതിർന്ന വെടിയുണ്ട 70 കാരനായ റീഗന്റെ ദുർബലമായ നെഞ്ചിൻകൂട് തകർത്തുകൊണ്ട് ഹൃദയത്തിൽ നിന്ന് കഷ്ടി ഒരിഞ്ച് അപ്പുറത്തുമാറി വിശ്രമിച്ചു. അദ്ദേഹത്തിന്റെ വാരിയെല്ലൊടിച്ച്, ഒരു ശ്വാസകോശം തുളച്ചുകൊണ്ട് അകത്തേക്കുകയറിയ ആ വെടിയുണ്ട കടുത്ത ആന്തരിക രക്തസ്രാവത്തിനു കാരണമായി. അടിയന്തരമായി സർജ്ജറി ചെയ്യേണ്ടി വന്നു. 
 

 

ഒരു സിഐഎ ഏജന്റ് ആണ് റീഗനെ ലിമോയിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നത്. നെഞ്ചിലുടക്കിയ വെടിയുണ്ടയുമായി ആ ദുർബലശരീരൻ നടന്നാണ് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിച്ചത്. പ്രഥമശുശ്രൂഷയ്ക്ക് ശേഷം അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി കൊണ്ടുപോകവേ പരിഭ്രാന്തയായ കൈപിടിച്ചു കരഞ്ഞ ഭാര്യ നാൻസിയോട് അന്ന് റീഗൻ പറഞ്ഞത് പ്രസിദ്ധമാണ്," ഡിയർ ഐ ഫോർഗോട്ട് റ്റു ഡക്ക് " -"ഡിയർ, (ഉണ്ട വന്നപ്പോൾ) ഞാൻ കുനിയാൻ മറന്നു പോയി" എന്ന്. ഓപ്പറേഷൻ തിയറ്ററിൽ വെച്ചും റീഗൻ തന്റെ പ്രസിദ്ധമായ സരസസ്വഭാവം പുറത്തെടുത്തു. സർജ്ജനോട് അദേദഹം ചോദിച്ചു," നിങ്ങൾ റിപ്പബ്ലിക്കൻ ആണല്ലോ അല്ലേ..?" രണ്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം റീഗൻ ആരോഗ്യം വീണ്ടെടുത്തതായി പ്രഖ്യാപിച്ചു. അടുത്ത ദിവസം തന്റെ ആശുപത്രിക്കിടക്കയിൽ വെച്ച് അദ്ദേഹം ഒരു ബില്ലിൽ ഒപ്പിടുക വരെ ചെയ്തു. 

എന്നാൽ, അന്നത്തെ ആ ശസ്ത്രക്രിയക്ക് ശേഷം റീഗൻ വളരെ മാരകമായ ഒരു ശസ്ത്രക്രിയനാന്തര അണുബാധയുണ്ടായി. അതിനെപ്പറ്റി പുറംലോകം അപ്പോഴൊന്നും അറിഞ്ഞില്ല എന്ന് മാത്രം. ആ അണുബാധയാൽ അദ്ദേഹം മരണത്തിന്റെ മുനമ്പുവരെ നടന്നിട്ട് തിരികെ വന്നു. സ്റ്റോക്ക് മാർക്കറ്റ് ഇടിഞ്ഞാലോ, സോവിയറ്റ് യൂണിയൻ അതിന്റെ ഗുണഫലം അനുഭവിച്ചാലോ എന്നൊക്കെ കരുതി അന്നത്തെ സെനറ്റർമാർ ആ രോഗവിവരം പരമ രഹസ്യമാക്കി പൂഴ്ത്തിവെച്ചു. എന്നാൽ, ആ ദുർഘട സന്ധിയെയും റീഗൻ അതിജീവിച്ചു എന്നുമാത്രമല്ല, പിന്നീട് അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും നിപുണനായ പ്രസിഡന്റുമാരിലൊരാളായി അദ്ദേഹം അറിയപ്പെടുകയുമുണ്ടായി. 

മുപ്പത്തൊമ്പതു വർഷങ്ങൾക്ക് മുമ്പ് റൊണാൾഡ്‌ റീഗന്റെയും അമേരിക്കയുടെയും ജീവിതത്തിൽ ഉണ്ടായ ഈ ദുരനുഭവത്തിൽ നിന്ന്, ഇന്ന് അമേരിക്ക വന്നുനിൽക്കുന്ന ദശാസന്ധിയിലേക്ക് എടുത്തുപയോഗിക്കാൻ പറ്റിയ രണ്ടു വലിയ പാഠങ്ങളുണ്ട്. അന്ന് ശസ്ത്രക്രിയക്ക് ശേഷം അണുബാധയുണ്ടായതിൽ നിന്ന് റീഗൻ പഠിച്ച ഒരു പാഠം, ജനക്കൂട്ടങ്ങളുമായി ഇടപെട്ട ശേഷം, വിശേഷിച്ച് സ്വീകരണങ്ങളിൽ പങ്കെടുത്ത് നിരവധി പേരുമായി ഹസ്തദാനം നടത്തിയ ശേഷം റീഗനും നാൻസിയും തങ്ങളുടെ കൈകൾ സോപ്പിട്ടു കഴുകിയ ശേഷം മാത്രമേ ആ ഹാൾ വിട്ടു പോകുമായിരുന്നുള്ളു. ഹാൻഡ് സാനിറ്റൈസേഷൻ എന്ന ശീലമൊക്കെ വരുന്നതിന് എത്രയോ മുമ്പാണ് അതെന്നോർക്കണം. അവരുടെ ഡോക്ടർമാരിൽ നിന്ന് കിട്ടിയ ഉപദേശം തങ്ങളുടെ അല്പബുദ്ധികൊണ്ട് പരിഷ്കരിക്കാൻ നിൽക്കാതെ അതേപടി അനുസരിക്കാൻ അവർ തയ്യാറായി എന്നർത്ഥം. 

 

 

രണ്ടാമത്തെ കാര്യം, രാജ്യത്തിൻറെ ഭാവിയെ ബാധിക്കുന്ന ഏതൊരു കാര്യത്തിലും സ്വന്തം ജനപ്രീതിക്ക് മുൻഗണന നൽകാതെ ജനഹിതം നോക്കി പ്രവർത്തിക്കാൻ പ്രസിഡന്റ് റീഗൻ തയ്യാറായിരുന്നു. രാജ്യത്തിന് എന്താണ് ഏറ്റവും മികച്ചതാകുക എന്ന ഒരൊറ്റ കരുതൽ മാത്രമേ എന്ത് തീരുമാനം എടുക്കുമ്പോഴും റീഗന് ഉണ്ടായിരുന്നുള്ളൂ. 

എന്നാൽ, ഇവിടെ കൊറോണാവൈറസുമായുള്ള ഗുസ്തിപിടുത്തത്തിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പിന്തുടരുന്നത് റീഗന്റെ അതേ നയമാണോ എന്ന കാര്യത്തിൽ സംശയങ്ങൾക്ക് ഇടയുണ്ട്. അദ്ദേഹം രാജ്യത്തെ ആരോഗ്യ വിദഗ്ധർ പറയുന്നതിനെ അപ്പടി നടപ്പിലാക്കുകയാണോ? അതോ 2020 പ്രസിഡന്റിൽ തെരഞ്ഞെടുപ്പിൽ തന്റെ സാധ്യതകളെ അതെങ്ങനെ ബാധിക്കും എന്നുകൂടി ആലോചിച്ചുകൊണ്ടാണോ തീരുമാനം എടുക്കുന്നത്? 

പല തീരുമാനങ്ങളും എടുക്കുമ്പോൾ ട്രംപിനെ രണ്ടാമതൊന്നു കൂടി ചിന്തിപ്പിക്കുന്ന ഒരു കാരണമുണ്ട്. അതായത്, കൊറോണക്കാലത്തെ പല കടുത്ത തീരുമാനങ്ങളും രാജ്യത്തെ സാമ്പത്തികാവസ്ഥയ്ക്ക് ക്ഷീണം പകരുന്നതാകും. തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിക്ക്, വിശേഷിച്ച് നിലവിൽ പ്രസിഡന്റായിരിക്കുന്ന ട്രംപിന്, രാജ്യത്തെ സാമ്പത്തികാവസ്ഥ നന്നായിരിക്കുക എന്നത് അത്യാവശ്യമാണ്. അതുകൊണ്ട് പലപ്പോഴും ട്രംപിനുള്ള സംശയം ഡോക്ടർമാർ നിർദേശിക്കുന്ന പല നിയന്ത്രണങ്ങളും രാജ്യത്തിൻറെ സാമ്പത്തികാവസ്ഥയെ മോശമായി ബാധിക്കില്ലേ, അതുവഴി തന്റെ പ്രസിഡന്റ് സാധ്യതകളെയും അത് ബാധിക്കില്ലേ എന്നതാണ്. ട്രംപിന് അങ്ങനെ ഒരു ചിന്തയുണ്ടാകുന്നത് അദ്ദേഹത്തിന് ഒരു പക്ഷെ ഗുണം ചെയ്‌തേക്കും എങ്കിലും ആ പരിഗണന ആരോഗ്യകാലത്ത് അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ട്രംപ് അമേരിക്കൻ ജനതയുടെ ആരോഗ്യത്തിന് വിപരീതമായ ഫലമേ ചെയ്യാനിടയുള്ളൂ. 

മേൽപ്പറഞ്ഞ പരിഗണന മനസ്സിൽ കിടക്കുന്നതുകൊണ്ട് ട്രംപ് പലപ്പോഴും കൊവിഡ് 19 -ന്റെ കാര്യത്തിൽ പറയുന്ന കാര്യങ്ങൾ പൂർണമായും സുതാര്യമല്ല, സത്യവുമല്ല. ഈ രോഗം നാളെ ചെന്നെത്താവുന്ന അപകടകരമായ അവസ്ഥകളെപ്പറ്റി ചോദിക്കുമ്പോൾ പലപ്പോഴും വളരെ ഉദാസീനമായ മറുപടികളാണ് ട്രംപ് നൽകുന്നത്. തുടക്കം മുതൽ ഒരു കുഴപ്പവുമില്ല, എല്ലാം നിയന്ത്രണത്തിലാണ് എന്നുതന്നെ പറഞ്ഞുകൊണ്ടിരുന്ന ട്രംപ് ഏറെ വൈകിയാണ് അമേരിക്കയിൽ കൊറോണ വളരെ മോശം അവസ്ഥയിലാണ്, ന്യൂയോക്ക് കൈവിട്ടുപോയ അവസ്ഥയിലാണ് എന്നൊക്കെ സമ്മതിക്കുന്നത്. അതുവരെ ചൈനയെ കുറ്റം പറയുന്നത് തിരക്കിലായിരുന്നു അദ്ദേഹം. വ്യാപാരനീക്കങ്ങൾക്ക് മുൻഗണന കൊടുത്ത ട്രംപ് സമയാസമയത്ത് രാജ്യത്തെ പല വിമാനത്താവളങ്ങളും അടച്ചിരുന്നെങ്കിൽ ഇന്നുകാണുന്നത്ര സംക്രമണങ്ങൾ രാജ്യത്ത് നടക്കില്ലായിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളിൽ ആരോഗ്യരംഗത്തെ വിദഗ്ദ്ധരായ ഡോക്ടർമാരിൽ നിന്ന് കൃത്യമായ ഉപദേശങ്ങൾ ട്രംപിന് കിട്ടിയിരുന്നു എങ്കിലും അതൊന്നും അദ്ദേഹം ചെവിക്കൊണ്ടിരുന്നില്ല എന്നതാണ് വാസ്തവം. 

 

അമേരിക്കയിലെ വിപണിയുടെ ആരോഗ്യം നിലനിർത്താൻ വേണ്ടി ട്രംപ് വളരെയധികം ഉത്സാഹിക്കുന്നുണ്ട്. എന്നാൽ അതേ ഉത്സാഹം അദ്ദേഹത്തിൽ നിന്ന് ജനങ്ങളുടെ ആരോഗ്യം നിലനിർത്തുന്നകാര്യത്തിൽ കണ്ടിരുന്നെങ്കിൽ എന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും രോഗബാധിതരായി ആശുപത്രികളിൽ കിടന്നാൽ, പിന്നെ ആരോഗ്യമുള്ള വിപണിയുണ്ടായിട്ട് സാമ്പത്തികരംഗത്തിന് വിശേഷമൊന്നും ഉണ്ടാവില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 

തന്റെ നെഞ്ചിൻകൂട് തകർത്ത് ശ്വാസകോശം തുളച്ച് ഹൃദയത്തിന്റെ തൊട്ടടുത്ത് വരെ എത്തിയ വെടിയുണ്ടയിൽ നിന്ന് റൊണാൾഡ് റീഗൻ ജീവിതത്തിലേക്ക് തിരിച്ചു നടന്നുകയറിയത്, തന്റെ വിദഗ്ധരായ ഡോക്ടർമാരുടെ ഉപദേശങ്ങൾ അതുപോലെ തന്നെ അനുസരിച്ചും പിന്തുടർന്നുമാണ്. രോഗബാധിതമായ ഒരു രാജ്യത്തെ ബിസിനസ് പുനഃസ്ഥാപിക്കുന്നതിനു മുമ്പ്, രാജ്യത്തെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനു മുമ്പ്, കോളേജുകളും സ്‌കൂളുകളുമൊക്കെ തുറക്കും മുമ്പ് ട്രംപ് തന്റെ ആരോഗ്യവകുപ്പിലെ വിദഗ്ധരായ ഡോക്ടർമാരെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്, അവർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കേണ്ടതുണ്ട് എന്ന് പ്രസിദ്ധ എഴുത്തുകാരനും വൈറ്റ് ഹൗസുമായി അടുത്തു പ്രവർത്തിച്ചു പരിചയമുള്ള ഉദ്യോഗസ്ഥനുമായ മാർക് വെയ്ൻബെർഗ് തന്റെ ലേഖനത്തിൽ പറയുന്നു. 

click me!