
78 -കാരനായ ഡേവിഡ് ഗ്ലാഷിൻ (David Glasheen) ഒരു കോടീശ്വരനായ സ്റ്റോക്ക് ബ്രോക്കറായിരുന്നു. എന്നാൽ, അദ്ദേഹം ആ ജീവിതം ഉപേക്ഷിച്ച് 1997 മുതൽ നോർത്ത് ക്വീൻസ്‌ലാന്റിന്റെ തീരത്ത് കേപ് യോർക്ക് പെനിൻസുലയിലെ റെസ്റ്റോറേഷൻ ഐലൻഡിൽ തനിയെ ജീവിക്കുകയാണ്. തനിയെ എന്നു പറഞ്ഞാൽ ശരിക്കും തനിയെ. അവിടുത്തെ ഏകതാമസക്കാരനായി... തന്റെ പ്രിയപ്പെട്ട ഡിങ്കോകൾക്കും, മിറാൻഡ, ഫിലിസ് എന്നു പേരുള്ള രണ്ട് പെൺ മാനിക്വീനുകൾക്കുമൊപ്പമാണ് അദ്ദേഹം ജീവിക്കുന്നത്.
എന്നാലിപ്പോൾ പ്രായമായതോടെയും ആരോഗ്യകാര്യങ്ങളിൽ ചില ആശങ്കകൾ ഉടലെടുക്കുകയും ചെയ്തതോടെ അദ്ദേഹം ഒന്ന് മാറിച്ചിന്തിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടുപോയാൽ തനിക്ക് സഹായം നൽകാൻ രണ്ട് പേർ തന്നോടൊപ്പം ദ്വീപിൽ താമസിക്കാനെത്തിയെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. "എനിക്ക് ഇപ്പോൾ 18 വയസല്ല. ഈ പ്രായം ഒരൽപം കഠിനമാണ്. ഞാൻ ഒരു ദിവസം ബോധംകെട്ടു വീണു, തുടർന്ന് വീണ് എന്റെ ഇടുപ്പ് ഒടിഞ്ഞു. ഇവിടെ നിങ്ങൾക്ക് പകുതി സമയവും ആവശ്യമുള്ളപ്പോൾ ഫോണുകൾ പ്രവർത്തിക്കില്ല. അതിനാൽ എനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സുരക്ഷ കൂടുതൽ ആളുകളാണ്. 80 വയസ്സാകുമ്പോൾ നമ്മൾ വീണ് തുടങ്ങും. അതാണ് ഇപ്പോൾ എനിക്ക് സംഭവിക്കുന്നത്" ഡേവിഡ് പറയുന്നു.
1987 -ലെ ‘ബ്ലാക്ക് ട്യൂസ്ഡേ’ പ്രതിസന്ധിയിൽ ആ മനുഷ്യന് തന്റെ എല്ലാ സമ്പത്തും നഷ്ടപ്പെട്ടു. നാല് വർഷത്തിന് ശേഷം ഭാര്യയെ വിവാഹമോചനം ചെയ്തു. 1997 -ൽ പുതിയ ജീവിതം തുടങ്ങി. എന്നാൽ, ഇപ്പോൾ തനിക്ക് രണ്ട് സഹായികളെ വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അവർക്ക് ശമ്പളം നൽകാനുള്ള സ്ഥിതിയൊന്നും അദ്ദേഹത്തിനില്ല. എന്നാൽ, ദ്വീപിൽ എന്തെങ്കിലും ചെറിയ ജോലി ചെയ്യാനാവുന്ന മധ്യവയസ്കരായ ദമ്പതികളെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഒരിക്കലും ആ ദ്വീപ് വിട്ടുപോകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഒറ്റപ്പെട്ട് കഴിയുന്നതിൽ അദ്ദേഹം സന്തോഷിക്കുന്നു. കൊവിഡ് 19 വന്നത് പോലും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഡേവിഡ് ആദ്യമായി സ്ഥലം മാറിയെത്തിയപ്പോൾ, കൂടെയുണ്ടായിരുന്നത് മൂന്ന് ഷർട്ടുകൾ, രണ്ട് ജോഡി ഷോർട്ട്സ്, ഒരു ടോർച്ച്, ഒരു പാത്രം മുളകുപൊടി, പുസ്തകങ്ങൾ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് എന്നിവ മാത്രമാണ്. ഇപ്പോൾ അദ്ദേഹത്തിന് സോളാർ ഇന്റർനെറ്റും ധാരാളം പുസ്തകങ്ങളും രണ്ട് മാനിക്വിനുകളും ഉണ്ട്.
കുടിക്കാൻ മഴവെള്ളം ശേഖരിക്കുകയാണ് ചെയ്യുന്നത്. അതുപോലെ തനിക്ക് ആവശ്യമായ എല്ലാ പ്രോട്ടീനുകളും സമുദ്രത്തിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. മീൻപിടിക്കാനുള്ള ചൂണ്ടയടക്കമുള്ളവയും ഒരു കത്തിയും തീ കത്തിക്കാനുള്ള സംവിധാനങ്ങളും കൂടി അദ്ദേഹത്തിന്റെ അവശ്യസാധനങ്ങളിൽ പെടുന്നു. തേങ്ങയും പഴങ്ങളും സമുദ്രത്തിൽ നിന്നുള്ള മീനുകളും ഒക്കെയാണ് അദ്ദേഹത്തിന്റെ ഭക്ഷണം.
ഏതായാലും പ്രായമായതോടെ രണ്ട് പേർ വരുമെന്നും പ്രതീക്ഷിച്ച് കാത്തിരിക്കയാണ് അദ്ദേഹം.