1.8 ലക്ഷം രൂപ സ്കോളർഷിപ്പ്, 60 ശതമാനവും വാടകയ്ക്ക്! യുകെ പഠനത്തിലെ സ്വപ്നവും യാഥാര്‍ത്ഥ്യവും, റിയൽ വാഴ 2 റഫറൻസ്

Published : Apr 16, 2026, 08:25 PM IST
phd

Synopsis

ബ്രിട്ടനിലെ പഠനകാലം പലർക്കും ഒരു സ്വപ്നമാണെങ്കിലും അവിടുത്തെ ജീവിതച്ചെലവ് അത്ര എളുപ്പമല്ലെന്ന് തുറന്നുപറയുകയാണ് മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥിനിയായ അനുഷ്ക ദിവാകർ. തന്റെ സ്കോളർഷിപ്പ് തുകയുടെ പകുതിയിലധികവും വാടകയിനത്തിൽ മാത്രം ചിലവാകുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ  സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

യുകെയിൽ ജോലിയും പഠനവും എല്ലാം സ്വപ്നം കാണുന്നവരാണ് ഭൂരിഭാഗം വരുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളും. എന്നാൽ, യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ എടുത്തുചാടി യുകെയിലെത്തി ദുരിതം അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരം സംഭവങ്ങൾ നിരന്തരം പുറത്തുവരികയും ചെയ്യുന്നുണ്ട്. തിയേറ്ററുകളിൽ ഇന്നും ആഘോഷിക്കുന്ന ചിത്രം വാഴ 2വിലും സമാനമായ ഒരു റഫറൻസ് കാണാം. യുവാക്കളുടെ സമകാലികമായ താൽപര്യങ്ങളാണ് ഇതിൽ കൂടുതലും കാണുന്നത്. അത്തരത്തിൽ യുകെയിൽ വിദേശപഠനം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു കണ്ണ് തുറപ്പിക്കലാവുകയാണ് അനുഷ്ക ദിവാകർ പങ്കുവെച്ച പുതിയ വീഡിയോ. മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ ഒന്നാം വർഷ പിഎച്ച്ഡി വിദ്യാർത്ഥിനിയായ അനുഷ്ക, തന്റെ പ്രതിമാസ ചിലവുകളുടെ കണക്കുകൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. ഉയർന്ന തുക സ്കോളർഷിപ്പായി ലഭിക്കുന്നുണ്ടെങ്കിലും യുകെയിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം പിടിച്ചുനിൽക്കാൻ വലിയ സാമ്പത്തിക അച്ചടക്കം ആവശ്യമാണെന്ന് അനുഷ്ക പറയുന്നു.

വാടകയിനത്തിൽ പോകുന്നത് ലക്ഷങ്ങൾ

അനുഷ്കയ്ക്ക് മാസം ലഭിക്കുന്ന സ്കോളർഷിപ്പ് തുക ഏകദേശം 1,800 പൗണ്ട്, 1.8 ലക്ഷം ഇന്ത്യൻ രൂപയാണ്. നികുതി രഹിതമായ ഈ തുക വലിയൊരു സംഖ്യയാണെന്ന് തോന്നാമെങ്കിലും ഇതിന്റെ പകുതി ഭാഗവും പോകുന്നത് താമസസൗകര്യത്തിനാണ്. സർവ്വകലാശാലയുടെ കീഴിലുള്ള സ്റ്റുഡിയോ അക്കൗമഡേഷനായി മാത്രം 1,100 പൗണ്ടാണ് ഏകദേശം 1.1 ലക്ഷം രൂപയാണ് അനുഷ്ക നൽകുന്നത്. അതായത് ലഭിക്കുന്ന തുകയുടെ 60 ശതമാനവും വാടകയ്ക്കായി മാത്രം മാറ്റിവയ്ക്കേണ്ടി വരുന്നു. വാടക കഴിച്ചാൽ ബാക്കിയുള്ള 700 പൗണ്ട് കൊണ്ടാണ് ഭക്ഷണവും മറ്റ് ചിലവുകളും കണ്ടെത്തേണ്ടത്.

ബജറ്റ് ഒപ്പിക്കാൻ പെടാപ്പാട്

ബാക്കി വരുന്ന തുക വളരെ കൃത്യമായ പ്ലാനിംഗിലൂടെയാണ് അനുഷ്ക ചിലവഴിക്കുന്നത്. പലചരക്ക് സാധനങ്ങൾക്കായി മാസം 100 പൗണ്ട് മാറ്റിവയ്ക്കുന്നു. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി 50 പൗണ്ടും, അത്യാവശ്യം ഷോപ്പിംഗിനായി മറ്റൊരു 50 പൗണ്ടും മാറ്റി വെക്കും. 2025 ഒക്ടോബറിലാണ് താൻ മാഞ്ചസ്റ്ററിലേക്ക് മാറിയതെന്നും യുകെയിലെ പിഎച്ച്ഡി ജീവിതത്തിന്റെ യഥാർത്ഥ ചിത്രം വരാനിരിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഈ വീഡിയോ ചെയ്തതെന്നും അനുഷ്ക വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ചർച്ചയായി 'യുകെ ജീവിതം'

വീഡിയോ പുറത്തുവന്നതോടെ വലിയ ചർച്ചകളാണ് ഇന്റർനെറ്റിൽ നടക്കുന്നത്. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വാടകയിനത്തിൽ ഇത്രയും ഉയർന്ന തുക നൽകേണ്ടി വരുന്നത് ആശങ്കാജനകമാണെന്ന് പലരും അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റർ പോലുള്ള നഗരങ്ങളിലെ താമസസൗകര്യങ്ങളുടെ നിരക്ക് ഇത്രയധികം കൂടുമെന്ന് കരുതിയില്ലെന്ന് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിൽ പലരും പറയുന്നു. അതേസമയം, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് ഇത്തരം സത്യസന്ധമായ വിവരങ്ങൾ വലിയ സഹായമാണെന്നും പലരും കുറിച്ചു. ഉയർന്ന സ്കോളർഷിപ്പ് ലഭിച്ചാൽ മാത്രം വിദേശത്ത് സുഖമായി ജീവിക്കാമെന്ന് കരുതുന്നവർക്ക് മുന്നിൽ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ തുറന്നുകാട്ടുകയാണ് അനുഷ്കയുടെ ഈ അനുഭവം.

PREV
Read more Articles on
click me!

Recommended Stories

ആ ചിരിക്ക് പിന്നിൽ കരയാൻ ഒരായിരം കാരണങ്ങളുണ്ട്, പക്ഷേ അവൾ തോൽക്കാൻ തയ്യാറല്ല! ഇന്റർനെറ്റിന്റെ കണ്ണ് നിറയിച്ച് ഒരു കൊച്ചു പെൺകുട്ടി
ചെറിയ ബോക്‌സുകളില്‍ ഉറുമ്പു കള്ളക്കടത്ത്, 2200 ഉറുമ്പുകളുമായി ചൈനീസ് പൗരന്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍