മരിച്ചവരുടെ മുൻകൂട്ടിയുള്ള സമ്മതമില്ലെന്ന വിചിത്ര കാരണം ചൂണ്ടിക്കാട്ടി സ്കോട്ട്‌ലൻഡിലെ മ്യൂസിയം ഈജിപ്ഷ്യൻ മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരിച്ചവരിൽ നിന്ന് എങ്ങനെ സമ്മതം വാങ്ങുമെന്ന ചോദ്യവുമായി ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

മരിച്ച വ്യക്തികളുടെ 'മുൻകൂട്ടിയുള്ള വിവരമറിഞ്ഞുള്ള സമ്മതം' ലഭിച്ചിട്ടില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി നൂറ്റാണ്ടുകൾ പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മികളെ പൊതുപ്രദർശനത്തിൽ നിന്ന് പിൻവലിച്ച് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലുള്ള കെൽവിൻഗ്രോവ് ആർട്ട് ഗാലറി ആൻഡ് മ്യൂസിയം. എന്നാൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരിച്ചവരിൽ നിന്ന് ആര്, എങ്ങനെ സമ്മതം തേടുമെന്ന് ചോദിച്ച് ഈ തീരുമാനത്തിനെതിരെ വ്യാപകമായ വിമർശനവും പ്രതിഷേധവും ഉയരുകയാണ്.

മ്യൂസിയം അധികൃതരുടെ പുതിയ നയപരമായ തീരുമാനത്തിന്‍റെ ഭാഗമായാണ് മമ്മിയാക്കിയ തല, പാദം, കൈകൾ തുടങ്ങിയ ശരീരഭാഗങ്ങൾ മാറ്റിയത്. വ്യക്തികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ആധുനിക ധാർമ്മിക മാനദണ്ഡങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് മ്യൂസിയത്തിന്‍റെ വിശദീകരണം.

സംഭവം പുറത്തറിയുന്നത് ഇങ്ങനെ

മകളെ, മമ്മി കാണിക്കാനായി മ്യൂസിയത്തിലെത്തിയ ഒരു പിതാവിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. മമ്മികൾ പ്രദർശിപ്പിച്ചിരുന്ന സ്ഥാനത്ത്, "മരിച്ചവരോടുള്ള ആദരസൂചകമായി ഞങ്ങൾ ഈ പ്രദർശനത്തിൽ നിന്ന് മനുഷ്യരുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരിക്കുന്നു" എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll to load tweet…

ഈ തീരുമാനം ആധുനിക മ്യൂസിയം പ്രവർത്തന രീതികളെയും ധാർമ്മിക മാനദണ്ഡങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മ്യൂസിയത്തിന്‍റെ ചുമതലയുള്ള സന്നദ്ധ സംഘടനയായ 'ഗ്ലാസ്‌ഗോ ലൈഫ്' പ്രതികരിച്ചത്. മരിച്ച വ്യക്തിയുടെയോ അവരുടെ പിൻഗാമികളുടെയോ രേഖാമൂലമുള്ള സമ്മതമില്ലെങ്കിൽ ഇത്തരം അവശിഷ്ടങ്ങൾ ഒഴിവാക്കുന്നതാണ് മരിച്ചവരോട് കാണിക്കുന്ന ആദരവെന്നും അവർ കൂട്ടിച്ചേർത്തു.

കനക്കുന്ന പ്രതിഷേധം

മ്യൂസിയത്തിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നുവരുന്നത്. ജനശ്രദ്ധ ആകർഷിക്കാനുള്ള വെറും ശ്രമമാണ് ഇതെന്നാണ് യുകെ മുൻ പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ക്രിസ് മക്ഗവേൺ പ്രതികരിച്ചത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടവരിൽ നിന്ന് അനുമതി തേടുകയെന്നത് അസാധ്യമാണെന്നും, മ്യൂസിയം കാണാനെത്തുന്ന കുട്ടികളടക്കമുള്ള സന്ദർശകരെ ചരിത്രത്തിൽ നിന്ന് അകറ്റി നിർത്തി വഞ്ചിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ചരിത്രത്തെക്കുറിച്ച് പഠിക്കാനാണ് ആളുകൾ മ്യൂസിയങ്ങളിൽ വരുന്നതെന്നും അല്ലാതെ രാഷ്ട്രീയം നോക്കി ചരിത്രം ഒളിച്ചുവെക്കാനല്ലെന്നും സ്കോട്ടിഷ് കൺസർവേറ്റീവ് നേതാവ് മുർദോ ഫ്രേസർ പറഞ്ഞു.

നെഖ്ത് എന്ന പുരോഹിതന്‍റെ അസ്ഥികൂടമടങ്ങിയ ശവപ്പെട്ടിയും രാജാക്കന്മാരുടെ താഴ്‌വരയിൽ (Valley of the Kings) നിന്ന് കണ്ടെടുത്ത മമ്മിയാക്കിയ വലതുകൈ, തല, പാദം എന്നിവയുമാണ് കെൽവിൻഗ്രോവ് ആർട്ട് ഗാലറി ആൻഡ് മ്യൂസിയം തങ്ങളുടെ പൊതുപ്രദർശനത്തിൽ നിന്ന് നീക്കം ചെയ്തിട്ടുള്ളത്. അതേസമയം ഈജിപ്ഷ്യൻ മമ്മികളെ മറ്റൊരു രാജ്യത്തിന്‍റെ 'മ്യൂസിയം പീസ്' ആക്കുന്നതിന്‍റെ ധാർമ്മികതയെ കുറിച്ചും മറ്റ് ചില‍ർ ചോദ്യങ്ങൾ ഉന്നയിക്കുന്നു.