അമേരിക്കൻ സ്റ്റാർട്ടപ്പായ 'മാരത്തൺ ഫ്യൂഷൻ' ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യയിലൂടെ മെർക്കുറിയെ സ്വർണ്ണമാക്കി മാറ്റിയെന്ന് അവകാശപ്പെടുന്നു. കാൻസർ ചികിത്സയ്ക്ക് ആവശ്യമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകളും ഇവർ നിർമ്മിച്ചതായി പറയുന്നു. എന്നാൽ ഈ കമ്പ്യൂട്ടർ സിമുലേഷൻ ഫലങ്ങൾക്ക് ശാസ്ത്രീയ സ്ഥിരീകരണം ആവശ്യമാണ്.
ശാസ്ത്രലോകത്തെയും വാണിജ്യ മേഖലയെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട്, മെർക്കുറിയെ യഥാർത്ഥവും സ്ഥിരതയുള്ളതുമായ സ്വർണ്ണമാക്കി (Gold-197) മാറ്റിയെന്ന വലിയ അവകാശവാദവുമായി അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനിയായ 'മാരത്തൺ ഫ്യൂഷൻ' രംഗത്ത്. യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് കൈവരിച്ച റെക്കോർഡിനേക്കാൾ 10 മടങ്ങ് വേഗത്തിൽ ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങൾ സ്വർണ്ണം ഉത്പാദിപ്പിച്ചുവെന്നാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി അവകാശപ്പെടുന്നത്. ഒക്ടോബർ 21 -ലെ സോഷ്യൽ മീഡിയ പോസ്റ്റിലായിരുന്നു കമ്പനിയുടെ ഈ അവകാശവാദം.
'ന്യൂക്ലിയർ ട്രാൻസ്മുട്ടേഷൻ'
ലോകത്തിലെ ഏറ്റവും വലിയ പാർട്ടിക്കിൾ ഫിസിക്സ് ലബോറട്ടറിയായ CERN, തങ്ങളുടെ ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) ഉപയോഗിച്ച് ഈയത്തെ (Lead) സ്വർണ്ണമാക്കി മാറ്റിയിരുന്നു. 2015 -നും 2018 -നും ഇടയിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ CERN ഏകദേശം 86 ബില്യൺ സ്വർണ്ണ ന്യൂക്ലിയസുകൾ (ഏകദേശം 29 പികോഗ്രാം സ്വർണ്ണം) ഉൽപ്പാദിപ്പിച്ചിരുന്നു. എന്നാൽ, ഇതിലും എത്രയോ ഉയർന്ന വേഗതയിൽ തങ്ങൾക്ക് സ്വർണ്ണം നിർമ്മിക്കാനായി എന്നാണ് മാരത്തൺ ഫ്യൂഷന്റെ അവകാശവാദം. പരമ്പരാഗത രസതന്ത്രത്തിലെ രാസപ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആറ്റത്തിന്റെ ന്യൂക്ലിയസിന് തന്നെ മാറ്റം വരുത്തുന്ന 'ന്യൂക്ലിയർ ട്രാൻസ്മുട്ടേഷൻ' (Nuclear Transmutation) എന്ന തത്വമാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കാൻസർ ചികിത്സാ ഐസോടോപ്പുകളും
സ്വർണ്ണ നിർമ്മാണത്തിന് പുറമെ, ഫ്യൂഷൻ ന്യൂട്രോണുകൾ ഉപയോഗിച്ച് സിങ്ക് (Zinc) വികിരണത്തിന് വിധേയമാക്കി കോപ്പർ -64, കോപ്പർ -67 എന്നീ റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ നിർമ്മിച്ചതായും കമ്പനി അവകാശപ്പെട്ടു. ക്യാൻസർ രോഗനിർണ്ണയത്തിനും റേഡിയേഷൻ ചികിത്സകൾക്കും അത്യാവശ്യമായ ഘടകങ്ങളാണിവ. അതേസമയം ഈ സ്ഥിതിവിവരക്കണക്കുകൾ കമ്പ്യൂട്ടർ സിമുലേഷനുകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ മാത്രമാണ്. അതുകൊണ്ടുതന്നെ, നിലവിലുള്ള പരീക്ഷണ ഫലങ്ങൾക്ക് സ്വതന്ത്രമായ ശാസ്ത്രീയ സ്ഥിരീകരണം ആവശ്യമാണെന്ന് ഗവേഷക ലോകം ചൂണ്ടിക്കാണിക്കുന്നു.


